തിരുവനന്തപുരം: വാളയാർ കേസിൽ ജുഡീഷ്യൽ അന്വേഷണത്തിന് തീരുമാനമായി. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് സർക്കാരിനെ പിടിച്ചുകുലുക്കിയ കേസിൽ ജുഡീഷ്യൽ അന്വേഷണം നടത്താൻ തീരുമാനമായത്. മുൻ ജില്ലാ  ജഡ്ജി എസ്.ഹനീഫ അധ്യക്ഷനായ സമിതിയായിരിക്കും കേസ് അന്വേഷിക്കുക.

കേസിൽ പൊലീസിന്റെയും പ്രോസിക്യൂഷന്റെയും വീഴ്ച അന്വേഷിക്കും. കേസ് അന്വേഷണത്തില്‍ ഗുരുതര വീഴ്ചയെന്ന് സര്‍ക്കാര്‍ ഹെെക്കോടതിയെ അറിയിച്ചിരുന്നു. പുനരന്വേഷണത്തിന് സര്‍ക്കാര്‍ ഹൈക്കോടതിൽ അപ്പീല്‍ നല്‍കി. പ്രതികളെ വെറുതെവിട്ട നടപടി പുനഃപരിശോധിക്കണമെന്നാണ് അപ്പീലിലെ ആവശ്യം. ഇതിനു പിന്നാലെയാണ് ജുഡീഷ്യൽ അന്വേഷണത്തിന് തീരുമാനമായത്.

വാളയാര്‍ പീഡനക്കേസില്‍ ഇരകളായ പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ മുഖ്യമന്ത്രിയുമായി നേരത്തെ കൂടിക്കാഴ്‌ച നടത്തിയിരുന്നു. കേസ് സിബിഐ അന്വേഷിക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതായി പെണ്‍കുട്ടിയുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കേസില്‍ ആവശ്യമായതെല്ലാം ചെയ്തുതരാമെന്ന് ഉറപ്പു നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രിയുടെ വാക്കില്‍ ഉറച്ച വിശ്വാസമുണ്ടെന്നും കൂടിക്കാഴ്ചയ്ക്കു ശേഷം പെണ്‍കുട്ടികളുടെ അമ്മ പറഞ്ഞിരുന്നു.

കേസ് അന്വേഷണത്തില്‍ വീഴ്ചയുണ്ടായതായും കൊലപാതക സാധ്യതയെക്കുറിച്ച് പോലീസ് അന്വേഷിച്ചില്ലെന്നുമാണ് സർക്കാർ കോടതിയിൽ സമർപ്പിച്ച അപ്പീലില്‍ പറയുന്നത്. പെണ്‍കുട്ടികള്‍ ക്രൂരമായ ലൈംഗികപീഡനത്തിന് തുടര്‍ച്ചയായി ഇരയാക്കപ്പെട്ടെന്നും ആത്മഹത്യക്ക് ഇതാണ് കാരണമെന്നുമാണ് പ്രത്യേക സംഘം കണ്ടെത്തിയത്. എന്നാൽ, പ്രതി മധു മുതിര്‍ന്ന പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്നതിന് ശക്തമായ തെളിവുകള്‍ ഉണ്ട്. മാതാപിതാക്കള്‍ നേരിട്ടുകണ്ടിട്ടുണ്ട്. ദൃക്‌സാക്ഷി മൊഴികളും ഉണ്ട്.

പീഡനവിവരം മാതാപിതാക്കളെ അറിയിച്ചാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനും സാക്ഷിമൊഴിയുണ്ട്. രണ്ടു പെണ്‍കുട്ടികളുടെയും മരണം കൊലപാതകമാവാനുള്ള സാധ്യത പരിശോധിക്കണമെന്ന ഫോറന്‍സിക് സര്‍ജന്റെ നിര്‍ദേശം അന്വേഷണ സംഘം വേണ്ട വിധം കണക്കിലെടുക്കുകയോ അന്വേഷിക്കുകയോ ചെയ്തിട്ടില്ല.

ബന്ധപ്പെട്ട രേഖകളുടെ എല്ലാ വശങ്ങളും പരിശോധിച്ചാല്‍ കേസ് സംശയരഹിതമായി തെളിയിക്കുന്നതില്‍ അന്വേഷണ സംഘം പരാജയപ്പെട്ടെന്ന് സര്‍ക്കാര്‍ അപ്പീലില്‍ വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.