കൊല്ലം: പ്രതിപക്ഷ നേതൃനിരയിലേക്ക് വരാൻ ഉമ്മൻ ചാണ്ടി യോഗ്യനാണെന്ന് കെ.മുരളീധരൻ. പ്രവർത്തകരുടെ വികാരം ഇതാണെന്നും മുരളീധരൻ പറഞ്ഞു. പ്രവർത്തകരുടെ വികാരം താൻ ഉൾകൊള്ളുന്നുവെന്നും അദ്ദേഹo കൊല്ലത്ത് പറഞ്ഞു. പ്രതിപക്ഷ നേതൃസ്ഥാനം സംബന്ധിച്ച് കഴിഞ്ഞ ദിവസം ആര്‍എസ്പി നേതാവ് എ.എ.അസീസ് നടത്തിയ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു മുരളീധരൻ.

പ്രതിപക്ഷത്തിന്റെ സമരങ്ങൾ കൂടുതൽ ശക്തിപ്പെടുത്തണമെന്ന് പല കോണുകളിൽ ആവശ്യം ഉയരുന്നുണ്ടെന്നും മുരളീധരൻ പറഞ്ഞു. ഉമ്മൻചാണ്ടി ആഗ്രഹിക്കുന്ന ഏത് സ്ഥാനവും നൽകാൻ പാർട്ടി തയ്യാറാണെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.


കടപ്പാട്: മീഡിയാ വൺ

പ്രതിപക്ഷ നേതാവാകാൻ രമേശ് ചെന്നിത്തലയെക്കാളും നല്ലത് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണെന്നായിരുന്നു ആർഎസ്പി സംസ്ഥാന സെക്രട്ടറി എ.എ.അസീസിന്റെ പ്രസ്താവന. ഉമ്മൻ ചാണ്ടി പ്രതിപക്ഷ നേതാവാകണമെന്നാണ് ആർഎസ്പി നേരത്തേ പറഞ്ഞിരുന്നതെന്നും വാർത്താസമ്മേളനത്തിൽ അസീസ് പറഞ്ഞു.

ഉമ്മൻചാണ്ടിയെ പോലെ രാപ്പകലില്ലാതെ ഓടി നടന്ന് പ്രവർത്തിക്കാനുള്ള മിടുക്ക് രമേശ് ചെന്നിത്തലയ്ക്കില്ല. ഉമ്മൻചാണ്ടിക്ക് കിട്ടുന്ന പരിഗണനയോ ജനകീയ പിന്തുണയോ രമേശിന് ലഭിക്കില്ല. ഇക്കാര്യത്തിൽ ഘടകകക്ഷികൾക്കിടയിൽ മാത്രമല്ല,​ കോൺഗ്രസിൽ തന്നെ ഭൂരിപക്ഷാഭിപ്രായം ഉണ്ടെന്നും അസീസ് പറഞ്ഞു.

എന്നാൽ പ്രസ്താവന വിവാദമായതോടെ അസീസ് വിശദീകരണവുമായി രംഗത്ത് വന്നിരുന്നു. താൻ പറയാത്ത കാര്യങ്ങളാണ് ഇപ്പോൾ പ്രചരിക്കുന്നതെന്നും രമേശ് ചെന്നിത്തല ഓടിനടക്കുന്ന ആളല്ലെന്ന് പറഞ്ഞിട്ടില്ലെന്നും അസീസ് പിന്നീട് വിശദീകരിച്ചു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ