തിരുവനന്തപുരം: സിഎ വിദ്യാർത്ഥിനി മിഷേലിന്റെ മരണത്തിൽ പ്രാഥമിക അന്വേഷണം നടത്തുന്നതിൽ പൊലീസ് പരാജയപ്പെട്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒരു പെൺകുട്ടിയെ കാണാനില്ലെന്ന പരാതിയിൽ അന്വേഷണം നടത്താൻ പോലും കെൽപില്ലെങ്കിൽ എന്തിനാണ് പൊലീസ് സ്റ്റേഷൻ നടത്തി കൊണ്ടു പോകുന്നതെന്ന് ചെന്നിത്തല ചോദിച്ചു. തന്റെ ഫെയ്സ്‌ബുക്ക് പോസ്റ്റിലാണ് രമേശ് ചെന്നിത്തല പൊലീസിനെതിരെ രുക്ഷ വിമർശനമുന്നയിച്ചത്.
മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കളും നാട്ടുകാരും പറഞ്ഞിട്ടും ദിവസങ്ങളേറെയായിട്ടും പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കൈപറ്റാൻ പോലും പൊലീസ് തയ്യാറായിട്ടില്ല. നാട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് സിസിടിവി ദൃശ്യങ്ങൾ പോലും കണ്ടെടുത്തത്. സ്ത്രീകൾക്ക് നേരെ വർദ്ധിച്ചു വരുന്ന അതിക്രമങ്ങൾക്ക് അറുതി വരുത്താൻ ജീവനില്ലാത്ത പ്രസ്താവനകൾക്ക് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
രമേശ് ചെന്നിത്തലയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:
പാലാരിവട്ടത്ത് സിഎ വിദ്യാർഥിനിയായ മിഷേൽ ഷാജിയെ കഴിഞ്ഞ ഞായറാഴ്ചയാണ് കാണാതായത്. പിറ്റേന്ന് വൈകിട്ട് ഐലൻഡിലെ വാർഫിനടുത്ത് കായലിൽ മിഷേലിന്റെ മൃതദേഹം കണ്ടെത്തി. പിറവം ഇലഞ്ഞി സ്വദേശിയാണ് മിഷേൽ ഷാജി. മരണത്തിൽ കൂടുതൽ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ രംഗത്തെത്തിയിരുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്ന് കാട്ടി ബന്ധുക്കൾ മുഖ്യമന്ത്രി പിണറായി വിജയനു പരാതി നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് സംഭവത്തിൽ കൂടുതൽ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ പ്രതിഷേധത്തിന് തയാറെടുക്കുന്നത്.
അതേസമയം, സംഭവ ദിവസം കലൂർ പള്ളിയിൽനിന്നും പെൺകുട്ടി പുറത്തേക്ക് പോകുന്നതടക്കമുള്ള സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു. എന്നാൽ പള്ളിയിൽ നിന്ന് പുറത്തേക്ക് വരുന്ന ദൃശ്യങ്ങളിൽ മിഷേലിന് മാനസിക പിരിമുറക്കമുള്ളതായി തോന്നുന്നില്ലെന്നും മിഷേൽ വെള്ളത്തിൽ വീണ് മരിച്ചതിന്റെ അടയാളങ്ങളില്ലെന്നും ബന്ധുക്കൾ പറയുന്നു.