തിരുവനന്തപുരം: വട്ടിയൂര്‍ക്കാവില്‍ എല്‍ഡിഎഫ് ജാതിപറഞ്ഞാണു വോട്ടുപിടിച്ചതെന്ന് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന് എംപി. ഈഴവ എംഎല്‍എ വേണമെന്ന് എല്‍ഡിഎഫ് വീടുകള്‍ തോറും കയറി പറഞ്ഞിട്ടുണ്ടെന്നും മുരളീധരന് ആരോപിച്ചു. വട്ടിയൂർക്കാവിൽ യുഡിഎഫ് സ്ഥാനാർഥി മോശക്കാരനല്ലായിരുന്നു. നല്ല സ്ഥാനാർഥിയായിരുന്നു. എന്നാൽ, മറുഭാഗത്ത് മേയർ എതിർ സ്ഥാനാർഥിയായപ്പോൾ തിരിച്ചടിയായി. പരമ്പരാഗത വോട്ടുബാങ്കിൽ വിള്ളലുണ്ടായിട്ടുണ്ട്. അത് യുഡിഎഫ് പരിശോധിക്കുമെന്നും മുരളീധരൻ പറഞ്ഞു.
എന്‍എസ്എസിനെ പരാജയപ്പെടുത്താന്‍ എല്‍ഡിഎഫ് ആര്‍എസ്എസ് സഹായം തേടി. ആര്‍എസ്എസ് വോട്ടുകള്‍ സിപിഎമ്മിലേക്ക് വലിയ തോതില്‍ മറിഞ്ഞിട്ടുണ്ട്. അതിനുവേണ്ടി എല്‍ഡിഎഫും ആര്‍എസ്എസും ധാരണയായിട്ടുണ്ടെന്ന് തിരഞ്ഞെടുപ്പ് സമയത്ത് തന്നെ താന്‍ പറഞ്ഞിരുന്നു. വ്യക്തമായ സോഴ്സില്‍ നിന്നാണ് താന്‍ ഇക്കാര്യം ആരോപിച്ചതെന്നും മുരളീധരന് പറഞ്ഞു. തോൽവിയുടെ കാര്യങ്ങൾ പാർട്ടി പരിശോധിക്കുമെന്നും മുരളീധരൻ പറഞ്ഞു.
Read Also: Explained: ബിജെപിയുടെ തിരക്കഥയ്ക്ക് വഴങ്ങാതെ മഹാരാഷ്ട്ര; സംഭവിച്ചത് എന്ത്
കണ്ണിലെ കൃഷ്ണമണി പോലെ എട്ട് വർഷം പരിപാലിച്ച തന്റെ മണ്ഡലമാണ് വട്ടിയൂർക്കാവ്. ആ മണ്ഡലമാണ് യുഡിഎഫിനു നഷ്ടമായത്. അതിൽ ഏറ്റവും ദുഃഖിതൻ താനാണെന്നും മുരളീധരൻ പറഞ്ഞു. എൽഡിഎഫ് വട്ടിയൂർക്കാവിൽ ജാതി പറഞ്ഞാണ് വോട്ടു ചോദിച്ചത്. കമ്മ്യൂണിസ്റ്റുകാർക്ക് ചേർന്ന പരിപാടിയാണോ അതെന്ന് അവർ തന്നെ ചിന്തിക്കട്ടെ എന്നും മുരളീധരൻ പറഞ്ഞു. വോട്ടെണ്ണൽ ആരംഭിച്ചപ്പോൾ തന്നെ വിജയിക്കില്ലെന്ന് തനിക്ക് വ്യക്തമായെന്നും മുരളി പറഞ്ഞു.
വട്ടിയൂർക്കാവിൽ എൽഡിഎഫ് സ്ഥാനാർഥി വി.കെ.പ്രശാന്ത് വൻ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. കോൺഗ്രസിനു സ്വാധീനമുള്ള മണ്ഡലത്തിൽ അട്ടിമറി വിജയമാണ് ഇടതുപക്ഷത്തിന് ലഭിച്ചത്. വട്ടിയൂർക്കാവിൽ 14,465 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് എൽഡിഎഫ് സ്ഥാനാർഥി വി.കെ.പ്രശാന്ത് വിജയിച്ചത്.
Read Also: Kerala ByPoll Results 2019: യുഡിഎഫ് കോട്ടകളിൽ ചെങ്കൊടി പാറി; അരൂരിൽ ഷാനിമോൾ
അഞ്ച് മണ്ഡലങ്ങളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പിൽ മൂന്നിടത്ത് യുഡിഎഫ് സ്ഥാനാർഥികൾ വിജയിച്ചു. രണ്ടിടത്ത് എൽഡിഎഫ് സ്ഥാനാർഥികളാണ് വിജയിച്ചത്. എറണാകുളം, മഞ്ചേശ്വരം, അരൂർ മണ്ഡലങ്ങളിലാണ് യുഡിഎഫ് വിജയിച്ചത്. അരൂർ എൽഡിഎഫിൽ നിന്ന് പിടിച്ചെടുക്കുകയായിരുന്നു. എറണാകുളവും മഞ്ചേശ്വരവും യുഡിഎഫിന്റെ സിറ്റിങ് മണ്ഡലങ്ങളായിരുന്നു.