തൃശൂർ: കേരളത്തിലെ സി.പി.എമ്മിന്റെ അടിയന്തിരം നടത്തിക്കഴിഞ്ഞിട്ടേ പിണറായി വിജയൻ മുഖ്യമന്ത്രി സ്​ഥാനം ഒഴിയൂവെന്ന് നിയുക്ത വടകര എം.പി കെ. മുരളീധരൻ. ലോക്സഭ തെരഞ്ഞെടുപ്പിൽ കേരളത്തിലെ യുഡിഎഫ് വിജയത്തിന് പിണറായി വിജയനും പങ്കുണ്ടെന്ന് കെ. മുരളീധരൻ പറഞ്ഞു. അവസാനത്തെ സിപിഎം മുഖ്യമന്ത്രിയാകാനാണ് പിണറായി വിജയൻ ശ്രമിക്കുന്നത്. സിപിഎം ആകെ അവശേഷിക്കുന്നത് കേരളത്തിലാണ്. ഇവിടെയും കൂടി പാർട്ടിയുടെ അടിയന്തരം കഴിച്ചതിന് ശേഷമേ പിണറായി പോകുകയുള്ളൂവെന്നും മുരളീധരൻ പരിഹസിച്ചു.

‘പൊതു തെരഞ്ഞെടുപ്പിലെ യു.ഡി.എഫിന്റെ എല്ലാ സ്​ഥാനാർഥികളുടേയും വിജയത്തിന് പിണറായി വിജയ​​ന്റെ കനത്ത സംഭാവനയുണ്ട്. ആലപ്പുഴയിൽ അദ്ദേഹം രണ്ട് വട്ടം കൂടി പര്യടനം നടത്തിയിരുന്നുവെങ്കിൽ അവിടേയും യു.ഡി.എഫ് സ്​ഥാനാർഥി വിജയിക്കുമായിരുന്നുവെന്നും മുരളീധരൻ പറഞ്ഞു.

Read More: ശൈലിയൊന്നും മാറ്റില്ല, ഇവിടെ വരെ എത്തിയത് ഈ ശൈലി കൊണ്ടാണ്: പിണറായി വിജയന്‍

‘കേന്ദ്ര സർക്കാരിനും കേരള സർക്കാരിനുമെതിരായ ജനവികാരമാണ് തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത്. ശബരിമല വിഷയത്തിലെ ജനവികാരവും സംസ്ഥാന സർക്കാരിനെതിരെ ഉണ്ടായി. തെരഞ്ഞെടുപ്പിലെ തോൽവിയുടെ അടിസ്ഥാനത്തിൽ പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുകയാണ് വേണ്ടത്. 2004ൽ കോൺഗ്രസിന് ഒരു സീറ്റും കിട്ടാതെ വന്നപ്പോൾ അന്ന് മുഖ്യമന്ത്രിയായിരുന്ന എ.കെ. ആൻറണി സ്​ഥാനമൊഴിഞ്ഞു. അതൊരു ജനാധിപത്യ മാതൃകയാണ്. ഇത്തരം മാതൃകകൾ അദ്ദേഹത്തിന് പരിചയമില്ലാത്തതിനാൽ കൂടുതൽ അതേക്കുറിച്ച് പറയാനില്ലെന്നും മുരളീധരൻ പ്രതികരിച്ചു. പാർലമെന്‍റ് തെരഞ്ഞെടുപ്പിലെ വികാരം ഭാവിയിൽ നിലനിർത്തണമെങ്കിൽ കോൺഗ്രസിന് സംഘടനാപരമായ കെട്ടുറപ്പ് ആവശ്യമാണെന്നും മുരളീധരന്‍ ചൂണ്ടിക്കാട്ടി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.