തിരുവനന്തപുരം: കേരള ഫൈബര്‍ ഒപ്റ്റിക് നെറ്റ്വര്‍ക്ക് ലിമിറ്റഡിന് (കെ-ഫോണ്‍) ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍ (ഐ എസ് പി) ലൈസന്‍സ്. കാറ്റഗറി ബി യൂണിഫൈഡ് ലൈസന്‍സ് നല്‍കിക്കൊണ്ട് കേന്ദ്ര ടെലി കമ്യൂണിക്കേഷന്‍സ് വകുപ്പ് ഉത്തരവിറക്കി.
സ്വന്തമായി ഐ എസ് പി ലൈസന്‍സും ഇന്റര്‍നെറ്റ് പദ്ധതിയുമുള്ള സംസ്ഥാനമായി കേരളം മാറിയിരിക്കുകയാണെന്നു മുഖ്യമന്ത്രി പറഞ്ഞു.
ഒരു സര്‍വീസ് മേഖലാപരിധിക്കകത്ത് ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ നല്‍കാനുള്ള പ്രവര്‍ത്തനാനുമതിയാണ് ഐ എസ് പി കാറ്റഗറി ബി ലൈസന്‍സ്. ഇതോടെ സംസ്ഥാനത്തിനകത്ത് വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഇന്റര്‍നെറ്റ് കണക്ഷന് നല്കാന് കെ ഫോണിനു കഴിയും.
അടിസ്ഥാന സൗകര്യ സേവനങ്ങള്‍ നല്കുന്നതിനാവശ്യമായ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൊവൈഡര്‍ കാറ്റഗറി 1 ലൈസന്‍സ് കെ ഫോണിനു കഴിഞ്ഞയാഴ്ച കേന്ദ്രം നല്‍കിയിരുന്നു.
മുപ്പതിനായിരത്തോളം സര്‍ക്കാര്‍ ഓഫീസുകളില്‍ കെ ഫോണ്‍ വഴി ഇന്റര്‍നെറ്റ് സേവനങ്ങള്‍ നല്‍കാനുള്ള നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു. അവസാന വട്ട തയാറെടുപ്പുകള്‍ക്കു ശേഷം ഇവിടെയല്ലാം ഇന്റര്‍നെറ്റ് ലഭ്യമാക്കും. ഇതോടെ ഇസര്ക്കാര് സേവനങ്ങള്‍ നല്‍കുന്നത് പേപ്പര്‍ രഹിതമാറുന്നത് ത്വരിതപ്പെടും. കൂടുതല്‍ വേഗത്തില്‍ സേവനങ്ങള്‍ ലഭ്യമാക്കുന്ന ജനസൗഹൃദാന്തരീക്ഷം സര്‍ക്കാര്‍ ഓഫീസുകളിലുണ്ടാകാന്‍ ഇതുപകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നേരത്തെ അടിസ്ഥാന സൗകര്യ ദാതാവ് മാത്രമായിരുന്നാല്‍ മതിയെന്നായിരുന്നു സര്‍ക്കാരിന്റെ തീരുമാനം. എന്നാല്‍ സേവനദാതാകാമെന്ന തീരുമാനം പിന്നീട് സര്‍ക്കാര്‍ സ്വീകരിച്ചു. ബി പി എല്‍ കുടുംബങ്ങള്‍ക്കു സൗജന്യമായി ഇന്റര്‍നെറ്റ് നല്കുമ്പോഴുണ്ടാകുന്ന സാമ്പത്തിക ബാധ്യത മറികടക്കുകയാണു ഈ തീരുമാനത്തിനു പിന്നിലുള്ളത്. ഇതേത്തുടര്‍ന്നാണു ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍ ലൈസന്‍സിനു കെ ഫോണ്‍ അപേക്ഷ നല്‍കിയത്.
ടെലികോം കമ്പനികളില്‍നിന്നു ബാന്‍ഡ് വിഡ്ത് സ്വകാര്യ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും മിതമായ നിരക്കില്‍ ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കുകയണു സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ബാന്‍ഡ് വിഡ്ത് സേവന ദാതാവിനെ കണ്ടെത്താനും കെ ഫോണ്‍ ടെന്‍ഡര്‍ ക്ഷണിച്ചിരുന്നു. അഞ്ച് കമ്പനികള്‍ പങ്കെടുത്ത ടെന്‍ഡറില്‍ ബി എസ് എന്‍ എല്‍ ആണ് ഒന്നാമത് എത്തിയിരിക്കുന്നത്.
പദ്ധതിയുടെ ഭാഗമായി സര്‍ക്കാര്‍ ഓഫിസുകളിലും 1,4000 ബി പി എല്‍ വീടുകളിലും ജൂണ്‍ മുപ്പതോടെ ഇന്റര്‍നെറ്റ് കണക്ഷന് നല്‍കുമെന്നായിരുന്നു നേരത്തെ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്. കേരള ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡും കെ എസ് ഇബിയും ചേര്‍ന്നുള്ള സംരംഭമാണ് കെ ഫോണ്‍.
കഴിഞ്ഞയാഴ്ച ലഭിച്ച കേന്ദ്ര ടെലി കമ്യൂണിക്കേഷന്‍ വകുപ്പിന്റെ ഔദ്യോഗിക റജിസ്ട്രേഷന് പ്രകാരം കെ ഫോണിനു ഫൈബര്‍ ഒപ്റ്റിക് ലൈനുകള്‍ (ഡാര്‍ക്ക് ഫൈബര്‍), ഡക്ട് സ്പേസ്, ടവറുകള്‍, നെറ്റ്വര്‍ക്ക് ശൃംഖല, മറ്റ് അവശ്യ സംവിധാനങ്ങള്‍ തുടങ്ങിയവ സ്വന്തമാക്കാനും തയാറാക്കാനും നിലനിര്‍ത്താനും അറ്റകുറ്റപ്പണികള്‍ നടത്താനും ഇവ ടെലികോം സര്‍വീസ് ലൈസന്‍സുള്ളവര്‍ക്കു വാടകയ്ക്കോ ലീസിനോ നല്‍കാനും വില്ക്കാനുമുള്ള അധികാരമുണ്ടാകും.