സിഎ വിദ്യാർത്ഥി മിഷേൽ ഷാജിയുടെ മരണത്തിലെ അസ്വാഭാവികത അന്വേഷിക്കണമെന്ന കുടുംബത്തിന്റെ ആവശ്യത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നിവിൻ പോളി. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് നിവിൻ മിഷേലിന്റെ മരണത്തക്കുറിച്ച് പ്രതികരിച്ചത്.

ഒരു കുടുംബത്തിന്റെ പ്രതീക്ഷയും സ്വപ്‌നങ്ങളുമാണ് മിഷേലിന്റെ വിയോഗത്തിലൂടെ തകർന്നത്. കുടുംബം അന്വേഷണം ആവശ്യപ്പെടുന്നു. നീതിയ്‌ക്ക് വേണ്ടിയുളള അവരുടെ പോരാട്ടത്തെ പിന്തുണക്കണം. നമ്മുടെ ചെറിയ ശബ്‌ദങ്ങൾ മാറ്റങ്ങളുടെ വലിയൊരു ലോകം സൃഷ്‌ടിച്ചേക്കാം. അധികാരികളേ ഉണരുക… ദൈവത്തിന്റെ മക്കളൊന്നും ഇങ്ങനെ വ്യർത്ഥമായി മരിച്ചു പോകരുത്”- നിവിൻ പോസ്റ്റിൽ കുറിക്കുന്നു.

ഈ വാർത്ത ഞെട്ടിച്ചുവെന്ന് ടൊവിനോ പോസ്റ്റിൽ പറയുന്നു. ഇതൊക്കെ “ആർക്കോ” സംഭവിക്കുന്ന കാര്യമല്ലേ എന്നോർത്ത് സമാധാനിക്കുന്നവരോട് ഒന്നേ പറയാനുളളൂ, നമ്മളും മറ്റുളളവർക്ക് “ആരോ” ആണ് എന്നാണ് ടൊവിനോയുടെ പോസ്റ്റ്.

പാലാരിവട്ടത്ത് സിഎ വിദ്യാർഥിനിയായ മിഷേൽ ഷാജിയെ കഴിഞ്ഞ ഞായറാഴ്ചയാണ് കാണാതായത്. പിറ്റേന്ന് വൈകിട്ട് ഐലൻഡിലെ വാർഫിനടുത്ത് കായലിൽ മിഷേലിന്റെ മൃതദേഹം കണ്ടെത്തി. പിറവം ഇലഞ്ഞി സ്വദേശിയാണ് മിഷേൽ ഷാജി. മരണത്തിൽ കൂടുതൽ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ രംഗത്തെത്തിയിരുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്ന് കാട്ടി ബന്ധുക്കൾ മുഖ്യമന്ത്രി പിണറായി വിജയനു പരാതി നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് സംഭവത്തിൽ കൂടുതൽ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ പ്രതിഷേധത്തിന് തയാറെടുക്കുന്നത്.

അതേസമയം, സംഭവ ദിവസം കലൂർ പള്ളിയിൽനിന്നും പെൺകുട്ടി പുറത്തേക്ക് പോകുന്നതടക്കമുള്ള സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു. സംഭവം ആത്മഹത്യയാണെന്നാണ് പൊലീസ് ഇപ്പോൾ പറയുന്നത്. എന്നാൽ പള്ളിയിൽ നിന്ന് പുറത്തേക്ക് വരുന്ന ദൃശ്യങ്ങളിൽ മിഷേലിന് മാനസിക പിരിമുറക്കമുള്ളതായി തോന്നുന്നില്ലെന്നും മിഷേൽ വെള്ളത്തിൽ വീണ് മരിച്ചതിന്റെ അടയാളങ്ങളില്ലെന്നും ബന്ധുക്കൾ പറയുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ