scorecardresearch

‘മതിലുകള്‍ മനുഷ്യരെ വേര്‍തിരിക്കും’; താന്‍ മഞ്ജുവിന് ഒപ്പമാണെന്ന് ജോയ് മാത്യു

ലൈംഗികമായി പീഡിതരാണ് സൈബർ സഖാക്കളെന്നും ജോയ് മാത്യുവിന്റെ വിമര്‍ശനം

‘മതിലുകള്‍ മനുഷ്യരെ വേര്‍തിരിക്കും’; താന്‍ മഞ്ജുവിന് ഒപ്പമാണെന്ന് ജോയ് മാത്യു

തിരുവനന്തപുരം: വനിതാ മതിലില്‍ രാഷ്ട്രീയം ഉണ്ടെന്ന് പറഞ്ഞ് രംഗത്ത് വന്ന നടി മഞ്ജു വാര്യര്‍ക്കെതിരെ പ്രതിഷേധം ഉയരുന്നതിനിടെ മഞ്ജുവിന് പിന്തുണയുമായി നടന്‍ ജോയ് മാത്യു. ‘മതിലിനൊപ്പമല്ല, മഞ്ജുവിനൊപ്പമാണ്’ എന്ന് ജോയ് മാത്യു പ്രഖ്യാപിച്ചു. മതിൽ കെട്ടുക എന്ന ചിന്ത തന്നെ സ്വാതന്ത്ര്യ വിരുദ്ധമാണെന്ന് അദ്ദേഹം തന്റെ ഫെയ്സ്ബുക്ക് പേജില്‍ കുറിച്ചു.

മനുഷ്യരെ വേർതിരിക്കാനേ മതിലുകൾക്കാവൂ എന്നും വിവരമുള്ളവർ അത്തരം മതിലുകളിൽ ഒന്ന് ചാരി നിൽക്കുകപോലുമില്ലെന്നും ജോയ് മാത്യു വ്യക്തമാക്കി. മഞ്ജുവിനെതിരെ രംഗത്ത് വന്ന സിപിഎം അനുഭാവികളേയും ജോയ് മാത്യു നിശിതമായി വിമര്‍ശിക്കുന്നുണ്ട്.

ജോയ് മാത്യുവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്:

മതിലിനോടൊപ്പമല്ല, മഞ്ജുവിനോടൊപ്പമാണ്
——————————-
സ്വതന്ത്ര ചിന്തയെ ഏറ്റവുമധികം ഭയക്കുന്നവരാണ് കമ്മ്യൂണിസ്റ്റുകാരാണെന്ന് ‘നടിക്കുന്ന’ നമ്മുടെ നാട്ടിലെ ഒരു വിഭാഗം. അവരുടെ മണ്ടത്തരങ്ങൾക്കും അല്പത്തരങ്ങൾക്കും കൈയ്യടിക്കാത്തവരെ പാർട്ടി ഫാൻസുകാരെക്കൊണ്ട് ആക്രമിക്കാനും ഒറ്റപ്പെടുത്താനും അവർക്ക് മടിയില്ല, മതിലുകളില്ലാത്ത ആകാശം സ്വപ്നം കാണുന്ന കുട്ടികളാണ് ഇന്നത്തെ പെൺകുട്ടികൾ. അതുകൊണ്ടാണ് മതിൽ കെട്ടുക എന്ന ചിന്തതന്നെ സ്വാതന്ത്ര്യ വിരുദ്ധമാകുന്നത്. മനുഷ്യരെ വേർതിരിക്കാനേ മതിലുകൾക്കാവൂ എന്ന തിരിച്ചറിവുണ്ടാവാൻ വലിയ ബുദ്ധിയൊന്നും വേണ്ട. വിവരമുള്ളവർ അത്തരം മതിലുകളിൽ ഒന്ന് ചാരി നിൽക്കുകപോലുമില്ല. മഞ്ജുവും ചെയ്തത് ഇതാണ്. തനിക്ക് ശരിയല്ലെന്ന് തോന്നുന്ന കാര്യങ്ങളോട് അവർ വിടപറഞ്ഞു.

മഞ്ജു വാര്യർ എന്ന അഭിനേത്രിക്ക് സ്വന്തമായി ചിന്താശക്തിയുണ്ടെന്നതും തന്റേതായ നിലപാടുകളുണ്ടെന്നതും പാർട്ടി ഫാൻസുകാർക്ക് സഹിക്കാൻ പറ്റുന്നില്ല. കാരണം അവർ കണ്ടുശീലിച്ച വിപ്ലവ വനിതകൾ പാർട്ടി ജാഥയ്ക്ക് തലയിൽ തൊപ്പിയും കൈകളിൽ താലപ്പൊലിയുമായി പാർട്ടിപുരുഷ സംരക്ഷിത വലയത്തിൽ അടിവെച്ചടിവെച്ചു നീങ്ങുന്നവരാണ്. അങ്ങിനെയെ പാടുള്ളൂ താനും. ഇനി അവരുടെ നേതാക്കളാണെങ്കിലോ? ചെഗുവേര ജനിച്ചത് ക്യൂബയിലാണെന്നും ആരാന്റെ കവിത മോഷ്ടിച്ചു സ്വന്തമാക്കാനുള്ളതാണെന്നും വിശ്വസിക്കുന്നവരും, അപ്പോൾ പിന്നെ മഞ്ജുവിന്റെ നിലപാടിനെ എങ്ങിനെ ഉൾക്കൊള്ളാനാകും?

മഞ്ജുവാര്യരെപ്പോലെ ചിന്താശക്തിയുള്ള, സ്വന്തമായി നിലപാടുള്ളവരെ ബഹുമാനിക്കാൻ വെള്ളാപ്പള്ളിയുടെ മതിൽപ്പണിക്കാർക്ക് സാധിക്കില്ല, പക്ഷെ മഞ്ജുവാര്യർ എന്ന കലാകാരിക്കെതിരെ പാർട്ടി സൈബർ അടിമകൾ എഴുതി വയ്ക്കുന്ന വൃത്തികേടുകൾ കാണുബോൾ നമുക്ക് മനസ്സിലാകും ലൈംഗികമായി എത്രമാത്രം പീഡിതരാണ് നമ്മുടെ സൈബർ സഖാക്കളെന്ന്. മഞ്ജുവാര്യർ എന്ന കലാകാരിക്കെതിരെയുള്ള അസഭ്യവർഷം പൊതുമനഃസാക്ഷിയിൽ ഈ രാഷ്ട്രീയ പാർട്ടിക്കുണ്ടാക്കുന്ന ചീത്തപ്പേര് ചില്ലറയായിരിക്കില്ല.

മതിൽപ്പണിക്കാരിൽ അല്പമെങ്കിലും വിവരമുള്ളവർ ഉണ്ടെങ്കിൽ പാർട്ടിയുടെ സൈബർ അടിമകളുടെ രതിജന്യ (sexual frustrations) അസുഖത്തിന് ചികിത്സക്കുള്ള ഏർപ്പാടാണ് ആദ്യം ചെയ്യേണ്ടത്. എന്നിട്ട് പോരെ മതിലുകെട്ടൽ?

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Joy mathew slams at women mall supports manju warrier