തൊടുപുഴ: കൊട്ടക്കമ്പൂര്‍ വില്ലേജിലെ ഭൂമിയുടെ രേഖകള്‍ പരിശോധിക്കാനുള്ള റവന്യൂ വകുപ്പിന്റെ പുതിയ നീക്കത്തിനെതിരെ സി പി എമ്മിന്രെ പോഷക സംഘടന. ഇടുക്കി എംപി ജോയ്‌സ് ജോര്‍ജ് ഉള്‍പ്പെട്ട കൊട്ടക്കാമ്പൂര്‍ വില്ലേജിലെ വിവാദ ഭൂമിയുടെ രേഖകളുടെ സാധുത പരിശോധിക്കാനുള്ള റവന്യൂ വകുപ്പിന്റെ നീക്കത്തിനെതിരേ സിപിഎമ്മിന്റെ പോഷക സംഘടനയായ കര്‍ഷക സംഘം രംഗത്തെത്തിയതോടെയാണ് പല തവണ ശ്രമിച്ചിട്ടും നടക്കാതെ പോയ മേഖലയിലെ ഭൂമിയുടെ രേഖ പരിശോധന വീണ്ടും മുടങ്ങുമെന്ന സൂചനകൾ പുറത്തുവരുന്നത്.

കഴിഞ്ഞ മാര്‍ച്ചില്‍ മുന്‍ ദേവികുളം സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ അഞ്ചുനാട് വില്ലേജിലെ തണ്ടപ്പേര്‍ രേഖകള്‍ പരിശോധിക്കുന്നതിന്റെ ഭാഗമായി അഞ്ചുവില്ലേജുകളിലെ കര്‍ഷകരോടു ഭൂമിയുടെ രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിനെതിരേ 28 ദിവസത്തോളം സിപിഎം പോഷക സംഘനടനയായ കര്‍ഷക സംഘത്തിന്റെ നേതൃത്വത്തില്‍ ദേവികുളം ആര്‍ടിഒ ഓഫീസിനു മുന്നില്‍ സമരം നടത്തിയാണ് ശ്രീറാം വെങ്കിട്ടരാമന്റെ ഈ ശ്രമം തടഞ്ഞത്.

ജോയസ് ജോര്‍ജും ഭാര്യയും ഉള്‍പ്പടെ 32 പേരോടു കൊട്ടക്കമ്പൂര്‍ മേഖലയിലെ ഭൂമിയുടെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകളുമായി ഹാജരാകണമെന്ന് ദേവികുളം സബ് കളക്ടര്‍ വീ ആര്‍ പ്രേംകുമാര്‍ കഴിഞ്ഞയാഴ്ച നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ ഇത്തരത്തില്‍ നോട്ടീസ് അയക്കുന്നതു കര്‍ഷകരോടുള്ള വെല്ലുവിളിയാണെന്നു സബ് കളക്ടര്‍ക്കു മുന്നില്‍ ഭൂമിയുടെ രേഖകളുമായി ഹാജരാകാന്‍ കര്‍ഷകരോടു പറയാന്‍ അവകാശമില്ലെന്നും കര്‍ഷക സംഘം പറയുന്നു.

Read More: കൊട്ടക്കാമ്പൂർ ഭൂമി: ജോയ്‌സ് ജോർജ് എം പി ഉൾപ്പെടെയുളളവർക്ക് റവന്യൂ വകുപ്പിന്രെ നോട്ടീസ്

ഏഴിന് ദേവികുളത്തു നിശ്ചയിച്ചിരിക്കുന്ന രേഖ പരിശോധനയില്‍ ജോയ്ജ് ജോര്‍ജ് ഉള്‍പ്പടെ ഒരു കര്‍ഷകരും പോകേണ്ടതില്ലെന്നാണ് തീരുമാനമെന്ന് കര്‍ഷക സംഘം ജില്ലാ പ്രസിഡന്റ് സി വി വര്‍ഗീസ് കുമളിയില്‍ പറഞ്ഞു. റവന്യൂ ഉദ്യോഗസ്ഥര്‍ക്കു ഭൂമിയുടെ രേഖകള്‍ പരിശോധിക്കണമെന്നുണ്ടെങ്കില്‍ കര്‍ഷകരുടെ അടുത്തുപോയി വേണം പരിശോധിക്കാന്‍. കൊട്ടക്കമ്പൂരില്‍ നിന്ന് ദേവികുളത്തെത്തണമെങ്കില്‍ 85 കിലോമീറ്ററോളം സഞ്ചരിക്കേണ്ടി വരും. റവന്യൂ ഉദ്യോഗസ്ഥര്‍ ഇത്തരം കര്‍ഷകവിരുദ്ധമായ നടപടികളുമായി മുന്നോട്ടുപോയാല്‍ കടുത്ത സമരങ്ങളുമായി കര്‍ഷക സംഘം ഇതിനെ നേരിടും. മൂന്നാര്‍ ഉള്‍പ്പടെയുള്ള ഇടുക്കി ജില്ലയിലെ വിവിധ മേഖലകളിലെ ഭൂപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഏതാനും മാസം മുമ്പ് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ നടത്തിയ യോഗത്തില്‍ തീരുമാനങ്ങളെടുത്തിരുന്നു. എന്നാല്‍ ചില റവന്യൂ ഉദ്യോഗസ്ഥര്‍ ഈ തീരുമാനങ്ങള്‍ നടപ്പാക്കുന്നതിനു പകരം സ്വന്തം അജണ്ടകളാണ് നടപ്പാക്കുന്നതെന്നും സിവി വര്‍ഗീസ് ആരോപിച്ചു.

അഞ്ചുനാട് മേഖലയിലെ അഞ്ചുവില്ലേജുകളിലെ ഭൂമിയുടെ രേഖകള്‍ പരിശോധിക്കാന്‍ കാലങ്ങളായി റവന്യൂ വകുപ്പ് ശ്രമിക്കുന്നുണ്ടെങ്കിലും പ്രതിഷേധങ്ങള്‍ മൂലം പരിശോധന മുടങ്ങുകയാണ്. അഞ്ചുനാട് മേഖലയിലെ ഭൂ രേഖകളില്‍ വ്യാപക ക്രമക്കേടുണ്ടെന്നും ആസൂത്രിതമായി സമരം നടത്തുന്ന കൈയേറ്റക്കാരാണ് ഭൂപരിശോധനയ്ക്കു തുരങ്കംവയ്ക്കുന്നതെന്നും സര്‍ക്കാര്‍ നിയോഗിച്ച വിവിധ കമ്മീഷന്‍ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടിയിരുന്നു.

അതേസമയം രേഖകള്‍ പരിശോധിക്കുന്നതു തടയാനുള്ള കര്‍ഷക സംഘത്തിന്റെ നീക്കം ഇടുക്കി എംപി ജോയ്‌സ് ജോര്‍ജ് കുടുങ്ങുമെന്നുറപ്പായതിനാലാണെന്നും ഇതില്‍ നിന്നും അദ്ദേഹത്തെ  രക്ഷിക്കാന്‍ ലക്ഷ്യമിട്ടാണെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് ആരോപിച്ചു. യഥാര്‍ഥത്തില്‍ ജോയ്‌സ് ജോര്‍ജിനെ സംബന്ധിച്ചിടത്തോളം തന്റെ ഭൂമിയുടെ രേഖ ഹാജരാക്കി ഭൂമിയുടെ ഉടമസ്ഥാവകാശം തെളിയിക്കാനുള്ള സുവര്‍ണാവസരമാണ് ഇത്തവണ ലഭിച്ചത്. യഥാര്‍ഥരേഖകള്‍ കൈവശമുണ്ടെന്നു പറയുന്നവര്‍ രേഖ ഹാജരാക്കാന്‍ പറയുമ്പോള്‍ സമരവുമായി രംഗത്തെത്തുന്നത് എന്തിനാണ്? ഡീന്‍ ചോദിച്ചു. ഇടുക്കി ജില്ലയിലെ കൊട്ടക്കമ്പൂര്‍ വില്ലേജില്‍ ഇടുക്കി എംപി ജോയ്‌സ് ജോര്‍ജും കുടുംബാംഗങ്ങളും വ്യാജ രേഖകളുടെ പിന്‍ബലത്തില്‍ ഭൂമി കൈയേറിയെന്നാണു കേസ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook