കോഴിക്കോട്: കോവിഡ് വ്യാപനത്തെ തുടർന്ന് സർക്കാർ 144 പ്രഖ്യാപിച്ചതിൽ പ്രതിഷേധവുമായി കോൺ​ഗ്രസ് നേതാവും എംപിയുമായ കെ മുരളീധരൻ. കണ്ടെയിൻമെന്റ് സോൺ അല്ലാത്തിടത്ത് 144 പ്രഖ്യാപിക്കാൻ സർക്കാരിന് അവകാശമില്ലെന്നും ഈ സർക്കാർ തീരുമാനത്തെ കോൺഗ്രസിന് ലംഘിക്കേണ്ടി വരുമെന്നും പറഞ്ഞ മുരളീധരൻ സമരങ്ങൾ ഇല്ലായ്മ ചെയ്യാനുള്ള ഗൂഢശ്രമമാണിതെന്നും അഭിപ്രായപ്പെട്ടു.

രോഗ വ്യാപനം എന്ന പേരിൽ 144 പ്രഖ്യാപിക്കുന്നത് ശരിയല്ല. തീരുമാനം തികച്ചും തെറ്റാണ്. 144 ലംഘിക്കേണ്ടി വരും. കേസ് എടുക്കുന്നെങ്കിൽ എടുക്കട്ടെ. കുറച്ച് മാസം കഴിഞ്ഞാൽ ആ കേസ് കോൺഗ്രസ് തന്നെ കൈകാര്യം ചെയ്യും.

കള്ളക്കടത്തുകാരിലും കരിഞ്ചന്തക്കാരിലുമാണ് സിപിഎമ്മിൻ്റെ രക്ഷ. ഐ ഫോൺ കിട്ടിയെന്ന കാര്യം ചെന്നിത്തല തന്നെ നിഷേധിച്ചു. കോൺഗ്രസിന് ആരുടെ കയ്യിൽ നിന്നും ഒന്നും വാങ്ങണ്ട കാര്യമില്ല. കോൺഗ്രസ് പ്രവർത്തകർ വിദേശത്ത് നിന്നടക്കം അധ്വാനിച്ച് തങ്ങൾക്ക് വേണ്ടതെല്ലാം കൊണ്ടുത്തരുന്നുണ്ട് എന്നും മുരളീധരൻ പറഞ്ഞു.

Read More: രമേശ് ചെന്നിത്തലയ്ക്ക് സ്വപ്‌ന ഐ ഫോൺ നൽകിയെന്ന് യൂണിടാക് എംഡി സന്തോഷ് ഈപ്പൻ

പ്രത്യക്ഷസമരങ്ങൾ നിർത്താനുള്ള യുഡിഎഫിന്റെ തീരുമാനത്തിലും മുരളീധരൻ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. മരങ്ങള്‍ നിര്‍ത്താനുള്ള തീരുമാനങ്ങള്‍ ആരോടും ആലോചിക്കാതെ എടുത്തതായിരുന്നെന്നും പാര്‍ട്ടിയില്‍ കൂടിയാലോചനകള്‍ നടക്കുന്നില്ലെന്നും മുരളീധരൻ കുറ്റപ്പെടുത്തിയിരുന്നു. സമരങ്ങള്‍ നിര്‍ത്താനുള്ള തീരുമാനം എടുത്തത് പേടിച്ചിട്ടാണെന്ന് തോന്നുമെന്നും മുരളീധരന്‍ വിമര്‍ശിച്ചു.

കോവിഡ് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ പ്രത്യക്ഷ സമരങ്ങൾ നിർത്തുകയാണെന്ന് യുഡിഎഫ് നേരത്തെ തീരുമാനിച്ചിരുന്നു. വിവിധ ആരോപണങ്ങളില്‍ സര്‍ക്കാരിനെതിരായി നടത്തിവരുന്ന പ്രത്യക്ഷ സമരങ്ങളാണ് യുഡിഎഫ് നിര്‍ത്തിയിരിക്കുന്നത്. അതേസമയം സര്‍ക്കാരിനെതിരെ മറ്റു മാര്‍ഗങ്ങളിലൂടെയുള്ള പ്രതിഷേധം തുടരുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേരത്തെ വ്യക്തമാക്കിയിരുന്നു.

എന്നാൽ, പിണറായി വിജയൻ സർക്കാരിനെതിരായ സമരങ്ങൾ തുടരുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ വ്യക്തമാക്കിയിരുന്നു. സമരം ജനാധിപത്യപരമായി നിർത്താൻ സാധിക്കില്ലെന്നും ബിജെപിയുടെ നിലപാട് സർവകക്ഷിയോഗത്തിൽ അറിയിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞിരുന്നു.

“ജനാധിപത്യപരമായി പ്രതിഷേധിക്കാൻ ജനങ്ങൾക്ക് അവകാശമുണ്ട്. സമരം ജനാധിപത്യപരമായി നിർത്താൻ സാധിക്കില്ല. ജനങ്ങളുടെ പ്രതിഷേധമാണ് സമരം. സമരത്തിൽ എത്ര ആളുകൾ വേണം എന്ന കാര്യത്തിലൊക്കെ ചർച്ച ആവാം. രാജ്യം മുഴുവൻ സിപിഎമ്മിന്റെ നേതൃത്വത്തിൽ കർഷകസമരം നടക്കുന്നു എന്നാണ് പറയുന്നത്. മോദി സർക്കാരിനെതിരെ സമരം ആകാം, പിണറായി സർക്കാരിനെതിരെ സമരം പറ്റില്ല എന്ന നില സ്വീകരിക്കണോ എന്നതാണ് ബിജെപിയുടെ ചോദ്യം” സുരേന്ദ്രൻ പറഞ്ഞിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.