കോഴിക്കോട്: സംസ്ഥാനത്ത് രോഗവ്യാപനത്തിനു കാരണം സർക്കാർ ആശുപത്രികളാണെന്ന പരോക്ഷ പരാമർശവുമായി കോൺഗ്രസ് നേതാവും ലോക്‌സഭാ എംപിയുമായ കെ.മുരളീധരൻ. കോവിഡ് ഇല്ലാതെ എത്തുന്നവർക്ക് രോഗം പടരുന്നത് സർക്കാർ ആശുപത്രികളിൽ നിന്നാണെന്ന് മുരളീധരൻ പറഞ്ഞു. സംസ്ഥാനത്ത് സർക്കാർ ആശുപത്രികളിൽ മാത്രമാണ് നിലവിൽ കോവിഡ് ചികിത്സയുള്ളത്. അതിനിടയിലാണ് മുരളീധരന്റെ പ്രതികരണം.

Read Also: കൊറോണ പ്രതിരോധം; പ്രതിപക്ഷം കാലുവച്ച് വീഴ്ത്താന്‍ നോക്കുന്നു: ആരോഗ്യമന്ത്രി കെ കെ ശൈലജ

“പ്രവാസികൾക്ക് 14 ദിവസം ഇൻസ്‌റ്റിറ്റ‌്യൂഷണൽ ക്വാറന്റൈനിൽ കഴിയാനുള്ള സംവിധാനം സർക്കാർ ഒരുക്കിയിട്ടുണ്ടോ? ഉണ്ടെങ്കിൽ എത്ര സെന്ററുകൾ. സർക്കാർ അതിന്റെ കൃത്യമായ കണക്ക് പുറത്തുവിടണം. ഒരുപാട് മത, സാംസ്‌കാരിക സംഘടനകൾ ഇൻസ്‌റ്റിറ്റ‌്യൂഷണൽ ക്വാറന്റൈൻ സൗകര്യമൊരുക്കാമെന്ന് അറിയിച്ചിട്ടുണ്ട്. പിന്നെന്താണ് ഇൻസ്‌റ്റി‌റ്റ‌്യൂഷണൽ ക്വാറന്റൈനു ബുദ്ധിമുട്ട്? മാത്രമല്ല, കേരളത്തിൽ രോഗം വ്യാപിക്കുമ്പോൾ പല സർക്കാർ ആശുപത്രികളിൽ നിന്നുമാണ് രോഗമില്ലാത്തവർക്ക് രോഗം ലഭിക്കുന്നത്. ഓഗസ്റ്റ് മാസത്തോടെ സംസ്ഥാനത്ത് രോഗികൾ കൂടുമെന്ന് മുഖ്യമന്ത്രി പറഞ്ഞത് കോവിഡ് പ്രതിരോധത്തിൽ സർക്കാർ പരാജയപ്പെട്ടതിനു തെളിവാണ്,” കെ.മുരളീധരൻ കോഴിക്കോട് പറഞ്ഞു.

Read Also: ഞായറാഴ്‌ചകളിലെ സമ്പൂർണ ലോക്ക്ഡൗണ്‍ ഒഴിവാക്കി

നിലവിലെ സ്ഥിതിയിൽ സംസ്ഥാനത്ത് ഓഗസ്റ്റ് അവസാനത്തോടെ നിരവധി കോവിഡ് ബാധിതരുണ്ടാവാമെന്നാണ് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. ഏത് നിമിഷവും സംസ്ഥാനത്ത് സമൂഹ വ്യാപനം നടന്നേക്കാമെന്ന് ആരോഗ്യ മന്ത്രിയും മുന്നറിയിപ്പ് നൽകുന്നു. സംസ്ഥാനത്ത് കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങൾ കർശനമായി തുടരാനും സർക്കാർ തീരുമാനിച്ചു. ഒപ്പം ജൂലൈ മുതൽ കോവിഡ് ടെസ്റ്റ് വർധിപ്പിക്കുകയും ചെയ്യും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.