പാലക്കാട്: വേട്ടക്കാരനാണ് താനെന്ന് മലയാളി നേരത്തേ പ്രഖ്യാപിച്ചതാണെന്ന് നടന്‍ ജോയ് മാത്യു. ആള്‍ക്കൂട്ടത്തിന്റെ മനസ്സ് ഇപ്പോള്‍ ഫാസിസ്റ്റ് രീതിയിലാണെന്നും ഇതിന് പിന്തുണയാണ് രാഷ്ട്രീയക്കാര്‍ നല്‍കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു. തല്ലിക്കൊല്ലുന്നതിന്റെ സെല്‍ഫി എടുക്കുന്നവര്‍ അത്രയും ആനന്ദമാണ് ഇതിലൂടെ നേടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊല്ലപ്പെട്ട മധുവിനെ ഇനി മാവോയിസ്റ്റാക്കി ഇവര്‍ മാറ്റും. ശബ്ദിക്കുന്നവനെ മാവോയിസ്റ്റോ രാജ്യദ്രോഹിയോ ആക്കുന്നതാണ് ഇപ്പോള്‍ എളുപ്പമെന്നും ജോയ് മാത്യു കുറ്റപ്പെടുത്തി.
വ്യാഴാഴ്ചയാണ് 27കാരനായ ആദിവാസി യുവാവ് മധുവിനെ നാട്ടുകാര്‍ മോഷ്ടാവെന്ന് ആരോപിച്ച് മര്‍ദ്ദിച്ച് അവശനാക്കിയത്. സ്റ്റേഷനിലേക്ക് കൊണ്ടുംപോകും വഴി ഇയാള്‍ മരിക്കുകയും ചെയ്തു. മര്‍ദ്ദിക്കുന്നതിന്റെ വീഡിയോയും തയ്യാറാക്കി സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിച്ചു.
സംഭവത്തില്‍ കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ‘ഇതിനുള്ള നിർദേശം സംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയിട്ടുണ്ട്. ഇത്തരം ആക്രമങ്ങൾ പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ല. ഒരുതരത്തിലും അംഗീകരിക്കാനുമാവില്ല. ഇതു പോലുള്ള സംഭവങ്ങൾ കേരളത്തിലുണ്ടാവുക എന്നത് നാം നേടിയ സാമൂഹ്യ-സാംസ്കാരിക മുന്നേറ്റങ്ങളെയാകെ കളങ്കപ്പെടുത്തുന്നതാണ്. ആവർത്തിക്കാതിരിക്കാൻ കർശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.