തിരുവനന്തപുരം: സഹോദരന്റെ മരണത്തിൽ നീതി തേടി സെക്രട്ടേറിയറ്റിനു മുന്നിൽ നിരാഹാര സമരം നടത്തുന്ന ശ്രീജിത്തിന് പിന്തുണയുമായി നടനും സംവിധായകനുമായ ജോയ് മാത്യു സമരപ്പന്തലിൽ എത്തി. കോഴിക്കോട് നിന്ന് തിരുവനന്തപുരം വരെ യാത്ര ചെയ്ത് എത്തിയത് സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കാനാണ്, മറിച്ച് ആളാവാൻ വേണ്ടിയല്ലെന്ന് ജോയ് മാത്യു പറഞ്ഞു. ശ്രീജിത്ത് മുൻപ് സമരം ചെയ്തപ്പോൾ ഞാൻ ഇതുവഴി കടന്നുപോയിട്ടുണ്ട്. അന്ന് ഈ സമരത്തെ ശ്രദ്ധിച്ചില്ല. അതെന്റെ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ നടൻ ടൊവിനോ തോമസും ശ്രീജിത്തിന്റെ സമരത്തിന് ഐക്യദാർഢ്യം അറിയിച്ച് സമരപ്പന്തലിൽ എത്തിയിരുന്നു. കഴിഞ്ഞ 765 ദിവസമായി ശ്രീജിത് സമരം ചെയ്യുകയാണ്. ഒരു യുവാവ് വെറുതെ ഇത്രയും ദിവസം സമരം ചെയ്യില്ല. ശ്രീജിത്തിന്റെ സമരത്തിൽ സത്യസന്ധതയുണ്ട്. അതിനാലാണ് പിന്തുണ അറിയിക്കാൻ എത്തിയത്. കുറ്റവാളികൾക്ക് ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്ന അർഹമായ ശിക്ഷ ഉറപ്പാക്കണമെന്ന് ടൊവിനോ പറഞ്ഞു.
2014 മെയ് 21നായിരുന്നു ശ്രീജിത്തിന്റെ സഹോദരൻ ശ്രീജിവിന്റെ മരണം. മോഷണക്കുറ്റം ആരോപിച്ച് കസ്റ്റഡിയില്‍ എടുത്ത ശ്രീജിവിനെ പാറശാല സിഐ ആയിരുന്ന ഗോപകുമാറും എഎസ്ഐ ഫിലിപ്പോസും ചേര്‍ന്ന് മര്‍ദിച്ചും വിഷം നല്‍കിയും കൊലപ്പെടുത്തിയെന്ന് പൊലീസ് കംപ്ലൈന്‍റ് അതോറിറ്റി കണ്ടെത്തിയിരുന്നു. കുറ്റക്കാർക്കെതിരെ നടപടി ഉണ്ടാകാത്തതിനെ തുടര്‍ന്നായിരുന്നു കഴിഞ്ഞസര്‍ക്കാരിന്റെ കാലത്ത് ശ്രീജിത്ത് സമരം തുടങ്ങിയത്.