നടിയെ ആക്രമിച്ച കേസിലെ പ്രതികളെ കോടതിയിൽ നിന്നു പിടികൂടുമ്പോൾ ചെന്നിത്തലയും കുമ്മനവും കോടതി പരിസരത്തുണ്ടായിരുന്നെങ്കിൽ എന്ത് സംഭവിക്കുമായിരുന്നെന്ന ചോദ്യവുമായി ജോയ് മാത്യു. തന്റെ ഫെയ്സ്ബുക്കിലെ പോസ്റ്റിലാണ് ഈ ചോദ്യമുയർത്തുന്നത്.

നടിയെ ആക്രമിച്ച കേസിൽ പ്രതികളായ പൾസർ സുനിയെയും വിജീഷിനെയും കോടതിക്കുള്ളിൽനിന്നും പൊലീസ് പിടികൂടിയ നടപടിയെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയും ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനും വിമർശിച്ചിരുന്നു.

കോടതിയിൽ കയറി പ്രതിയെ പിടിക്കേണ്ടി വന്നത് പൊലീസിന് അഭിമാനിക്കാൻ കഴിയുന്ന കാര്യമല്ലെന്ന് ചെന്നിത്തല പ്രതികരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ചോദ്യങ്ങളുമായി ജോയ് മാത്യു രംഗത്തെത്തിയിരിക്കുന്നത്.

ജോയ് മാത്യുവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്:
ചെന്നിത്തലയും കുമ്മനവും വക്കീൽമാരായി ഇന്നലെ കോടതി പരിസരത്തുണ്ടായിരുന്നെങ്കിൽ എന്ത് സംഭവിക്കുമായിരുന്നു?
തീർച്ചയായും “കീഴടങ്ങാൻ” വന്ന പ്രതിയെ പോലീസിൽ നിന്നും
മോചിപ്പിക്കാൻ കിണഞ്ഞു ശ്രമിക്കുന്ന
കറൂത്തകോട്ടുകാരോടൊപ്പം കൂടുമായിരുന്നു എന്നു വ്യക്തമാക്കുന്നതാണു പൾസർ അറസ്റ്റിനെക്കുറിച്ചുള്ള
ഇരുവരുടേയും പ്രതികരണങ്ങളിൽ നിന്നും നമുക്ക്‌ മനസ്സിലാവുക-
വി ടി ബൽറാം ,ഷാഫി പറബിൽ ,വിഷ്ണുനാഥ് തുടങ്ങിയ നമുക്ക്‌ പ്രതീക്ഷയുള്ള യുവ കോൺഗ്രസ്സ്‌കാർക്കും പി എസ്‌ ശ്രീധരൻ പിള്ളയേപ്പോലെയോ വി.മുരളിധരനെപ്പോലെയോ സമചിത്തതയുള്ള ബി ജെ പി ക്കാർക്കും ചെന്നിത്തലയുടേയും കുമ്മനത്തിന്റേയും അതേ നിലപാടാണോ ഇക്കാര്യത്തിൽ ഉള്ളത്‌ എന്നറിയാൻ ആഗ്രഹമുണ്ട്‌-

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.