കൊച്ചി: ഹൈക്കോടതി അയോഗ്യനാക്കിയ കെ.എം ഷാജി നിയമസഭാംഗം അല്ലാതായെന്ന് നിയമസഭാ സെക്രട്ടറിയുടെ അറിയിപ്പ്. ഇതോടെ കെ.എം ഷാജിക്ക് നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാനാകില്ല. ഷാജി ഇപ്പോള്‍ എം.എല്‍.എ അല്ലെന്ന് നിയമസഭ സെക്രട്ടറിയേറ്റിന്റെ വിലയിരുത്തല്‍. ഷാജിയെ അയോഗ്യനാക്കിയ ഹൈക്കോടതി വിധിയില്‍ സ്റ്റേ നിലനില്‍ക്കാത്തതിനാലാണ് തീരുമാനം.

നാളെയാണ് നിയമസഭാ സമ്മേളനം ആരംഭിക്കുന്നത്. പതിനാലാം കേരള നിയമസഭയുടെ പതിമൂന്നാം സമ്മേളനമാണ് ചൊവ്വാഴ്ച ആരംഭിക്കുന്നത്. ഷാജിക്ക് സമ്മേളനത്തില്‍ പങ്കെടുക്കാനാകില്ലെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനും നേരത്തെ വ്യക്തമാക്കിയിരുന്നു. ഷാജിയുടെ അപ്പീൽ ഇന്നും കോടതിയുടെ പരിഗണനക്ക് എത്തിയില്ല. സ്വാഭാവികമായ ഉത്തരവാണ് പുറത്ത് വന്നതെന്ന് കെ.എം ഷാജി പ്രതികരിച്ചു. നാളെ കേസ് കോടതി പരിഗണിക്കുമെന്നാണ് വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു.

ഷാജിക്ക് എംഎൽഎയായി നിയമസഭയിൽ എത്തുന്നതിന് തടസമില്ലെന്ന് കഴിഞ്ഞ ദിവസം സുപ്രീംകോടതി വാക്കാൽ പരാമര്‍ശിച്ചിരുന്നു. കോടതിയുടെ വാക്കാൽ പരാമര്‍ശം കൊണ്ട് ഷാജിക്ക് നിയമസഭയിൽ എത്താൻ സാധിക്കില്ലെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണൻ അറിയിച്ചു. ഇതിന് പിന്നാലെയാണ് നിയമസഭാ സെക്രട്ടറി ഉത്തരവിറക്കിയിരിക്കുന്നത്. ല​ഘു​ലേ​ഖ​ക​ളി​ലൂ​ടെ മ​ത​വി​കാ​രം ഉ​ണ​ർ​ത്തി​യും എ​തി​ർ​സ്ഥാ​നാ​ർ​ഥി​യെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തി​യും ക്ര​മ​ക്കേ​ട്​ നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് കെ.​എം. ഷാ​ജി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് വിജയം​ ഹൈ​കോ​ട​തി റ​ദ്ദാ​ക്കിയത്.

കണ്ണൂരിലെ അഴിക്കോട് മണ്ഡലത്തില്‍ നിന്നും തുടർച്ചയായി രണ്ടാം തവണയാണ് മുസ്‌ലിം ലീഗ് നേതാവായ ഷാജി ജയിച്ചത്. 2011 ലാണ് സി പി എമ്മിന്റെ കുത്തക സീറ്റായിരുന്ന അഴീക്കോട് മുസ്‌ലിം ലീഗ് പിടിച്ചെടുത്തത്. സി പി എമ്മിലെ സിറ്റിങ് എം എൽ എയായിരുന്ന എം. പ്രകാശനെ തോൽപ്പിച്ചാണ് 2011ൽ ഷാജി അഴീക്കോട് സീറ്റിൽ വിജയിച്ചത്. 2016 ൽ രണ്ടാം തവണ വീണ്ടും മത്സരിച്ച ഷാജി അഴീക്കോട് മണ്ഡലത്തിൽ വീണ്ടും ജയിച്ചു. അന്ന് മാധ്യമപ്രവർത്തകനും സിഎംപി സ്ഥാപകൻ എംവി രാഘവന്റെ മകനുമായ നികേഷ് കുമാറായിരുന്നു എതിരാളി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.