കൊച്ചി: പൊലീസും ബിഷപ് ഫ്രാങ്കോ മുളയ്ക്കലും തമ്മിൽ കൊടുക്കൽ വാങ്ങൽ ബന്ധമാണെന്ന് ഹൈക്കോടതി റിട്ട.ജസ്റ്റിസ് കെമാൽപാഷ. ഇവർ തമ്മിലുളള അവിശുദ്ധ കൂട്ടുകെട്ടാണ് അറസ്റ്റ് വൈകാൻ കാരണം. ബിഷപ്പിനെ മെഡിക്കല് പരിശോധനക്ക് വിധേയനാക്കാത്തത് ഇതിന് ഏറ്റവും വലിയ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.
തനിക്കെതിരെ ഒരു നടപടിയും ഉണ്ടാവില്ലെന്ന് അറിയാവുന്നതുകൊണ്ടാണ് ബിഷപ് മുൻകൂർ ജാമ്യത്തിന് ശ്രമിക്കാത്തത്. അറസ്റ്റ് അന്തിമഘട്ടത്തിലാണെന്നാണ് ഡിജിപി പറഞ്ഞത്. എന്നിട്ട് ഇതുവരെ അറസ്റ്റൊന്നും നടന്നിട്ടില്ലെന്നും ഡിജിപിക്ക് നാണമില്ലേയെന്നും കെമാൽപാഷ ചോദിച്ചു. സ്ത്രീ സുരക്ഷയെന്ന് പറഞ്ഞ് അധികാരത്തിലെത്തിയ സർക്കാരിന് നാണക്കേടാണിത്. ബിഷപ്പിനെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണം. ജനങ്ങൾ ഇതൊക്കെ കാണുന്നുണ്ടെന്ന് സർക്കാർ ഓർക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
പീഡന പരാതിയിൽ ജലന്ധർ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് വൈകുന്നതിനെതിരെ കന്യാസ്ത്രീകൾ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം അറിയിച്ച് സമരപ്പന്തലിൽ എത്തിയതായിരുന്നു കെമാൽപാഷ. കന്യാസ്ത്രീകൾക്ക് ഐക്യദാർഢ്യം അറിയിച്ച് നിരവധിപേർ സമരപന്തലിലേക്ക് എത്തുന്നുണ്ട്. സീറോമലബാർ, ഓർത്തഡോക്സ് തുടങ്ങി വിവിധ സഭകളിൽനിന്നുളള പുരോഹിതരും മതമേലധ്യക്ഷന്മാരും സമരപ്പന്തലിൽ എത്തിയിട്ടുണ്ട്.
സമരത്തിൽനിന്നും പിന്നോട്ടില്ലെന്ന നിലപാടിലാണ് കന്യാസ്ത്രീകൾ. ആവശ്യമായ തെളിവുകൾ ഉണ്ടായിട്ടും ബിഷപ്പിനെ അറസ്റ്റ് ചെയ്യാതെ തങ്ങൾക്ക് നീതി നിഷേധിക്കുകയാണെന്ന് കന്യാസ്ത്രീകൾ വ്യക്തമാക്കി. പീഡന പരാതിയിൽ ബിഷപ്പിനെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്നാണ് കന്യാസ്ത്രീകളുടെ ആവശ്യം.
പരാതിക്കാരായ കന്യാസ്ത്രീയുടെ കുടുംബാംഗങ്ങൾ നടത്തുന്ന പ്രതിഷേധ ധർണയിലാണ് കുറവിലങ്ങാട് മഠത്തിലെ അഞ്ചു കന്യാസ്ത്രീകളും ഒപ്പം ചേർന്നത്. ഹൈക്കോടതി ജംങ്ഷനിലാണ് പ്രതിഷേധ ധർണ നടക്കുന്നത്.