ന്യൂഡൽഹി: തോമസ് ചാണ്ടി നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതില്‍ നിന്ന് മൂന്നാമത്തെ ജഡ്ജിയും പിന്മ‍ാറി. ജസ്റ്റിസ് കുര്യൻ ജോസഫാണ് ഇപ്പോള്‍ പിന്മാറിയത്. പിന്മാറാനുള്ള കാരണം വ്യക്തമാക്കിയിട്ടില്ല. നേരത്തെ ജസ്റ്റിസ് അഭയ് മനോഹര്‍ സാത്രെ, ജസ്റ്റിസ് എ.എം.ഖന്‍വില്‍ക്കര്‍ എന്നിവര്‍ കേസ് കേള്‍ക്കുന്നതില്‍ നിന്ന് പിന്മാറിയിരുന്നു.

കായല്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട കലക്ടറുടെ റിപ്പോര്‍ട്ടും ഹൈക്കോടതി പരാമര്‍ശവും നീക്കണമെന്നാവശ്യപ്പെട്ടാണ് തോമസ് ചാണ്ടി സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. കലക്ടറുടെ റിപ്പോര്‍ട്ടിലെ തുടര്‍ നടപടികളും സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ്‌ അപ്പീല്‍.

അപ്പീലില്‍ തന്‍റെ ഭാഗം കേള്‍ക്കാതെ തീരുമാനമെടുക്കരുതെന്നാവശ്യപ്പെട്ട്‌ തൃശൂരിൽ നിന്നുളള സിപിഐ പ്രവർത്തകൻ മുകുന്ദനും കോടതിയെ സമീപിച്ചിട്ടുണ്ട്.

അതേസമയം, വയൽ നികത്തി റോഡ് നിർമ്മിച്ചുവെന്ന കേസിൽ തോമസ് ചാണ്ടിയെ ഒന്നാം പ്രതിയാക്കി കോട്ടയം വിജിലൻസ് കോടതിയിൽ എഫ്ഐആർ നൽകി. നെൽവയൽ നീർത്തട സംരക്ഷണ നിയമം ലംഘിച്ച് തോമസ് ചാണ്ടിയുടെ ലേക്ക് പാലസ് റിസോർട്ടിലേക്ക് റോഡ് നിർമ്മിച്ചുവെന്നാണ് കേസ്. 2010-12 കാലയളവിലെ ആലപ്പുഴ ജില്ലാ കലക്ടർമാരായിരുന്നവർ ഉൾപ്പടെ 22 പ്രതികളാണ് കേസിലുളളത്. കേസെടുക്കാൻ ശുപാശ ചെയ്ത വിജിലൻസ് കോട്ടയം യൂണിറ്റിലെ സംഘത്തെ മാറ്റി തിരുവനന്തപുരം സംഘത്തിന് അന്വേഷണ ചുമതല നൽകി.

ഇതിനിടെ ലേക് പാലസ് റിസോര്‍ട്ടിന് വേണ്ടി നെല്‍വയല്‍ തണ്ണീര്‍ത്തത്തട സംരക്ഷണ നിയമം ലംഘിച്ച് നിര്‍മ്മിച്ച പാര്‍ക്കിങ് സ്ഥലവും അപ്രോച്ച് റോഡും പൊളിച്ച് നീക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടറുടെ തെളിവെടുപ്പും ഇന്ന് നടക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.