കോഴിക്കോട്: വിവാദമായ ചെമ്പനോട വില്ലേജ് ഓഫിസ് കർഷക ആത്മഹത്യയ്ക്ക് പിന്നിൽ നിഗൂഢതകളേറെ. ജോയിയുടെ ഭൂമിയിൽ മുനീർ പയ്യോളി എന്ന പേരിൽ ഒരാൾ കരം അടച്ചതായാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. എന്നാൽ ഇതാരാണെന്ന് വ്യക്തമായിട്ടില്ല. അതേസമയം ഇക്കാര്യം ഉദ്യോഗസ്ഥർ മനപ്പൂർവ്വം ജോയിയിൽ നിന്ന് മറച്ചുവച്ചെന്നും വ്യക്തമായി.
ഉദ്യോഗസ്ഥർ കുറ്റക്കാരാണെന്ന് നേരത്തേ ജില്ല കളക്ടറുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇത് റവന്യു വകുപ്പ് മന്ത്രിക്ക് കൈമാറിയിട്ടുണ്ട്. അനാവശ്യമായി കരം അടയ്ക്കുന്നത് വൈകിപ്പിക്കാൻ ഉദ്യോഗസ്ഥർ ബോധപൂർവ്വം ശ്രമിച്ചെന്നാണ് റിപ്പോർട്ടിലുള്ളത്. ഇത് ശരിവയ്ക്കുന്ന തരത്തിലുള്ള റിപ്പർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.
വില്ലേജ് ഓഫീസിൽ ഇന്ന് പരിശോധനയ്ക്കായി എത്തിയ ലാന്റ് റവന്യു ഡപ്യൂട്ടി കളക്ടർ രണ്ടാഴ്ചയ്ക്കുള്ളിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കും. വില്ലേജ് ഓഫീസിലെ റവന്യു രേഖകൾ താലൂക്ക് ഓഫീസിലെ രേഖകളുമായി ഒത്തുനോക്കണമെന്ന് ഇദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇതിന് ശേഷം മാത്രമേ ക്രമക്കേട് നടന്നോ എന്നുള്ളത് വ്യക്തമാക്കാനാവൂ എന്നാണ് ലാന്റ് റവന്യു ഡപ്യൂട്ടി കളക്ടർ നൽകിയ വിശദീകരണം.
കളക്ടറുടെ റിപ്പോർട്ടിൽ വില്ലേജ് ഓഫീസർ പി.എ സണ്ണി, വില്ലേജ് അസിസ്റ്റന്റ് സിജീഷ് തോമസ് എന്നിവർ കുറ്റക്കാരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. മരിച്ച ജോയിയുടെ ഭൂമിയ്ക്ക് മറ്റാരോ കരം അടച്ചതായി കണ്ടെത്തിയെങ്കിലും ഇതാരാണെന്ന് വ്യക്തമായിട്ടില്ല. ഇതിന് പുറമേ ജോയിയുടെ ഭാര്യയുടെ പേരിലുള്ള 80 സെന്റ് സ്ഥലം റവന്യു ഭൂമിയാണെന്ന് രേഖപ്പെടുത്തിയത് എങ്ങിനെയെന്നും പരിശോധിക്കുന്നുണ്ട്.
വിജിലൻസ് ഡയറക്ടർ ലോക്നാഥ് ബെഹ്റയുടെ നിർദേശ പ്രകാരം വിജിലൻസ് സംഘവും ചെമ്പനോട് വില്ലേജ് ഓഫീസിൽ റെയ്ഡ് നടത്തിയിരുന്നു. വില്ലേജ് ഓഫിസിലെ ഫയലുകളും കംമ്പ്യൂട്ടറുകളും വിജിലൻസ് ഉദ്യോഗസ്ഥർ പരിശോധിച്ചു.
നേരത്തെ ആത്മഹത്യ ചെയ്ത ജോയിയുടെ ഭൂനികുതി ഇന്ന് വില്ലേജ് ഓഫിസ് അധികൃതർ സ്വീകരിച്ചിരുന്നു. ജോയിയുടെ സഹോദരനാണ് ഭൂനികുതി അടയ്ക്കാൻ എത്തിയത്. എന്നാൽ ഇതിനിടെ ജോയിയുടെ രേഖകളിൽ വില്ലേജ് ഓഫിസ് ഉദ്യോഗസ്ഥർ കൃത്രിമത്വം നടത്തിയെന്ന് ബന്ധുക്കൾ ആരോപിച്ചു. തുടർന്ന് നാട്ടുകർ വില്ലേജ് ഓഫിസിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
ചെമ്പനോടയിലെ കാവിൽ പുരയിടം തോമസ് (ജോയി–58) ബുധനാഴ്ച രാത്രിയാണു ചെമ്പനോട വില്ലേജ് ഓഫിസിന്റെ വരാന്തയിൽ ജീവനൊടുക്കിയത്. അതേസമയം, ജോയിയുടെ മരണത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. പക്ഷേ റവന്യൂ ഉദ്യോഗസ്ഥരെ കേസിൽ പ്രതി ചേർത്തിട്ടില്ല എന്നത് ശ്രദ്ധേയമാണ്.
സ്വന്തം സ്ഥലത്തിന്റെ കരം അടയ്ക്കാൻ അനുവദിക്കാത്തതിനെ തുടർന്നാണ് കർഷൻ ആത്മഹത്യ ചെയ്ത്. സംഭവത്തിൽ ചെമ്പനോട വില്ലേജ് ഓഫിസറെയും വില്ലേജ് അസിസ്റ്റന്റിനെയും സസ്പെൻഡ് ചെയ്തിരുന്നു. വില്ലേജ് ഓഫിസറായ സണ്ണിയെയും ഓഫിസ് അസിറ്റന്റ് സിലീഷിനെയുമാണ് സസ്പെൻഡ് ചെയ്തത്.