തിരുവനന്തപുരം: കേരള ഫൈബര്‍ ഒപ്റ്റിക് നെറ്റ്വര്‍ക്ക് ലിമിറ്റഡിന് (കെ ഫോണ്‍) അടിസ്ഥാന സൗകര്യ സേവനങ്ങള്‍ നല്കുന്നതിനാവശ്യമായ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൊവൈഡര്‍ കാറ്റഗറി 1 ലൈസന്‍സ്. ഇതുസംബന്ധിച്ച് കേന്ദ്ര ടെലി കമ്യൂണിക്കേഷന്‍സ് വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.
ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൊവൈഡര്‍ കാറ്റഗറി 1 ലൈസന്‍സോടെ കേരളത്തിന്റെ അഭിമാന പദ്ധതിക്കു പ്രവര്‍ത്തനാനുമതി ലഭിച്ചിരിക്കുകയാണെന്നു മുഖ്യമന്ത്രി ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍ ലൈസന്‍സ് അധികം വൈകാതെ ലഭ്യമാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
അതിവേഗ ഇന്റര്‍നെറ്റ് സൗജന്യമായും കുറഞ്ഞനിരക്കിലും ഗുണമേന്മയോടുകൂടിയും പരമാവധി പേര്‍ക്കു ലഭ്യമാക്കാന്‍ ഉദ്ദേശിച്ചുള്ളതാണു കെ ഫോണ്‍ പദ്ധതി. ഇതു ടെലികോം മേഖലയിലെ കോര്‍പറേറ്റ് ശക്തികള്‍ക്കെതിരെയുള്ള ഇടതുസര്‍ക്കാരിന്റെ ജനകീയ ബദല്‍ കൂടിയാണെന്നു മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്ര ടെലി കമ്യൂണിക്കേഷന്‍ വകുപ്പിന്റെ ഔദ്യോഗിക റജിസ്ട്രേഷന് പ്രകാരം കെ ഫോണിനു ഫൈബര്‍ ഒപ്റ്റിക് ലൈനുകള്‍ (ഡാര്‍ക്ക് ഫൈബര്‍), ഡക്ട് സ്പേസ്, ടവറുകള്‍, നെറ്റ്വര്‍ക്ക് ശൃംഖല, മറ്റ് അവശ്യ സംവിധാനങ്ങള്‍ തുടങ്ങിയവ സ്വന്തമാക്കാനും തയാറാക്കാനും നിലനിര്‍ത്താനും അറ്റകുറ്റപ്പണികള്‍ നടത്താനും ഇവ ടെലികോം സര്‍വീസ് ലൈസന്‍സുള്ളവര്‍ക്കു വാടകയ്ക്കോ ലീസിനോ നല്‍കാനും വില്ക്കാനുമുള്ള അധികാരമുണ്ടാകും.
സ്വകാര്യ കേബിള്‍ ശൃംഖലകളുടെയും മൊബൈല്‍ സേവനദാതാക്കളുടെയും ചൂഷണത്തിന് അവസരമൊരുക്കരുതെന്ന ലക്ഷ്യത്തോടെയാണു സംസ്ഥാന സര്‍ക്കാര്‍ കെ ഫോണ്‍ പദ്ധതിക്കു തുടക്കമിട്ടത്. വൈദ്യുതി, ഐ ടി വകുപ്പുകള്‍ വഴി വിഭാവനം ചെയ്യുന്ന കെ ഫോണ്‍ പദ്ധതി സമൂഹത്തിലുണ്ടാകുന്ന ഡിജിറ്റല്‍ ഡിവൈഡിനെ മറികടക്കാന്‍ സഹായകമാവുമെന്നാണു സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്.
പദ്ധതിയുടെ ഭാഗമായി സര്‍ക്കാര്‍ ഓഫിസുകളിലും 1,4000 ബി പി എല്‍ വീടുകളിലും ജൂണ്‍ മുപ്പതോടെ ഇന്റര്‍നെറ്റ് കണക്ഷന് നല്‍കുമെന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ഇതു പ്രാവര്‍ത്തികമായിട്ടില്ല.
ആദ്യ ഘട്ടമെന്ന നിലയില്‍ ഓരോ നിയമസഭാ നിയോജക മണ്ഡലങ്ങളില്‍ നിന്നും പരമാവധി 500 കുടുംബങ്ങളെ കണ്ടെത്തി ഇന്റര്‍നെറ്റ് ലഭ്യമാക്കാനയിരുന്നു തീരുമാനം. ഇതിനായി സേവന ദാതാക്കളെ കണ്ടെത്തി ടെന്‍ഡര്‍ ഉറപ്പിച്ചെങ്കിലും തുടര്‍ നടപടിയുണ്ടായില്ല. കെ ഫോണ്‍ തന്നെ ഇന്റര്‍നെറ്റ് സേവനദാതാവാകാനാണുള്ള തീരുമാനമാനമാണ് ഇതിനു പിന്നില്‍.
നേരത്തെ അടിസ്ഥാന സൗകര്യ ദാതാവ് മാത്രമായിരുന്നാല്‍ മതിയെന്നായിരുന്നു സര്‍ക്കാരിന്റെ തീരുമാനം. ഇതില്‍ മാറ്റം വന്നതോടെയാണ് ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍ ലൈസന്‍സിനു കെ ഫോണ്‍ അപേക്ഷ നല്‍കിയത്. ലൈസന്‍സ് ലഭിക്കുന്നതോടെ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരിട്ട് ഇന്റര്‍നെറ്റ് കണക്ഷന് നല്കാന് കെ ഫോണിനാവും. ബാന്‍ഡ് വിഡ്ത് സേവന ദാതാവിനെ കണ്ടെത്താനും കെ ഫോണ്‍ ടെന്‍ഡര്‍ ക്ഷണിച്ചിട്ടുണ്ട്. അതിനിടെ, പദ്ധതിയുടെ അടിസ്ഥാനസൗകര്യ നിര്‍മാണം 30 ശതമാനം ബാക്കിയാണെന്നു മുഖ്യമന്ത്രി പിണറായി വിജയന് കഴിഞ്ഞയാഴ്ച നിയമസഭയില്‍ പറഞ്ഞിരുന്നു.