തിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡി കൊലപാതകത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. ഇന്നത്തെ മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. അന്വേഷണത്തിനായി സിറ്റിങ് ജഡ്ജിയെ വിട്ടുനല്‍കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കസ്റ്റഡി കൊലപാതകവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഏറെ പ്രതിരോധത്തിലായ സാഹചര്യത്തിലാണ് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. പ്രതികള്‍ പൊലീസ് സേനയില്‍ ഉള്ളവരായതിനാല്‍ പൊലീസ് തന്നെ കേസ് അന്വേഷിക്കുന്നത് യുക്തിസഹമല്ല എന്ന് പ്രതിപക്ഷം അഭിപ്രായപ്പെട്ടിരുന്നു. ജുഡീഷ്യല്‍ അന്വേഷണം വേണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെയും ആവശ്യം. ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചതോടെ പ്രതിപക്ഷ സമരത്തിന്റെ ആദ്യ ഘട്ടം വിജയം കണ്ടു എന്നാണ് കോണ്‍ഗ്രസ് അവകാശപ്പെടുന്നത്.
Read Also: നെടുങ്കണ്ടം കസ്റ്റഡി മരണം: ജസ്റ്റിസ് വി.കെ.മോഹനന് പൊലീസ് സ്റ്റേഷന് സന്ദര്‍ശിച്ചു
രാജ്കുമാറിനെ പൊലീസ് അനധികൃതമായി കസ്റ്റഡിയിൽ വച്ചു മർദിച്ചതു മൂന്നു ദിവസമെന്നാണ് റിമാൻഡ് റിപ്പോര്‍ട്ട്. ജൂണ്‍ 12-ന് വൈകിട്ട് അഞ്ചുമുതൽ അറസ്റ്റ് രേഖപ്പെടുത്തുന്ന 15 വരെ രാജ്കുമാറിനെ കസ്റ്റഡിയിൽ വച്ച് അതിക്രൂരമായി മർദിച്ചെന്ന് അന്വേഷണത്തിൽ വ്യക്തമായെന്നു ക്രൈംബ്രാഞ്ച് പറയുന്നു. കേസിലെ പ്രതികളായ പൊലീസുകാർ സ്റ്റേഷൻ രേഖകളിലടക്കം കൃത്രിമം കാണിച്ചെന്നും റിമാൻഡ് റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ട്. സ്റ്റേഷൻ രേഖകൾ അടക്കം പിടിച്ചെടുത്താണ് ക്രൈംബ്രാഞ്ച് വിവരങ്ങൾ കോടതിയിൽ ഹാജരാക്കിയത്.
കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സിപിഒ സജീവ് ആന്റണിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. അറസ്റ്റിലായ നെടുങ്കണ്ടം എസ്ഐ സാബു ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയില്‍ കഴിയുകയാണ്. ആരോഗ്യം മെച്ചപ്പെട്ടാല്‍ ഇദ്ദേഹത്തെ റിമാൻഡ് ചെയ്യും. കസ്റ്റഡി മർദനത്തിനാണ് ഇരുവരേയും അറസ്റ്റ് ചെയ്തത്. എസ്ഐയുടെ നേതൃത്വത്തിലായിരുന്നു രാജ്കുമാറിനെ തല്ലിച്ചതച്ചത്.
രാജ്കുമാറിനെ പൊലീസുകാര്‍ മർദിച്ചത് മദ്യ ലഹരിയിലായിരുന്നെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. കസ്റ്റഡിയില്‍ മർദിച്ച നാല് ദിവസവും പൊലീസുകാര്‍ മദ്യപിച്ചിരുന്നെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. സ്റ്റേഷന് വളപ്പിലെ കാന്താരിച്ചെടിയിലെ മുളകുപറിച്ച് രാജ്കുമാറിന്റെ സ്വകാര്യ ഭാഗങ്ങളില്‍ തേച്ചതായും ക്രൈംബ്രാഞ്ച് കണ്ടെത്തി. ഒരുദിവസം പോലും രാജ്കുമാറിനെ ഉറങ്ങാന്‍ അനുവദിച്ചില്ല.