കൊച്ചി: മരട് ഫ്ലാറ്റ് വിഷയത്തിൽ വിധി ബാധിക്കുന്നവരുടെ ഭാഗം കേൾക്കാതെയുള്ള ഉത്തരവാണ് സുപ്രീം കോടതി പുറപ്പെടുവിച്ചിരിക്കുന്നതെന്ന് മുൻ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ബി.കെമാൽപാഷ. സാമാന്യ നീതിയുടെ തത്വങ്ങളനുസരിച്ച് സുപ്രീം കോടതി താമസക്കാർക്ക് പറയാനുള്ളത് കേൾക്കണമെന്നും മരടിൽ പൊളിക്കുന്നത് ഫ്ലാറ്റല്ലെന്നും അവിടെ താമസിക്കുന്നവരുടെ ജീവിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
താമസക്കാർക്ക് സംരക്ഷണം ഉറപ്പാക്കി കൊണ്ട് സുപ്രീം കോടതിക്ക് ഉത്തരവിടാമായിരുന്നുവെന്നും തിരുത്തൽ ഹർജിയിലൂടെ താമസക്കാർക്ക് നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും കെമാൽപാഷ പറഞ്ഞു. നിലവിലെ മാർക്കറ്റ് വില പ്രകാരമുള്ള വില നൽകാനും സർക്കാരിനോടോ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനത്തോടോ സുപ്രീം കോടതിക്ക് നിർദേശിക്കാവുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.
Also Read: മരട് നഗരസഭയുടെ കുടിയൊഴിപ്പിക്കൽ നോട്ടീസ്; ഫ്ലാറ്റ് ഉടമകൾ ഹൈക്കോടതിയിൽ റിട്ട് ഹർജി സമർപ്പിക്കും
അതേസമയം, രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും സങ്കട ഹർജി നൽകാൻ ഒരുങ്ങുകയാണ് താമസക്കാർ. ഫ്ലാറ്റുകളിലെ ഉടമകൾക്ക് മരട് നഗരസഭ കഴിഞ്ഞ ദിവസം നോട്ടീസ് നൽകിയതിനെതിരെ ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് ഫ്ലാറ്റുടമകൾ. കുടിയൊഴിപ്പിക്കൽ സാമാന്യ നീതിക്കെതിരാണെന്നും മനുഷ്യാവകാശ ലംഘനമാണെന്നും ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ റിട്ട് ഹർജി നൽകും.
ഫ്ലാറ്റ് ഒഴിയാൻ മതിയായ ദിവസം അനുവദിച്ചിട്ടില്ല. അഞ്ച് ദിവസത്തിനകം ഒഴിയണമെന്ന് ആവശ്യപ്പെടുന്നുണ്ടെങ്കിലും പുനരധിവാസ നടപടികളെ പറ്റി വ്യക്തതയില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടും. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ ഉത്തരവാദിത്തമുള്ളവർ തന്നെ നീതി നിഷേധം കാണിക്കുന്നുവെന്ന് ഫ്ലാറ്റുടമകൾ കോടതിയിൽ വ്യക്തമാക്കും. ഹർജി സമർപ്പിക്കുന്നതിന്റെ ഭാഗമായി ഉടമകൾ നഗരസഭയിലെത്തി നോട്ടീസ് കൈപറ്റും. നേരത്തെ നോട്ടീസ് നൽകാൻ നഗരസഭ അധികൃതർ എത്തിയപ്പോൾ ഉടമകൾ കൈപ്പറ്റിയിരുന്നില്ല.
Also Read: സ്വകാര്യ ബസില്‍ നിന്ന് ഇറക്കി വിട്ട രോഗി മരിച്ചു
സുപ്രീം കോടതി നിർദേശമനുസരിച്ചാണ് മരടിലെ ഫ്ലാറ്റുകൾ പൊളിക്കാനുള്ള നടപടികളുമായി മരട് നഗരസഭ മുന്നോട്ട് പോകുന്നത്. മരടിലെ അനധികൃത ഫ്ളാറ്റുകള്‍ പൊളിക്കണമെന്ന സുപ്രീം കോടതി വിധി നടപ്പാക്കുമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് തിങ്കളാഴ്ച വ്യക്തമാക്കിയിരുന്നു. ഫ്ലാറ്റുകൾ പൊളിക്കുന്നതുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് കഴിഞ്ഞ ദിവസം അടിയന്തര കൗൺസിൽ യോഗം ചേർന്നിരുന്നു. ഇതിനു ശേഷമാണ് മാറി താമസിക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് ഒട്ടിച്ചത്.