കോഴിക്കോട്: വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ഥിയും മുന്‍ സിപിഎം നേതാവുമായ സി.ഒ.ടി നസീറിനെ ആക്രമിച്ച് പരുക്കേല്‍പ്പിച്ച സംഭവത്തില്‍ വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി.ജയരാജനെതിരെ യുഡിഎഫ് സ്ഥാനാര്‍ഥി കെ.മുരളീധരന്‍. നസീറിനെതിരായ ആക്രമണം ഗൗരവമേറിയതാണെന്ന് മുരളീധരന്‍ പറഞ്ഞു. പി.ജയരാജന്റെ അറിവോടെയാണ് ഈ ആക്രമണം നടന്നതെന്നും മുരളീധരന്‍ ആരോപിച്ചു.
Read More: വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി സി.ഒ.ടി നസീറിന് വെട്ടേറ്റു
നസീറും ജയരാജനും തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. നസീറിന് കിട്ടുന്ന വോട്ട് ജയരാജന് കിട്ടാനുള്ള വോട്ടാണ്. പൊലീസിന്റെ ഭാഗത്തുനിന്ന് അനാസ്ഥയാണുണ്ടായിരിക്കുന്നതെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി. കെ.കെ.രമയും ജയരാജനെതിരെ വിമര്‍ശനവുമായി രംഗത്തെത്തി. ജയരാജന് കിട്ടേണ്ട വോട്ടാണ് നസീറിന് ലഭിക്കുക എന്നും അത് ജയപരാജയത്തെ സ്വാധീനിക്കുമെന്നും പറഞ്ഞ രമ ആക്രമണത്തിന് പിന്നില്‍ സിപിഎമ്മാണെന്നും ആരോപിച്ചു.
വടകര മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ സി.ഒ.ടി നസീറിന് ഇന്നലെയാണ് വെട്ടേറ്റത്. തലശ്ശേരിയല്‍ വച്ചായിരുന്നു നസീറിന് വെട്ടേറ്റത്. തുടര്‍ന്ന് നസീറിനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോയി. പുതിയസ്റ്റാന്‍റ് പരിസരത്ത് നില്‍ക്കുകയായിരുന്ന നസീറിനെ മൂന്നംഗ സംഘമാണ് അക്രമിച്ചത്. ബൈക്കിലെത്തിയ മൂന്നുപേര്‍ ചേര്‍ന്ന് ആക്രമിക്കുകയായിരുന്നുവെന്ന് നസീര്‍ പറഞ്ഞു. നേരത്തെ മേപ്പയ്യൂര് വച്ചും സി.ഒ.ടി നസീറിനെതിരെ ആക്രമണമുണ്ടായിടുണ്ട്. അതേസമയം, ആക്രമണത്തിന് പിന്നില്‍ സിപിഎമ്മാണെന്നാണ് നസീര്‍ ആരോപിച്ചിരുന്നത്.
മുന്‍ മുഖ്യമന്ത്രിയും എ.ഐ.സി.സി ജനറല്‍സെക്രട്ടറിയുമായ ഉമ്മന്‍ചാണ്ടിയെ കല്ലെറിഞ്ഞ കേസിലെ പ്രതികൂടിയാണ് സി. ഒ. ടി നസീര്‍.മുന്‍ സി.പി.എം ലോക്കല്‍ കമ്മറ്റി അംഗവും തലശ്ശരി മുന്‍ നഗരസഭാംഗവുമാണ് സി.ഒ.ടി നസീര്‍.