തിരുവനന്തപുരം: കേരളത്തിൽ ഒരിക്കലും കോൺഗ്രസ് തകരാൻ പോകുന്നില്ലെന്ന് കെ.മുരളീധരൻ. 10 വർഷം പ്രതിപക്ഷത്ത് ഇരുന്നാൽ തകരുന്ന പാർട്ടിയല്ല കോൺഗ്രസ്. കോൺഗ്രസിന് ഒന്നും സംഭവിക്കില്ല. ഇതിലും വലിയ പരീക്ഷണം കോൺഗ്രസ് പല സംസ്ഥാനങ്ങളിലും നേരിട്ടിട്ടുണ്ട്. ഇതിലും വലിയ വീഴ്ചകളിൽനിന്ന് കോൺഗ്രസ് കരകയറിയിട്ടുണ്ട്. കേരളത്തിലെ പരാജയം അംഗീകരിക്കുന്നു. പക്ഷേ അതുകൊണ്ടൊന്നും കോൺഗ്രസ് തകരുമെന്ന് വിചാരിക്കേണ്ടെന്നും മുരളീധരൻ പറഞ്ഞു.
ലോട്ടറി അടിച്ചെന്നു കരുതി പിണറായി വിജയനോ ഇടതു മുന്നണിയോ അഹങ്കരിക്കരുത്. 35 വര്‍ഷം ഭരിച്ച ബംഗാളിൽ ഒരു എംഎല്‍എയെ പോലും വിജയിപ്പിക്കാന്‍ കഴിയാത്ത പാര്‍ട്ടിയാണ് കേരളത്തിലെ 99 സീറ്റിന്റെ ബലത്തില്‍ ഇനി ഞങ്ങള്‍ ഇന്ത്യ പിടിക്കാന്‍ പോകുകയാണെന്ന് പറയുന്നതെന്നും മുരളീധരൻ പരിഹസിച്ചു.
കേരളത്തിൽ ബിജെപി ഇല്ലാതാകണം എന്നല്ല മുഖ്യമന്ത്രി ആഗ്രഹിക്കുന്നത്. യുഡിഎഫിനെ തകര്‍ക്കാന്‍ ഒരു വടി എന്ന നിലയില്‍ ബിജെപിയെ കാണുന്നു. യുഡിഎഫ് ജയിച്ച മണ്ഡലങ്ങളിൽ ബിജെപി വോട്ട് കുറഞ്ഞത് അടക്കമുള്ള കാര്യങ്ങൾ മുഖ്യമന്ത്രി പറയുന്നു. ബിജെപി വോട്ട് കുറഞ്ഞ ഇടങ്ങളിൽ എൽഡിഎഫ് ആണ് ജയിച്ചതെന്ന് ഓര്‍ക്കണമെന്നും മുരളീധരൻ പറഞ്ഞു.
Read More: ക്യാപ്റ്റന്‍ പിണറായി വിജയന് തന്നെ; യുവമന്ത്രിസഭയ്ക്ക് സാധ്യത
തിരഞ്ഞെടുപ്പ് തോല്‍വിയില്‍ തിരക്കിട്ട് നേതൃമാറ്റത്തിന്റെ ആവശ്യം ഇല്ലെന്നും മുരളീധരൻ അഭിപ്രായപ്പെട്ടു. തിരിച്ചടിയില്‍ പരസ്പരം ആരോപണമുയര്‍ത്തുന്നത് പ്രവര്‍ത്തകരെ അപമാനിക്കുന്നതിന് തുല്യമാണ്. കോണ്‍ഗ്രസില്‍ തലമുറ മാറ്റം വേണം. പക്ഷേ, മുഴുവന്‍ പേരെയും മാറ്റിയാല്‍ ഉള്ളതുകൂടി പോകുമെന്നും മുരളീധരൻ ഓർമിപ്പിച്ചു.
നേമത്ത് ബിജെപി അക്കൗണ്ട് പൂട്ടിയത് കോൺഗ്രസാണ്. ബിജെപി വാർഡുകളിൽ കോൺഗ്രസ് മുന്നേറ്റമുണ്ടായി. മുന്നണികൾക്ക് നേമത്ത് വോട്ട് കുറഞ്ഞപ്പോൾ കോൺഗ്രസിന് വോട്ട് കൂടി. പാർട്ടിയുടെ ഉന്നത സ്ഥാനം എന്ന വെല്ലുവിളി ഏറ്റെടുക്കാൻ പാർട്ടിയിൽ നിരവധി പേരുണ്ടെന്നും നേമത്തെ വെല്ലുവിളി ഏറ്റെടുക്കാനാണ് ആളില്ലാത്തതെന്നും കെ.മുരളീധരൻ പറഞ്ഞു.
എൽഡിഎഫ് സ്ഥാനാർഥി വി.ശിവൻകുട്ടിയാണ് നേമത്ത് ജയിച്ചത്. ബിജെപി സ്ഥാനാർഥി കുമ്മനം രാജശേഖരൻ രണ്ടാം സ്ഥാനത്ത് എത്തിയപ്പോൾ കെ.മുരളീധരൻ മൂന്നാം സ്ഥാനത്തേക്ക് പിന്തളളപ്പെട്ടു.