പിണറായി വിജയൻ മന്ത്രി സഭയിലെ ജലവിഭവ വകുപ്പ് മന്ത്രിയായി കെ കൃഷ്ണൻകുട്ടി നാളെ സത്യപ്രതിജ്ഞ ചെയ്യും. വൈകിട്ട് അഞ്ച് മണിക്ക് രാജ്ഭവനിലെ ഓഡിറ്റോറിയത്തിലാണ് സത്യപ്രതിജ്ഞ ചടങ്ങ്. ജെഡിഎസിൽ മന്ത്രിസ്ഥാനത്തെച്ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ മാത്യു ടി തോമസ് രാജിവെച്ച സാഹചര്യത്തിലാണ് കെ കൃഷ്ണൻകുട്ടി മന്ത്രി സ്ഥാനത്തേക്ക് എത്തുന്നത്.
ഇടതുപക്ഷത്തെ ഘടകക്ഷിയായ ജെഡിഎസ് മന്ത്രിസ്ഥാനം ഒഴിയാന് ആവശ്യപ്പെട്ടതോടെ മാത്യു ടി തോമസ് രാജി വെക്കുകയായിരുന്നു. മുഖ്യമന്ത്രിയെ കണ്ട അദ്ദേഹം രാജിക്കത്ത് കൈമാറി. കോഴിക്കോട് ഉണ്ടായിരുന്ന മുഖ്യമന്ത്രി ഇന്നാണ് തിരുവനന്തപുരത്ത് എത്തിയത്. മുഖ്യമന്ത്രിയെ നേരിട്ട് കണ്ട മാത്യു ടി തോമസ് രാജിക്കത്ത് കൈമാറുകയായിരുന്നു.
നാളെ നിയമസഭ സമ്മേളനം ആരംഭിക്കും. ഇതിന് ശേഷമായിരിക്കും രാജ്ഭവനിൽ സത്യപ്രതിജ്ഞ ചടങ്ങ് നടക്കും.
2016ൽ പിണറായി വിജയൻ സർക്കാർ അധികാരത്തിലെത്തിയ ശേഷം രാജിവെക്കുന്ന നാലാമത്തെ മന്ത്രിയാണ് മാത്യു ടി തോമസ്. ഇതിൽ രണ്ട്പേർ മന്ത്രിസഭയിലേക്ക് തിരിച്ചെത്തുകയും ചെയ്തു. ഒരു സിപിഎം മന്ത്രിയും മൂന്ന് ഘടകകക്ഷി മന്ത്രിമാരുമാണ് ചുരുങ്ങിയ കാലഘട്ടത്തിൽ സ്ഥാനം രാജിവെച്ചത്.
ബന്ധുനിയമന വിവാദത്തിൽ പെട്ട് മന്ത്രിസഭയിൽ നിന്ന് ആദ്യം രാജിവെക്കുന്നത് മന്ത്രിസഭയിലെ രണ്ടാമൻ എന്നറിയപ്പെട്ടിരുന്ന ഇ പി ജയരാജനാണ്. എന്നാൽ കേസ് ഒഴിവായതോടെ മന്ത്രി സ്ഥാനത്തേയ്ക്ക് അദ്ദേഹം തിരിച്ചെത്തി. പിന്നാലെ ഫോൺകെണി വിവാദത്തിൽപ്പെട്ട് എൻസിപിയുടെ എംഎൽഎ എ.കെ ശശീന്ദ്രനും മന്ത്രിസ്ഥാനം ഒഴിയേണ്ടി വന്നു.
എ.കെ ശശീന്ദ്രന് പകരക്കാരനായി എൻസിപി മന്ത്രിസഭയിൽ എത്തിച്ചത് അവരുടെ രണ്ടാമത്തെ എംഎൽഎ തോമസ് ചാണ്ടിയെ. ഗതാഗത മന്ത്രിയായി തോമസ് ചാണ്ടിക്കും അധികകാലം ഇരിപ്പുറപ്പിക്കാൻ സാധിച്ചില്ല. കായൽ കയ്യേറ്റവും സ്വന്തം റിസോർട്ട് നിർമ്മാണത്തിനായി നടത്തിയ ഭൂമികയ്യേറ്റ ആരോപങ്ങളും തോമസ് ചാണ്ടിയെ രാജിവെക്കാൻ നിർബന്ധിതനാക്കി.
ഇതിനിടയിൽ എ കെ ശശീന്ദ്രന്റെ കേസും കോടതിയിൽ നിന്ന് ഒഴിവായി. പിന്നാലെ അദ്ദേഹവും മന്ത്രി സ്ഥാനത്തേയ്ക്ക് തിരിച്ചെത്തി. ആരോപണങ്ങളെ തുടർന്നാണ് മറ്റ് മന്ത്രിമാരുടെ രാജിയെങ്കിൽ മന്ത്രിസ്ഥാനത്തെച്ചൊല്ലി ജെഡിഎസ് കേരള ഘടകത്തിലുണ്ടായ ഉൾപ്പൊരിന്റെ അടിസ്ഥാനത്തിലാണ് മാത്യു ടി തോമസിന് മന്ത്രി സ്ഥാനം രാജിവെക്കേണ്ടി വരുന്നത്.