തിരുവനന്തപുരം: താന്‍ തോറ്റ സ്ഥാനാര്‍ഥിയാണെന്നും എന്നാല്‍, സാമൂഹിക വിരുദ്ധനല്ലെന്നും വട്ടിയൂര്‍ക്കാവിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന കെ.മോഹന്‍കുമാര്‍. തന്നെ കൂവി വരവേറ്റ സിപിഎം പ്രവര്‍ത്തകരുടെ വായടപ്പിക്കുന്ന മറുപടിയായിരുന്നു മോഹന്‍കുമാറിന്റേത്. കഴിഞ്ഞ ദിവസം വോട്ടെണ്ണല്‍ നടക്കുന്നതിനിടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.
യുഡിഎഫിനു മേല്‍ക്കൈയുള്ള മണ്ഡലങ്ങള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി.കെ.പ്രശാന്ത് 7,000 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുകയായിരുന്നു. യുഡിഎഫ് സ്ഥാനാര്‍ഥിയായ കെ.മോഹന്‍കുമാര്‍ തോല്‍വി സമ്മതിക്കുകയും ചെയ്തിരുന്നു. ആ സമയത്താണ് മോഹന്‍കുമാര്‍ വോട്ടെണ്ണൽ കേന്ദ്രമായ പട്ടം സെന്റ് മേരീസ് സ്കൂൾ സന്ദർശിച്ചത്.
വാഹനം ഗേറ്റിനടുത്തെത്തിയപ്പോഴേക്കും ആഹ്ളാദാരവം മുഴക്കി കാത്തുനിന്ന എൽഡിഎഫ് പ്രവർത്തകർ കൂവലുമായി വാഹനത്തെ വളഞ്ഞു. വാഹനം തടഞ്ഞുനിർത്തി കൂവാൻ ശ്രമിച്ചവരെ സിപിഎം കൗൺസിലർമാർ ഉൾപ്പെടെയുള്ളവർ തടയാൻ ശ്രമിച്ചെങ്കിലും കാര്യമുണ്ടായില്ല. പ്രവർത്തകർ കൂവൽ തുടർന്നു.
Read Also: അരൂരില്‍ തോല്ക്കാന് കാരണം പൂതന പരാമര്‍ശമല്ല: ജി.സുധാകരന്
ഇതിനിടയിൽ മോഹൻകുമാർ അകത്തേക്ക് പ്രവേശിച്ചു. വോട്ടെണ്ണൽ കേന്ദ്രത്തിനു അകത്തേക്ക് കയറിയ വാഹനത്തിൽ നിന്ന് മോഹൻകുമാർ പുറത്തേക്ക് വന്നു. തന്നെ കൂവി വരവേറ്റ പ്രവർത്തകർക്ക് അദ്ദേഹം കെെ കൊടുത്തു. “ഞാൻ അഡ്വ.മോഹൻ കുമാർ. ഇവിടത്തെ തോറ്റ സ്ഥാനാർഥിയാണ്. വണ്ടിയിൽ തട്ടാനും ഒച്ചവയ്ക്കാനും ഞാനൊരു സാമൂഹികവിരുദ്ധനല്ല. ജയവും തോൽവിയും തിരഞ്ഞെടുപ്പിൽ സ്വാഭാവികമാണല്ലോ. ഇത്തവണ തോറ്റുപോയി. എന്നുകരുതി പിടിച്ചുനിർത്തി കൂവുന്നതൊക്കെ പഴയ ശൈലിയല്ലേ? ആരു തോറ്റാലും നിങ്ങളെപ്പോലുള്ള ചെറുപ്പക്കാർ ഇതു ചെയ്യരുത്.” ഇതൊടെ കൂവിയ പ്രവർത്തകരെല്ലാം നിശബ്ദരായി.
വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് പോയ മോഹൻകുമാർ ഇടത് സ്ഥാനാർഥി പ്രശാന്തിന്റെ വിജയം പൂർണമായും ഉറപ്പിക്കുന്ന രീതിയിൽ വോട്ടുകൾ എണ്ണിത്തീരാറായ ശേഷമാണ് പിന്നെ പുറത്തേക്കുപോയത്. എന്നാൽ, ഇത്തവണ ആരും കൂവിയില്ല. എല്ലാവരും നിശബ്ദരായി നിന്നു.
വട്ടിയൂർക്കാവിൽ അട്ടിമറി വിജയമാണ് എൽഡിഎഫ് സ്ഥാനാർഥി വി.കെ.പ്രശാന്ത് നേടിയത്. വട്ടിയൂർക്കാവിലെ തോൽവി കോൺഗ്രസിനെ പ്രതിരോധത്തിലാക്കുകയും ചെയ്തു. കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്തായിരുന്ന എൽഡിഎഫ് ഇത്തവണ വി.കെ.പ്രശാന്തിലൂടെ 14,465 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് വിജയിച്ചത്.