തിരുവനന്തപുരം: സിനിമാ മേഖലയിലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി ജസ്റ്റിസ് ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ട്. സിനിമയില്‍ പലര്‍ക്കും അപ്രഖ്യാപിത വിലക്കുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 300 പേജുള്ള റിപ്പോര്‍ട്ട് ജസ്റ്റിസ് ഹേമ കമ്മിഷന്‍ മുഖ്യമന്ത്രി പിണറായി വിജയന് സമര്‍പ്പിച്ചു. സിനിമാ മന്ത്രി എ.കെ.ബാലനും സന്നിഹിതനായിരുന്നു.

ചലച്ചിത്ര വ്യവസായത്തിലെ സ്ത്രീകളുമായും അവരുടെ തൊഴില്‍ സാഹചര്യങ്ങളുമായും ബന്ധപ്പെട്ട വിഷയങ്ങള്‍ പഠിച്ച് പരിഹാരം നിര്‍ദേശിക്കാൻ സംസ്ഥാന സര്‍ക്കാരാണ് ജസ്റ്റിസ് ഹേമ കമ്മിഷന് രൂപം നൽകിയത്. വനിതകളുടെ സിനിമാ കൂട്ടായ്മയായ ഡബ്ല്യുസിസി ഇങ്ങനെയൊരു കമ്മിഷനു വേണ്ടി ആവശ്യം ഉന്നയിച്ചിരുന്നു. ജസ്റ്റിസ് ഹേമ, ചലച്ചിത്ര താരം ടി.ശാരദ, കെ.ബി.വല്‍സല കുമാരി (റിട്ട ഐഎഎസ്) എന്നിവരാണ് റിപ്പോർട്ട് സമർപ്പിക്കാൻ എത്തിയത്.

hema commission, hema committee, justice hema commission, justice hema committee, women in cinema collective, hema commission report, ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ട്‌, ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്‌

Read Also: Explained: എന്താണ് ഹേമ കമ്മിഷന്‍?

സിനിമയിലെ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്ന് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നുണ്ട്. സിനിമയില്‍ അവസരം ലഭിക്കാന്‍ കിടപ്പറയിലേക്ക് വിളിക്കുന്നവരുണ്ടെന്ന് ചിലര്‍ മൊഴി നല്‍കിയിരിക്കുന്നു. ദൃശ്യ, ശ്രാവ്യ തെളിവുകള്‍ സഹിതമാണ് കമ്മിഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.

കുറ്റവാളികളെ നിശ്ചിതകാലത്തേക്ക് സിനിമയില്‍നിന്ന് മാറ്റി നിര്‍ത്തണമെന്ന് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു. ശക്തമായ നിയമ നടപടികളിലൂടെ മാത്രമേ സിനിമയിലെ അനീതികള്‍ക്ക് പ്രശ്നപരിഹാരം സാധ്യമാവൂ. ശക്തമായ നിയമം കൊണ്ടുവരണമെന്നും ട്രിബ്യൂണല്‍ രൂപീകരിക്കണമെന്നും ശുപാർശ ചെയ്യുന്നു. വളരെ മാന്യമായി പെരുമാറുന്ന പുരുഷൻമാരും സിനിമയിലുണ്ടെന്ന് കമ്മിഷന്‍ റിപ്പോർട്ടിൽ പറയുന്നു.

സിനിമാ സെറ്റുകളില്‍ മദ്യം, മയക്കുമരുന്ന് ഉപയോഗമുണ്ടെന്നും കമ്മിഷൻ റിപ്പോർട്ടിൽ കണ്ടെത്തി. സിനിമാമേഖലയിലെ പരാതികൾ പരിഗണിക്കാൻ ട്രിബ്യൂണൽ വേണമെന്നാണ് കമ്മിഷന്റെ പ്രധാന നിർദേശം. തെളിവെടുപ്പിനിടെ സംസാരിക്കാന്‍ പുരുഷന്മാരും സ്ത്രീകളും വിമുഖത കാട്ടിയതും പലരും ഭയപ്പെട്ട് സംസാരിക്കാത്തതും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.