/indian-express-malayalam/media/media_files/uploads/2019/02/k-muraleedharan.jpg)
തിരുവനന്തപുരം: കെപിസിസി ഭാരവാഹി പട്ടികയ്‌ക്കെതിരെ കോൺഗ്രസ് നേതാവും എംപിയുമായ കെ.മുരളീധരൻ. താമര ചിഹ്നത്തിൽ മത്സരിച്ചവരും കെപിസിസി പട്ടികയിൽ ഇടംപിടിച്ചെന്ന് മുരളീധരൻ ആക്ഷേപിച്ചു. കെപിസിസി ഭാരവാഹി പട്ടിക പോലെയാണ് നിയമസഭാ തിരഞ്ഞെടുപ്പ് സ്ഥാനാർഥി പട്ടികയെങ്കിൽ എൽഡിഎഫിന് ഭരണത്തുടർച്ചയുണ്ടാകുമെന്നും കെ.മുരളീധരൻ പറഞ്ഞു.
"ബൂത്തിലിരിക്കേണ്ടവർ പോലും കെപിസിസി ഭാരവാഹി പട്ടികയിലുണ്ട്. ഇതോടെ നാട്ടിൽ പ്രവർത്തിക്കാൻ ആളില്ലാതായി. ഭാരവാഹികളെ തിരഞ്ഞെടുക്കാനായി രാഷ്ട്രീയ കാര്യസമിതി തയാറാക്കിയ മാനദണ്ഡങ്ങള്‍ പാലിക്കാത്ത ചിലരും പട്ടികയിലുണ്ട്. എങ്കിലും വലിയ പ്രശ്‌മില്ലാത്ത പട്ടികയാണിത്. ഇനിയും കൂടുതൽ പേരെ ഉൾപ്പെടുത്തി കുളമാക്കരുത്" തിരുവനന്തപുരം ഡിസിസി പഠന ക്യാംപിൽ മുരളീധരൻ പറഞ്ഞു.
47 അംഗ ഭാരവാഹി പട്ടികയാണ് ഹെെക്കമാൻഡ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. കെപിസിസി അയച്ച 130 ഭാരവാഹികളുടെ ജംബോ പട്ടിക ഹൈക്കമാൻഡ് വെട്ടിച്ചുരുക്കി. വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനം ഒഴിവാക്കിയാണ് പുതിയ പട്ടിക . 12 വെെസ് പ്രസിഡന്റുമാരും 34 ജനറൽ സെക്രട്ടറിമാരുമാണ് പട്ടികയിലുള്ളത്. കെ.കെ.കൊച്ചുമുഹമ്മദാണ് ട്രഷറർ.
പി.സി.വിഷ്‌ണുനാഥ്, ശൂരനാട് രാജശേഖരൻ, ജോസഫ് വാഴയ്ക്കൻ, കെ.പി.ധനപാലൻ, കെ.സി.റോസക്കുട്ടി, പത്മജ വേണുഗോപാൽ, മോഹൻ ശങ്കർ, സി.പി.മുഹമ്മദ്, മൺവിള രാധാകൃഷണൻ, ടി.സിദ്ദിഖ്, ശരത്ചന്ദ്രപ്രസാദ്, ഏഴുകോൺ നാരായണൻ എന്നിവരാണ് വെെസ് പ്രസിഡന്റുമാർ. 47 അംഗ പട്ടികയിൽ ആകെ മൂന്ന് വനിതകളാണുള്ളത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.