തിരുവനന്തപുരം: ശശി തരൂരിന് മറുപടിയുമായി കെ.മുരളീധരന്‍ എം.പി. മലയാളത്തിലെ പത്രങ്ങള്‍ വായിക്കാത്തതു കൊണ്ടാണ് തന്റെ മടങ്ങിവരവ് തരൂര്‍ സമയത്ത് അറിയാതിരുന്നതെന്ന് കെ. മുരളീധരന്‍ പറഞ്ഞു.

”കെ.കരുണാകരന്റെ കുടുംബത്തിന്റെ രാഷ്ട്രീയ പാരമ്പര്യത്തിന് മാര്‍ക്കിടാന്‍ ശശി തരൂര്‍ ആയിട്ടില്ല. തരൂര്‍ തെറ്റ് മനസിലാക്കണം. നേരത്തെ പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുകയാണെങ്കില്‍ നടപടി ആവശ്യപ്പെടും. പാര്‍ട്ടി ലേബലില്‍ ജയിച്ചെങ്കില്‍ പാര്‍ട്ടി നയങ്ങളും അനുസരിക്കണം” മുരളീധരന്‍ പറഞ്ഞു.

തന്നോട് ബി.ജെ.പിയില്‍ ചേരാന്‍ പറഞ്ഞയാള്‍ കോണ്‍ഗ്രസിലെത്തിയിട്ട് എട്ട് വര്‍ഷമേ ആയിട്ടുള്ളൂവെന്ന് മുരളീധരന്റെ കഴിഞ്ഞ ദിവസത്തെ പ്രതികരണത്തിന് ശശി തരൂര്‍ മറുപടി നല്‍കിയിരുന്നു. ഇതിനെതിരെയാണ് ഇപ്പോള്‍ മുരളീധരന്‍ രംഗത്തെത്തിയിരിക്കുന്നത്.

കോണ്‍ഗ്രസില്‍ ഇരുന്ന് മോദി സ്തുതി വേണ്ട. ഇനിയും ശശി തരൂര്‍ ഇത് തുടര്‍ന്നാല്‍ പരസ്യമായി ബഹിഷ്‌കരിക്കേണ്ടി വരും. മലയാള പത്രം വായിക്കാത്തതു കൊണ്ടാണ് തന്റെ മടങ്ങിവരവ് സമയത്ത് അറിയാതിരുന്നത്. കെ കരുണാകരന്റെ കുടുംബം സംഘികളുമായി ഒരു ബന്ധവും ഉണ്ടാക്കിയിട്ടില്ലെന്നും മുരളീധരന്‍ പറഞ്ഞു.

Read Moe: ‘അംഗീകരിച്ചില്ലെങ്കിലും അഭിപ്രായത്തെ ബഹുമാനിക്കണം’; കോണ്‍ഗ്രസുകാരോട് ശശി തരൂര്‍

കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ശശി തരൂര്‍ എംപി നേരത്തെ രംഗത്തെത്തിയിരുന്നു. ട്വിറ്ററിലൂടെയായിരുന്നു തരൂരിന്റെ പ്രതികരണം. തന്റെ സമീപനത്തെ അംഗീകരിച്ചില്ലെങ്കിലും ബഹുമാനിക്കണമെന്നായിരുന്നു കോണ്‍ഗ്രസിലെ സഹപ്രവര്‍ത്തകരോടായി ശശി തരൂര്‍ പറഞ്ഞത്.

”ഞാന്‍ മോദി സര്‍ക്കാരിന്റെ കടുത്ത വിമര്‍ശകനാണ്. ഭരണഘടനാ തത്വങ്ങളേയും മൂല്യങ്ങളേയും പ്രതിരോധിക്കുന്നതിനാലാണ് ഞാന്‍ മൂന്ന് തിരഞ്ഞെടുപ്പുകള്‍ ജയിച്ചത്. എന്റെ സഹപ്രവര്‍ത്തകരായ കോണ്‍ഗ്രസുകാരോട് എനിക്ക് പറയാനുള്ളത്, അംഗീകരിച്ചില്ലെങ്കിലും എന്റെ സമീപനത്തെ ബഹുമാനിക്കണം എന്നാണ്” തരൂര്‍ ട്വീറ്റില്‍ പറയുന്നു.

ദ പ്രിന്റിലെഴുതി തന്റെ ലേഖനത്തോടൊപ്പമായിരുന്നു തരൂരിന്റെ ട്വീറ്റ്. ലേഖനത്തിലും തന്റെ നിലപാട് വ്യക്തമാക്കുകയാണ് തരൂര്‍. താന്‍ മോദി സ്തുതിയല്ല നടത്തിയതെന്നും മോദിയ്ക്ക് ജനങ്ങളുമായി കണക്ട് ചെയ്യാന്‍ സാധിച്ചിട്ടുണ്ടെന്നും അത് കോണ്‍ഗ്രസ് തിരിച്ചറിയണമെന്നുമാണ് ശശി തരൂര്‍ ലേഖനത്തില്‍ പയുന്നത്.

ശശി തരൂരിന്റെ മോദി സ്തുതിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്തെത്തിയിരുന്നു. അവസര സേവകര്‍ എന്നും പാര്‍ട്ടിക്ക് ബാധ്യതയാണെന്നും, ഇനിയും അത്തരം ബാധ്യതകള്‍ ഏറ്റെടുക്കാനാകില്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. എ.പി.അബ്ദുള്ളക്കുട്ടി ഉദാഹരണമാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ കണ്ണൂരില്‍ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.