തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് ശശി തരൂര്‍, ടി എന്‍ പ്രതാപന് തുടങ്ങിയ എംപിമാരുടെ പ്രതികരണങ്ങളില്‍ മുന്നറിയിപ്പുമായി എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍. പാര്‍ട്ടി രീതികള്‍ പാലിക്കാന്‍ എല്ലാവരും തയാറാകണമെന്ന് താരിഖ് അന്‍വര്‍ വ്യക്തമാക്കി.
“മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനം ഹൈക്കമാന്‍ഡാണ് എടുക്കേണ്ടത്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പാര്‍ട്ടിക്ക് നടപടി ക്രമങ്ങളുണ്ട്. ശശി തരൂര്‍ അദ്ദേഹത്തിന്റെ നിലപാട് പറയേണ്ടത് ഹൈക്കമാന്‍ഡിനോടാണ്. പദവികള്‍ ആഗ്രഹിക്കാന്‍ ആര്‍ക്കും അവകാശമുണ്ട്. പക്ഷെ അതിന് പാര്‍ട്ടി നടപടികള്‍ പാലിക്കണം,” താരിഖ് അന്‍വര്‍ വ്യക്തമാക്കി.
തരൂരിനെ പിന്തുണച്ചായിരുന്നു കെ മുരളീധരന് എംപിയുടെ പ്രതികരണം. “നിയമസഭാ തിരഞ്ഞെടുപ്പിന് മൂന്നേകാല്‍ വര്‍ഷവും പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് ഒന്നേകാല്‍ വര്‍ഷവും ബാക്കിയുണ്ട്. ആദ്യം വരുന്നത് പാര്‍ലമെന്റ് തിരഞ്ഞെടുപ്പാണ്, പിന്നാലെ തദ്ദേശ തിരഞ്ഞെടുപ്പും വരുന്നുണ്ട്. ഇത് രണ്ടിന്റേയും ഫലമാണ് പരമപ്രധാനം,” മുരളീധരന് മനോരമ ന്യൂസിനോട് പറഞ്ഞു.
“ഭൂരിപക്ഷം ലഭിച്ചതിന് ശേഷം ആര് നയിക്കുമെന്ന കാര്യത്തില്‍ ഇപ്പോള്‍ ചര്ച്ചയുണ്ടാകുന്നതില് പ്രസക്തിയില്ല. സാധാരണയായി കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചുകൊണ്ട് തിരഞ്ഞെടുപ്പിന് ഇറങ്ങാറില്ല. തിരഞ്ഞെടുപ്പ് കഴിഞ്ഞ് എംഎല്‍എമാരുടെ അഭിപ്രായം അറിഞ്ഞാണ് തീരുമാനം. അതിന് മാറ്റമുണ്ടാകുമെന്ന് കരുതുന്നില്ല,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
“പിന്നെ, ശശി തരൂര്‍ മുഖ്യമന്ത്രിയാകാന്‍ യോഗ്യനാണ്. അതിനര്‍ത്ഥം മറ്റുള്ളവര്‍ യോഗ്യതയുണ്ടെന്നല്ല. തരൂരിന്റെ പര്യടനത്തെ അസ്വസ്ഥതയോടെ നോക്കി കാണേണ്ടതില്ല. ഒരു കോണ്‍ഗ്രസ് നേതാവിനെ എല്ലാ മതവിഭാഗത്തില്‍പ്പെട്ടവരും അനുകൂലിക്കുന്നത് നല്ല കാര്യമാണ്. അങ്ങനെയുള്ള നേതാക്കന്മാരെ പാര്‍ട്ടി ഉപയോഗിക്കും. പക്ഷെ മുഖ്യമന്ത്രി എന്നുള്ളത് ലാസ്റ്റ് പോയിന്റാണ്,” മുരളീധരന് പറഞ്ഞു.