ആലപ്പുഴ: അഞ്ച് വര്‍ഷമായി ഭിന്നിച്ച് നിന്ന ജെ.എസ്.എസ് ഗൗരിയമ്മ, രാജൻ ബാബു വിഭാഗങ്ങൾ ലയിച്ചു. ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് ഗൗരിയമ്മ ലയന സമ്മേളനത്തിൽ പങ്കെടുത്തില്ല. ആലപ്പുഴയിൽ നടന്ന ചടങ്ങിൽ ഇരുവിഭാഗങ്ങളിൽ നിന്നും നിരവധി പ്രവർത്തകർ പങ്കെടുത്തു. ആലപ്പുഴ ഐശ്വര്യ ഓഡിറ്റോറിയമായിരുന്നു വേദി. ശക്തിപ്രകടനത്തിന് ശേഷം മുദ്രാവാക്യത്തിന്റെ അകമ്പടിയോടെ പതാക ഉയർന്നു.
ഗൗരിയമ്മയുമായി തെറ്റിപ്പിരിഞ്ഞ ശേഷം യുഡിഎഫുമായും എന്‍ഡിഎയുമായും സഹകരിച്ചതിന് ശേഷമാണ് രാജന്‍ ബാബു തിരികെ എത്തിയത്. 94ൽ രൂപീകൃതമായ പാർട്ടി 20-ാം വാർഷികത്തിലാണ് പിളർപ്പിലേയ്ക്ക് നീങ്ങിയത്. സമ്മേളനം ആരംഭിക്കുന്നതിന് മുമ്പ് വേദിയിലെ അംഗങ്ങളെ ചൊല്ലി നേരിയ അസ്വാരസ്യം ഉണ്ടായി.
അഡ്വ എ.എൻ രാജൻ ബാബുവാണ് ലയന പ്രഖ്യാപനം നടത്തിയത്. അഞ്ച് വർഷം നീണ്ട പിളർപ്പ് കാലത്തിന് ശേഷം പാർട്ടി ലയിക്കുമ്പോൾ ഗൗരിയമ്മയുടെ അസാന്നിധ്യം ശ്രദ്ധേയമായി. പാർട്ടി പിളർപ്പിന്റെ കാലത്ത് ഗൗരിയമ്മയ്ക്കെതിരെ നൽകിയ കേസുകളും ലയനത്തിനു മുന്നോടിയായി മറുപക്ഷം പിൻവലിച്ചു. ഗൗരിയമ്മ തന്നെയാണ് നേതാവെന്നും പ്രഖ്യാപനമുണ്ടായി.