/indian-express-malayalam/media/media_files/uploads/2022/04/Joysna.jpg)
കൊച്ചി: വിവാദമായ കോടഞ്ചേരി വിവാഹത്തിലെ വധു ജോയ്സനയെ ഹൈക്കോടതി ഭർത്താവ് ഷെജിനൊപ്പം വിട്ടു. മാതാപിതാക്കൾക്കൊപ്പം പോകാൻ താൽപ്പര്യമില്ലന്ന് ജോയ്സന കോടതിയെ അറിയിച്ചു. പിതാവ് ജോസഫ് നൽകിയ ഹേബിയസ് കോർപ്പസ് ഹർജി പരിഗണിക്കവെയാണ് യുവതി കോടതിയിൽ ഹാജരായത്. ജസ്റ്റിസുമാരായ വി.ജി.അരുണും സി.എസ്.സുധയും അടങ്ങുന്ന ബഞ്ചാണ് കേസ് പരിഗണിച്ചത്.
പെൺകുട്ടി ആവശ്യത്തിന് ലോക പരിചയമുള്ള ആളാണ്. 26 വയസ്സുണ്ട്. വിദേശത്ത് ജോലി ചെയ്തിട്ടുണ്ട്. വിവാഹത്തിന് ശേഷം എന്ത് ചെയ്യണമെന്ന് അവർ തീരുമാനിക്കുമെന്നും കോടതി പറഞ്ഞു. വിവാഹം കഴിഞ്ഞ് പിതാവിനെ പോയി കാണാം എന്നാണ് പെൺകുട്ടി പറഞ്ഞത്. പെൺകുട്ടിക്ക് സ്വന്തമായി തീരുമാനം എടുക്കാൻ ഉള്ള പക്വത ആയി. സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്തിട്ടുണ്ട്.
പെൺകുട്ടിക്ക് അച്ഛനുമായി ഇപ്പോൾ സംസാരിക്കണ്ട എന്നാണ് പറഞ്ഞത്. ഇപ്പോൾ ഭർത്താവിന്റെ കൂടെ പോകുന്നു എന്നാണ് പറഞ്ഞത്. കോടതിക്ക് ഇടപെടുന്നതിൽ പരിമിതി ഉണ്ടന്നും ബഞ്ച് വ്യക്തമാക്കി. ഹർജി കോടതി തീർപ്പാക്കി.
നേരത്തെ, താമരശ്ശേരി കോടതിയിൽ ഷിജിനൊപ്പം ഹാജരായ ജോയ്‍സ്ന താൻ സ്വന്തം ഇഷ്ടപ്രകാരം ഇറങ്ങിപ്പോയതാണെന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ ഹേബിയസ് കോർപ്പസ് ഹർജിയുമായി ജോയ്‍സ്നയുടെ അച്ഛൻ ജോസഫ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.