/indian-express-malayalam/media/media_files/uploads/2021/08/k-muralidharan-on-kpcc-and-pv-anwar-issue-548848-FI.jpg)
കോഴിക്കോട്: പാര്‍ട്ടി പുനഃസംഘടനയില്‍ തന്റെ നിലപാട് വ്യക്തമാക്കി കോണ്‍ഗ്രസ് നേതാവും വടകര എംപിയുമായ കെ.മുരളീധരന്‍. പുനഃസംഘടന ഗ്രൂപ്പ് അടിസ്ഥാനത്തില്‍ ആകരുതെന്ന് മുരളീധരന്‍ എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറുമായുള്ള കൂടിക്കാഴ്ചയില്‍ പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
"പുനഃസംഘടന നീളാന്‍ പാടില്ല. ഞാന്‍ നിര്‍ദേശിക്കുന്നവരില്‍ പ്രവര്‍ത്തിക്കാത്തവരുണ്ടെങ്കില്‍ പരിഗണിക്കരുത്. ഭാരവാഹികളുടെ പട്ടിക രാഷ്ട്രീയകാര്യ സമിതിയില്‍ ചര്‍ച്ച ചെയ്യണം. വാളെടുത്തവരെല്ലാം വെളിച്ചപ്പാടാകാന്‍ തുടങ്ങിയാല്‍ കേരളത്തില്‍ പാര്‍ട്ടിയില്ലാതെയാകും," മുരളീധരന്‍ വ്യക്തമാക്കി.
വി.എം.സുധീരന്റെ രാജി സംബന്ധിച്ചും എംപി പ്രതികരിച്ചു. "പുനഃസംഘടനയില്‍ അതൃപ്തിയുണ്ടെങ്കില്‍ രാഷ്ട്രീയകാര്യ സമിതി വിളിക്കാന്‍ ആവശ്യപ്പെടാമായിരുന്നു. സുധീരന്‍ പാർട്ടിയുടെ ചട്ടക്കൂട് വിട്ട് പോകില്ലെന്നാണ് പ്രതീക്ഷ. അദ്ദേഹത്തെ ഞാന്‍ നേരിൽ കണ്ട് സംസാരിക്കും. പാര്‍ട്ടിയുടെ നന്മയ്ക്ക് മാത്രമേ അദ്ദേഹം പ്രവര്‍ത്തിക്കുകയുള്ളൂ," മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
പുനഃസംഘടനയുമായി ബന്ധപ്പെട്ട് താരിഖ് അന്‍വര്‍ മുതിര്‍ന്ന നേതാക്കളെയെല്ലാം കണ്ടേക്കുമെന്നാണ് സൂചന. മുല്ലപ്പള്ളി രാമചന്ദ്രന്‍, രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി തുടങ്ങിയവരെല്ലാം പുതിയ നേതൃത്വത്തിനോടുള്ള അതൃപ്തി പരസ്യമായി പ്രകടിപ്പിച്ചിരുന്നു. അതേസമയം, കെപിസിസി അധ്യക്ഷന്‍ കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനുമായും രാഹുല്‍ ഗാന്ധി ഇന്ന് ചര്‍ച്ച നടത്തും.
Also Read: രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തില്‍; സുധാകരനും സതീശനുമായി ചര്‍ച്ച
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.