തിരുവനന്തപുരം: ബിജെപിയ്ക്ക് ഊര്‍ജ്ജം നല്‍കുന്നതാണ് സിപിഎമ്മിന്റെ ലക്ഷ്യമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. ശബരിമലയിലെ പ്രതിഷേധങ്ങളെ കുറിച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം സിപിഎമ്മിനെതിരെ രംഗത്തെത്തിയത്.

ശബരിമലയിലെ തന്ത്രിയുടെ ഏറ്റവും വലിയ കോടതി അയ്യപ്പനാണെന്നും അതുകൊണ്ട് തന്ത്രിയുടെ നിലപാടിനെ ദേവസ്വം ബോര്‍ഡ് അംഗം വിമര്‍ശിച്ചത് ശരിയായില്ലെന്നും മുരളീധരന്‍ പറഞ്ഞു. സുപ്രിംകോടതി വിധിയുടെ മറവില്‍ വിശ്വാസികളെ തമ്മിലടിപ്പിക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും എംഎല്‍എ ആരോപിച്ചു.

ശബരിമലയില്‍ നട തുറന്നതിന് ശേഷമുള്ള സര്‍ക്കാരിന്റെ നടപടികള്‍ വിശ്വാസത്തെ തകര്‍ക്കാനും നിരീശ്വരവാദം പ്രചരിപ്പിക്കാനുമുള്ള ഗൂഢശ്രമങ്ങളാണ്. യുവതികളെ കയറ്റിയേ തീരൂ എന്ന തീരുമാനത്തിലാണ് സിപിഎം. ചോദിച്ചു വാങ്ങിയ വിധി തെറ്റായി നടപ്പാക്കിയതിനുള്ള തെളിവാണിതെന്നും അദ്ദേഹം പറഞ്ഞു.

നെയ്തേങ്ങയ്ക്ക് പകരം ഓറഞ്ചും പേരക്കയും നിറച്ച് മല കയറാന്‍ ശ്രമിച്ച രഹന ഫാത്തിമ ഇരുമുടിക്കെട്ടിനെ അപമാനിച്ചിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. യുവതികളെ ശബരിമലയില്‍ കയറ്റാന്‍ കടകംപള്ളി സുരേന്ദ്രനെയും സുന്നി സ്ത്രീകളെ പള്ളിയില്‍ കയറ്റാന്‍ കെ.ടി. ജലീലിനെയും കൂട്ടുപിടിച്ച് പിണറായി വിജയന്‍ വിശ്വാസങ്ങളെ തകര്‍ക്കാനാണ് ശ്രമിക്കുന്നത്. യുവതീപ്രവേശനവുമായി ബന്ധപ്പെട്ട കേസുകളില്‍ ഇനി പ്രതിയാവാന്‍ അയ്യപ്പന്‍ മാത്രമാണ് ബാക്കി.

അതേസമയം, ബി.ജെ.പി മനസുവച്ചാല്‍ തീര്‍ക്കാവുന്ന പ്രശ്‌നമാണ് ഇപ്പോഴത്തേത്. പക്ഷേ പ്രശ്‌നം രാഷ്ട്രീയവത്കരിച്ച് വോട്ട് നേടാനാണ് അവരുടെ ശ്രമം. പ്രളയത്തില്‍ ബാക്കിയായ കേരളത്തിന് കൂടി തീയിട്ടിട്ടാണോ പിണറായി വിജയന്‍ നവകേരളം നിര്‍മ്മിക്കാന്‍ പോകുന്നത്? വിദേശരാജ്യങ്ങളില്‍ അടിക്കടി സന്ദര്‍ശിച്ചിട്ട് എന്തുകിട്ടി എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. വീഴ്ചകള്‍ മറച്ചുവയ്ക്കാനാണ് സര്‍ക്കാര്‍ കേരളത്തെ കലാപഭൂമിയാക്കുന്നത് എന്നും മുരളീധരന്‍ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.