കൊൽക്കത്ത: പിടികിട്ടാപ്പുള്ളിയായിരിക്കെ ഹൈക്കോടതി ജഡ്ജി സ്ഥാനത്ത് നിന്ന് ഇന്ന് ജസ്റ്റിസ് സി.എസ്.കർണൻ വിരമിക്കും. കോടതിയലക്ഷ്യ കേസിൽ നിയമനടപടി നേരിടുന്ന കർണൻ ഒളിവിലാണ്. ഒളിവിലിരുന്ന് വിരമിക്കുന്ന ആദ്യ ഹൈക്കോടതി ജഡ്ജിയാണ് അദ്ദേഹം. കോടതിയലക്ഷ്യ കേസിൽ കഴിഞ്ഞ മാസം സുപ്രീം കോടതി ഇദ്ദേഹത്തിന് ആറ് മാസം തടവുശിക്ഷ വിധിച്ചിരുന്നു.
മദ്രാസ് ഹൈക്കോടതി ജഡ്ജിയായി 2009 ൽ നിയമിതനായ ജസ്റ്റിസ് കർണ്ണൻ 2016 ലാണ് കൊൽക്കത്ത ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റം നേടി പോയത്. ഈ വർഷം ജനവരിയിൽ വിരമിച്ച സുപ്രീം കോടതി ജഡ്ജിമാരടക്കം 20 ജഡ്ജിമാർക്കെതിരെ അഴിമതി ആരോപണം നടത്തിയതോടെയാണ് ഇദ്ദേഹം വിവാദത്തിലായത്.
പിന്നീട് ആഴ്ചകളോളം സുപ്രീം കോടതിയുടെ ഏഴംഗ ബെഞ്ചുമായി ഏറ്റുമുട്ടിയ കർണനെതിരെ മെയ് മാസത്തിലാണ് കോടതിയലക്ഷ്യ കേസിൽ സുപ്രീം കോടതി ഡിവിഷൻ ബെഞ്ച് ആറ് മാസം തടവുശിക്ഷ വിധിച്ചത്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജെ.എസ്.കഹാർ അടക്കം എട്ട് ജസ്റ്റിസുമാരെ അറസ്റ്റ് ചെയ്യാൻ കർണൻ ഉത്തരവിട്ടതിന് തൊട്ടടുത്ത ദിവസമാണ് കർണനെ സുപ്രീം കോടതി ശിക്ഷിച്ചത്.
ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യാൻ വെസ്റ്റ് ബംഗാൾ ഡിജിപിയുടെ നേതൃത്വത്തിൽ പൊലീസ് സംഘം എത്തിയെങ്കിലും ഇതിന് മുൻപ് തന്നെ ഇദ്ദേഹം ചെന്നൈയിലേക്ക് കടന്നു. പിന്നീട് ഇതുവരെ ഇദ്ദേഹത്തെ കുറിച്ച് യാതൊരു വിവരവുമില്ല.
തമിഴ്നാട്ടിലെത്തിയ വെസ്റ്റ് ബംഗാൾ പൊലീസ് ഇദ്ദേഹത്തിനായി തിരച്ചിൽ നടത്തുകയാണ്. സുപ്രീം കോടതി വിധി നിലനിൽക്കുന്ന സാഹചര്യത്തിൽ ജസ്റ്റിസ് കർണന് ഔദ്യോഗിക യാത്രയയപ്പ് ലഭിക്കില്ല. ഒദ്യോഗിക വിടപറയൽ പ്രസംഗത്തിനും അവസരം ലഭിക്കില്ല. ഇത്തരത്തിൽ വിടപറയേണ്ടി വരുന്ന ആദ്യത്തെ ഹൈക്കോടതി ജഡ്ജിയെന്ന ഖ്യാതിയും ഇദ്ദേഹത്തിന് ലഭിക്കും.
അറസ്റ്റിൽനിന്നും രക്ഷപ്പെടാനായി കർണൻ ഇതിനോടകം രാജ്യം വിട്ടു കാണുമെന്ന് അദ്ദേഹത്തിന്റെ അടുത്ത സഹായിയും ലീഗൽ അഡ്വൈസറുമായ പീറ്റർ രമേഷ് കുമാർ പറഞ്ഞു. കർണനുമായി രാഷ്ട്രപതി കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ചതിനുശേഷം മാത്രമേ അദ്ദേഹം മടങ്ങിവരൂവെന്നും രമേഷ് കുമാർ വ്യക്തമാക്കി.
ജസ്റ്റിസ് കർണൻ ചെപ്പോക് ഗവ. ഗെസ്റ്റ് ഹൗസിൽനിന്നും ബുധനാഴ്ച രാവിലെ ആന്ധ്രാപ്രദേശിൽ തിരുപ്പതിക്കു സമീപം കാളഹസ്തി ക്ഷേത്രത്തിലേക്കു പോയെന്നാണ് മധ്യമങ്ങളും ചെന്നൈ പൊലീസും അറിയിച്ചത്. കർണൻ അല്ല അദ്ദേഹത്തിന്റെ മൊബൈൽ ഫോൺ മാത്രമാണ് കാളഹസ്തിയിലേക്ക് പോയത്. പൊലീസിന്റെ ദിശ മാറ്റാനാണ് അദ്ദേഹം ഈ തന്ത്രം പ്രയോഗിച്ചത്. നേപ്പാളിന്റെയോ ബംഗ്ലാദേശിന്റെയോ അതിർത്തി കർണൻ ഇതിനോടകം കടന്നിട്ടുണ്ടാകുമെന്നും രമേശ് കുമാർ അവകാശപ്പെട്ടു. അതേസമയം, ചെന്നൈയിൽനിന്നും ഇന്ത്യൻ അതിർത്തിയിൽ എത്താനായി റോഡ് മാർഗമാണോ കർണൻ ഉപയോഗിച്ചത് എന്നതിനെക്കുറിച്ച് അദ്ദേഹം വ്യക്തമാക്കിയില്ല.
സുപ്രീംകോടതി വിധി നടപ്പാക്കാൻ അഞ്ചുപേരടങ്ങിയ കൊൽക്കത്ത പൊലീസ് സംഘം ഇന്നലെ ചെന്നൈയിൽ എത്തിയെങ്കിലും കർണനെ പിടികൂടാനായില്ല. പുലർച്ചെ വരെ അദ്ദേഹം ചെപ്പോക് ഗവ. ഗെസ്റ്റ് ഹൗസിലെ മൂന്നാം നമ്പർ മുറിയിലുണ്ടായിരുന്നു. പിന്നീട്, കാളഹസ്തി ക്ഷേത്രത്തിലേക്കു പോയതായി സൂചന ലഭിച്ചതിനെ തുടർന്നു പൊലീസ് അവിടെയെത്തിയെങ്കിലും കണ്ടെത്താനായില്ല. ഗ്രീൻവേഴ്സ് റോഡിലെ കർണന്റെ വസതിയിലും ചൂളൈമേട്ടിലെ മകന്റെ വസതിയിലും പൊലീസ് തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല.