തിരുവനന്തപുരം: പികെ ശശിക്കെതിരെ നടപടി എടുത്തതോടെ പരാതി നല്‍കിയ പെണ്‍കുട്ടിയ്ക്ക് നീതി ലഭിച്ചെന്ന് പികെ ശ്രീമതി എംപി. ശശിക്കെതിരായ പരാതി അന്വേഷിച്ച കമ്മീഷനിലെ അംഗമാണ് ശ്രീമതി. ഒരു നേതാവിന് യോജിക്കാത്ത നടപടിയാണ് ശശിയുടേതെന്നും ശ്രീമതി പറഞ്ഞു.

ശശിയില്‍ നിന്നും അനുചിതമായ സംഭാഷണമുണ്ടായെന്നും പാര്‍ട്ടിക്ക് അംഗീകരിക്കാനാവാത്ത ചില പ്രയോഗങ്ങളും ശശിയില്‍ നിന്നുമുണ്ടായെന്നും ശ്രീമതി പറഞ്ഞു. ഇത്രയും നാളും പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചൊരാളില്‍ നിന്നും വീഴ്ച്ചയുണ്ടായപ്പോള്‍ മാറ്റി നിര്‍ത്തുകയല്ല തെറ്റ് തിരുത്താനുള്ള നടപടിയെടുക്കുകയാണ് ചെയ്തതെന്നും സിപിഎമ്മിന് മാത്രമേ ഇത്ര ശക്തമായ നടപടിയെടുക്കാനാവുകയുള്ളുവെന്നും അവര്‍ പറഞ്ഞു.

അതേസമയം പരാതിക്കാരിയായ യുവതി പൊലീസിനെ സമീപിക്കില്ലെന്നാണ് കരുതുന്നതെന്നും പരാതിക്ക് പിന്നില്‍ പാലക്കാട് ജില്ലാ വിഭാഗത്തിലെ വിഭാഗീയതയല്ലെന്നും ശ്രീമതി പറഞ്ഞു. പികെ ശ്രീമതിയും മന്ത്രി എകെ ബാലനുമായിരുന്നു കമ്മീഷനിലെ അംഗങ്ങള്‍.

അതേസമയം, പികെ ശശി എംഎല്‍എയെ പ്രാഥമികാംഗത്വത്തില്‍ നിന്ന് ആറ് മാസത്തേക്ക് സസ്‌പെന്റ് ചെയ്ത പാര്‍ട്ടി നടപടിയില്‍ തൃപ്തിയുണ്ടെന്ന് പരാതിക്കാരി പറഞ്ഞു. പാര്‍ട്ടിയില്‍ തനിക്ക് വിശ്വാസമുണ്ടായിരുന്നുവെന്നും അത് കാത്തുവെന്നും അവര്‍ വാര്‍ത്തയോട് പ്രതികരിച്ചു.

പികെ ശശിക്കെതിരെ നടപടിയെടുത്തതില്‍ പാര്‍ട്ടിയോട് നന്ദിയും സ്‌നേഹവും ഉണ്ടെന്നും അവര്‍ പറഞ്ഞു. എന്നാല്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്നാണ് അവര്‍ വ്യക്തമാക്കിയത്.

പികെ ശശിക്കെതിരെ ഇവര്‍ നല്‍കിയ പരാതിയിലാണ് പാര്‍ട്ടി അന്വേഷണ കമ്മിഷനെ വച്ചത്. പ്രവര്‍ത്തകയോട് ഫോണിലൂടെ അപമര്യാദയായി പെരുമാറിയെന്നാണ് ശശിക്കെതിരായ കുറ്റം. സിപിഎം സംസ്ഥാന സമിതിയാണ് നടപടിയെടുത്തത്. നടപടി കേന്ദ്രകമ്മിറ്റിയുടെ അംഗീകാരത്തിന് അയക്കും. ആറ് മാസത്തേക്ക് പാര്‍ട്ടിയുടെ യാതൊരു കമ്മിറ്റികളിലും പികെ ശശിക്ക് പങ്കെടുക്കാനാവില്ല. അതേസമയം എംഎല്‍എ സ്ഥാനത്ത് തുടരാം. പാര്‍ട്ടിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അനുഭാവി എന്ന നിലയിലാവും പികെ ശശിക്ക് ഇടപെടാനാവുക.

നാളെ നിയമസഭാ സമ്മേളനം തുടങ്ങാനിരിക്കെ പ്രതിപക്ഷത്തിന് ഈ വിഷയത്തില്‍ ആക്രമണം നടത്താന്‍ അവസരം നല്‍കാതെയാണ് പാര്‍ട്ടി നടപടി.പരാതി പാലക്കാട്ടെ വിഭാഗീയതയുടെ ഭാഗമെന്ന് എ.കെ.ബാലനും അതല്ലെന്ന് പി.കെ.ശ്രീമതിയും നിലപാടെടുത്തു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ