കൊച്ചി: പീഡിപ്പിക്കാൻ ശ്രമിച്ചയാളുടെ ലിംഗം മുറിച്ചൂ മാറ്റിയതിൽ ആ പെൺകുട്ടിയെ സപ്പോർട്ട്‌ ചെയ്യുക എന്നത്‌ സ്ത്രീ പീഡനങ്ങൾ പെരുകുന്ന നമ്മുടെ നാട്ടിലെ ശക്തമായ ചെറുത്തു നിൽപ്പിന്റെ പ്രതീകം തന്നെയാണെന്നതിൽ സംശയമില്ലെന്ന് ജോയ് മാത്യു. എന്നാല്‍ തന്റെ ലിംഗം സ്വയം മുറിച്ചതാണെന്ന് സ്വാമിയും താനാണ് മുറിച്ചതെന്ന് പെൺകുട്ടിയും പറയുമ്പോള്‍ പോലീസ്‌ ആരുടെ ഭാഗം വിശ്വസിക്കുമെന്ന് അദ്ദേഹം ചോദിക്കുന്നു.

“ജനവികാരം -ഭരണവികാരവും- മാനിച്ച്‌ പോലീസ്‌ ,സ്വാമി സ്വയം മുറിച്ചതാണെന്ന രീതിയിൽ കേസെടുക്കുന്നതെങ്ങിനെ ? ഒരാൾക്ക്‌ സ്വന്തം ശരീരത്തിലെ ഒരവയവം മുറിച്ച്‌ മാറ്റുന്നതിനു പോലീസിനു കേസെടുക്കാനാവുമോ? ഇനി സാമിയുടെ പേരിൽ ആത്മഹത്യാ ശ്രമം ചുമത്തി വേണമെങ്കിൽ കേസെടുക്കാം , അപ്പോൾ സ്വാമി കോടതിയിൽ മൊഴിമാറ്റും -അതിനും ഇവിടെ വകുപ്പുണ്ടെന്നും അദ്ദേഹം പറയുന്നു.
“അടുത്തപടിയായി മിടുക്കന്മാരായ വക്കീൽമാരെ വെച്ച്‌ സ്വാമി കേസ്‌ വാദിക്കും. രോമം കളയുമ്പോഴോ മറ്റോ അബദ്ധത്തിൽ ലിംഗം ചെത്തിപ്പോയതാണെന്ന് സ്‌ഥാപിക്കാനാണോ പ്രയാസം ? സ്വാമി ക്ലീനായി പുറത്തുവരികയും കൃത്രിമലിംഗം ഫിറ്റ്‌ ചെയ്ത്‌ ശിഷ്ടകാലം ക്രത്രിമ ലിംഗസ്വാമി എന്ന അപര നാമത്തിൽ അറിയപ്പെടുകയും ചെയ്യും”, ജോയ് മാത്യു പറയുന്നു.

Read More : ‘പൂജ ചെയ്യേണ്ട സമയത്ത് പൂജ ചെയ്തില്ലെങ്കില്‍ മിടുക്കികള്‍ ഇതുപോലെ മുറിച്ചുകളയും’; തോക്കു സ്വാമി

“കേസിൽ നിന്നും തടിയൂരി പുറത്തിറങ്ങുന്ന സ്വാമി പൊതുജനത്തെ നോക്കി പരിഹസിച്ച്‌ ഒരു ചിരി ചിരിക്കും. തുടർന്ന് നിരപരാധിത്വം തെളിയിക്കപ്പെട്ടവനായതുകൊണ്ട്‌ ഏതെങ്കിലും പാർട്ടിയിൽ ചേർക്കുവാൻ ആർക്കും പ്രയാസം കാണില്ല. തുടർന്ന് തെരഞ്ഞെടുപ്പിൽ മൽസരിച്ച്‌ ജയിച്ച്‌ മന്ത്രിയായൊ ഏതെങ്കിലും കോർപ്പറേഷന്റെ മേധാവിയായോ മാറുന്നതും നമുക്ക്‌ കാണാമെന്നും അദ്ദേഹം പറയുന്നു.

“പെണ്‍കുട്ടിക്ക് വേണ്ടി കട്ട സപ്പോർട്ട്‌ എന്ന് ആരവമുയർത്തുന്ന “പൊന്നാങ്ങളമാർ” ഈ പെങ്ങൾക്ക്‌ വേണ്ടി അന്ന് എന്ത്‌ ചെയ്യുമെന്നും ജോയ് മാത്യു ചോദിക്കുന്നു. “ലിംഗനഷ്ടക്കേസുകഴിഞ്ഞ്‌ പുറത്തിറങ്ങുന്ന സാമിയെ ഒരു ജനകീയ വിചാരണ ചെയ്യുമോ? ഒരു കല്ലെങ്കിലും എറിയുമോ? എന്തിനു ഒരു വഴിതടയൽപോലും ഈ പൊന്നാങ്ങളമാർ ചെയ്യില്ല. ചെയ്യുമായിരുന്നെങ്കിൽ ഗോവിന്ദ ചാമിമാർ ഉണ്ടാകുമായിരുന്നൊ? ഫേസ്‌ ബുക്കിൽ “പെങ്ങളേ ,ധീരേ, കട്ട സപ്പോർട്ട്‌ “എന്ന് പറഞ്ഞ്‌ ഉറഞ്ഞുത്ള്ളാനും നേതാക്കൾക്ക്‌ സ്തുതിപാടാനുമേ കേരളത്തിലെ “ആരവികൾ”ക്കറിയൂ എന്നിടത്താണു നാം ഒരു തോറ്റ ജനതയാണെന്ന് ‘ഒരു ചിന്തകൻ പറഞ്ഞത്‌ അന്വർഥമാകുന്നതെന്നും ജോയ് മാത്യു വിമര്‍ശിക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ