കണ്ണൂര്‍: ശശി തരൂരിനോട് പ്രത്യേക എതിര്‍പ്പൊന്നുമില്ലെന്ന് കെ. മുരളീധരന്‍ എം.പി. ശശി തരൂര്‍ കോണ്‍ഗ്രസിന്റെ നേതാവാണ്, എം.പിയാണ്. അദ്ദേഹത്തിന് പാര്‍ട്ടി പരിപാടികളിലോ പൊതുപരിപാടികളിലോ പങ്കെടുക്കുന്നതിന് യാതൊരു വിലക്കുമില്ല. ആര്‍ക്കും സജീവമായി പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും കെ. മുരളീധരന്‍ പറഞ്ഞു.
പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കുമ്പോള്‍ ഡി.സി.സികളെ അറിയിക്കണം എന്നൊരു നിര്‍ദേശം എല്ലാവര്‍ക്കും കൊടുത്തിട്ടുണ്ട്. അതില്‍ കൂടുതല്‍ ഒരു നിയന്ത്രണമെന്നും ശശി തരൂരിനുമില്ല. പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കുമ്പോള്‍ ഡി.സി.സിയെ അറിയിക്കണം എന്ന നിര്‍ദേശം എല്ലാവര്‍ക്കും കൊടുത്തിട്ടുണ്ട്, എനിക്കുള്‍പ്പെടെ. അതില്‍ക്കൂടുതല്‍ ഒന്നുമില്ല. ഒരു നിയന്ത്രണവുമില്ല. അദ്ദേഹം ഇപ്പോള്‍ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ടല്ലോ. പിന്നെന്താ കുഴപ്പം മുരളീധരന്‍ പറഞ്ഞു.
മുഖ്യമന്ത്രി സ്ഥാനം മുന്നില്‍ കണ്ട് തയ്പ്പിച്ച കോട്ട് ഊരിവെക്കണമെന്ന, ശശി തരൂരിനെ ലക്ഷ്യമിട്ടുള്ള രമേശ് ചെന്നിത്തലയുടെ പ്രസ്താവനയോടും മുരളീധരന്‍ പ്രതികരിച്ചു. അങ്ങനെ പ്രത്യേകിച്ച് കുപ്പായമുണ്ടോ മുഖ്യമന്ത്രിക്ക്? മുഖ്യമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍, തലേന്നൊക്കെ ഇട്ട ഡ്രസ് ഒന്ന് അലക്കിയിട്ടാണ് സാധാരണ ചെയ്യാറ്. മുന്‍പ് ബ്രിട്ടീഷുകാരുടെ കാലത്ത് സ്യൂട്ട് ഇട്ടാണ് സത്യപ്രതിജ്ഞ ചെയ്യാറുണ്ടായിരുന്നതെന്ന് കേട്ടിട്ടുണ്ടെന്നും മുരളീധരന്‍ പറഞ്ഞു. പക്ഷേ ഇപ്പോള്‍ അതൊന്നുമില്ല, ജനാധിപത്യമല്ലേ- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രിയാകാന്‍ തയാറാണെന്ന ശശി തരൂരിന്റെ പ്രസ്താവനക്ക് പിന്നാലെ നാലു വര്‍ഷത്തിന് ശേഷമുള്ള കാര്യത്തില്‍ ആരെങ്കിലും കോട്ട് തയ്ച്ച് വെച്ചിട്ടുണ്ടെങ്കില്‍ ഊരി വെച്ചേക്കണമെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രസ്താവന.