കോഴിക്കോട്: യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്‌ഐയുടെ ഗുണ്ടായിസം അവസാനിക്കണമെങ്കിൽ കോളേജ് ഇടിച്ചു നിരത്തണമെന്ന് കോൺഗ്രസ് നേതാവും ലോക്‌സഭാ എംപിയുമായ കെ മുരളീധരൻ. അല്ലെങ്കിൽ വാടക കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന ഓഫീസുകൾ അവിടേക്ക് മാറ്റണം. യുഡിഎഫ് സർക്കാർ അധികാരത്തിൽ എത്തിയാൽ യൂണിവേഴ്‌സിറ്റി കോളേജ് അവിടെ നിന്നും മാറ്റി സ്ഥാപിക്കണമെന്നും കെ മുരളീധരൻ ആവശ്യപ്പെട്ടു.

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് നഗരത്തില്‍ നിന്നു മാറ്റി സ്ഥാപിക്കണമെന്ന് അദ്ദേഹം നേരത്തേയും ആവശ്യപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ കോളജ് പ്രവര്‍ത്തിക്കുന്ന കെട്ടിടം ചരിത്ര മ്യൂസിയമാക്കണം എന്നും മുരളീധരൻ പറഞ്ഞു. കെ.കരുണാകരന്‍ മുഖ്യമന്ത്രിയായിരിക്കെ 1993 ല്‍ കോളജ് കാര്യവട്ടം ക്യാംപസിലേക്ക് മാറ്റിയിരുന്നു. എന്നാല്‍, ഇ.കെ.നായനാര്‍ മുഖ്യമന്ത്രിയായ ഉടന്‍ 96 ല്‍ കോളജ് വീണ്ടും പഴയ സ്ഥലത്തേക്ക് മാറ്റി.

ക്രിമിനലുകളെ ഉണ്ടാക്കുന്ന സ്ഥാപനമായി യൂണിവേഴ്സിറ്റി കോളജ് മാറിയെന്ന് മുരളീധരൻ പറഞ്ഞു. അസഹിഷ്ണുത എന്ന വാക്കിന്റെ അർഥം എസ്.എഫ്.ഐ എന്നാണ്. വിദ്യാർഥിനി കത്തെഴുതി വച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതും കോളജിനകത്തെ നെടുങ്കണ്ടം മോഡൽ ഇടിമുറിയുമെല്ലാം ഇതിന്റെ ഉദാഹരണമാണ്. കോളജ് അവിടെ നിന്ന് മാറ്റാത്തിടത്തോളം ഈ സ്ഥിതി തുടരുമെന്നും മുരളീധരൻ പറഞ്ഞു.

Read Also: പിണറായി സ്വയം വിളിക്കേണ്ട പേരാണ് ‘ഡാഷ്’; മറുപടിയുമായി കെ.സുധാകരന്‍

മുഖ്യമന്ത്രിക്കെതിരെയും മുരളീധരൻ സംസാരിച്ചു. കോൺഗ്രസിനെ ഉപദേശിക്കാൻ വരുന്ന മുഖ്യമന്ത്രി ആദ്യം സ്വന്തം പാർട്ടി നന്നാക്കാൻ നോക്കണം എന്ന് മുരളീധരൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ മൂക്കിനു താഴെയാണു സ്വന്തം പാർട്ടിയിലെ വിദ്യാർഥി സംഘടനക്കാർ തമ്മിലടിച്ചത്. ഗോവയിലും കർണാകയിലെയും പ്രശ്നങ്ങളെക്കുറിച്ച് അദ്ദേഹം പറഞ്ഞ കാര്യങ്ങൾ അംഗീകരിക്കുന്നു. പക്ഷേ ആകെയുള്ള മൂന്ന് സംസ്ഥാനങ്ങളിൽ രണ്ടിടത്തും തകർന്നുപോയവരാണു കോൺഗ്രസിൽ നിന്നു 10 പേർ പോകുമ്പോൾ ഉപദേശിക്കാൻ വരുന്നത്. 35 വർഷം ഭരിച്ച ബംഗാളിലും ത്രിപുരയിലും ഒരു എംപി പോലും സിപിഎമ്മിനില്ലെന്നും അദ്ദേഹം പറഞ്ഞു.

പിണറായിക്ക് മറുപടിയുമായി കെ.സുധാകരനും നേരത്തെ രംഗത്തെത്തിയിരുന്നു. പിണറായി വിജയന്‍ സ്വയം വിളിക്കേണ്ട പേരാണ് ‘ഡാഷ്’ എന്ന് സുധാകരന്‍ കണ്ണൂരില്‍ പറഞ്ഞു. ഒരു തെരുവ് ഗുണ്ടയില്‍ നിന്നാണ് ഇത്തരം പ്രയോഗങ്ങള്‍ ഉണ്ടാകുന്നത്. മുഖ്യമന്ത്രി പദവിക്ക് ചേരുന്ന പ്രയോഗങ്ങളല്ല പിണറായി വിജയന് ഉള്ളതെന്നും കെ.സുധാകരന്‍ ആരോപിച്ചു. കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് പോകുന്ന നേതാക്കളെ വിമര്‍ശിച്ച് വെള്ളിയാഴ്ച പിണറായി വിജയന്‍ പ്രസംഗിച്ചിരുന്നു. പി.എസ്.സി എംപ്ലോയീസ് യൂണിയൻ സംസ്ഥാന സമ്മേളനത്തിലാണ് മുഖ്യമന്ത്രി കോൺഗ്രസിനെതിരെ പരാമർശം നടത്തിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.