/indian-express-malayalam/media/media_files/uploads/2019/01/muralee-amma.jpg)
തൃശ്ശൂര്‍: ശബരിമല അയ്യപ്പഭക്ത സംഗമത്തില്‍ അമൃതാനന്ദമയി പങ്കെടുത്തതിനെതിരെ കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. പാല്‍പ്പായസം കോളാമ്പിയിലൂടെ ഒഴുകുന്നത് പോലെയായിരുന്നു അമൃതാനന്ദമയിയുടെ പ്രസംഗം എന്നായിരുന്നു മുരളീധരന്റെ പ്രസ്താവന. തൃശ്ശൂരില്‍ നടത്തിയ പ്രസംഗത്തിലായിരുന്നു മുരളീധരന്റെ പ്രതികരണം.
'അമ്പലപ്പുഴ പാല്‍പ്പായസം നല്ല രുചിയുള്ളതാണ്. പ്രധാനപ്പെട്ട വഴിപാടുകളില്‍ ഏറ്റവും പ്രധാനപ്പെട്ടതുമാണ്. പക്ഷേ അത് കോളാമ്പിയിലൊഴിച്ചാല്‍ എങ്ങനെയിരിക്കും. അമൃതാനന്ദമയി അമ്മയുടെ വാചകങ്ങള്‍ അമ്പലപ്പുഴ പാല്‍പ്പായസം പോലെയാണ്. പക്ഷേ സംഘപരിവാര്‍ എന്ന കോളാമ്പിയില്‍ അത് ഒഴിച്ചപ്പോള്‍ ആ പറഞ്ഞതിന്റെ പ്രസക്തി പോയി എന്നേ ഞാന്‍ പറയുന്നുള്ളൂ' മുരളീധരന്‍ പറഞ്ഞു.
ശബരിമലയുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങള്‍ക്ക് കാരണം ആചാരങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മയാണെന്ന് അമൃതാനന്ദമയി പറഞ്ഞിരുന്നു. ശബരിമല ക്ഷേത്രത്തിലുണ്ടായ സംഭവങ്ങള്‍ ദൗര്‍ഭാഗ്യകരമാണെന്നും അമൃതാനന്ദമയി പറഞ്ഞു. ആചാരങ്ങളും അനുഷ്ഠാനങ്ങളും വേണ്ടവിധത്തില്‍ പാലിച്ചില്ലെങ്കില്‍ ക്ഷേത്ര അന്തരീക്ഷത്തെ ബാധിക്കുമെന്നും ക്ഷേത്രങ്ങള്‍ സംസ്‌കാരത്തിന്റെ തൂണുകളാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഓരോ ക്ഷേത്രത്തിനും അതിന്റേതായ പ്രതിഷ്ഠാ സങ്കല്‍പ്പങ്ങളുണ്ട്. അതിനെ അവഗണിക്കുന്നത് ശരിയല്ല. ക്ഷേത്രത്തിലെ ദേവതയും സര്‍വവ്യാപിയായ ഈശ്വരനും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കണം. സര്‍വവ്യാപിയായ ഈശ്വരന്റെ അനന്തമായ ശക്തിക്ക് സ്ത്രീപുരുഷ വ്യത്യാസമില്ല. എന്നാല്‍ ക്ഷേത്രത്തിന്റെ കാര്യത്തില്‍ ആ വ്യത്യാസമുണ്ടെന്നും അവർ പറഞ്ഞിരുന്നു.
കടലിലെ മത്സ്യവും അക്വേറിയത്തിലെ മത്സ്യവും തമ്മിലുള്ള വ്യത്യാസമാണത്. സമുദ്രത്തിലെ മത്സ്യത്തിന് ഒരു പരിചരണവും വേണ്ട. എന്നാല്‍ അക്വേറിയത്തിലെ മത്സ്യങ്ങള്‍ക്ക് ഇടയ്ക്ക് വെള്ളം മാറ്റിക്കൊടുക്കണം. നദിയില്‍ ആര്‍ക്കും എങ്ങിനെയും കുളിക്കാം. എന്നാല്‍ സ്വിമ്മിംഗ് പൂളില്‍ കുളിക്കുന്നതിന് നിയമങ്ങളേറെയുണ്ട്. അതിലിറങ്ങുന്നതിന് മുമ്പ് കുളിക്കണമെന്നും അവര്‍ പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.