കൊച്ചി: മൂവാറ്റുപുഴക്കടുത്തുള്ള പുത്തന്‍കുരിശ് വടയമ്പാടിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ വീണ്ടും ആക്രമം. വടയമ്പാടിയിലെ ഭൂമി പ്രശ്നം റിപ്പോര്‍ട്ട് ചെയ്യാന്‍ ചെന്ന ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്സിലെ ഗോപികയ്ക്കും ഫൊട്ടോഗ്രാഫര്‍ക്കും നേരെയാണ് ഭജനമഠത്തിനടുത്ത് വച്ച് അക്രമം നേരിടേണ്ടി വന്നത്. “നിങ്ങള്‍ മാവോയിസ്റ്റുകള്‍ക്ക് വേണ്ടി മാത്രമേ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യൂ ” എന്നാരോപിച്ചുകൊണ്ടായിരുന്നു അക്രമം. എന്‍എസ്എസ് നേതൃത്വത്തിന്‍റെ കൂടെയുള്ള സംഘപരിവാര്‍ സംഘമാണ് മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചത്.

” അവര്‍ എന്നോട് ഐഡി കാര്‍ഡ് കാണിക്കാനും മറ്റും ആവശ്യപ്പെട്ടിരുന്നു. ഞങ്ങളതൊക്കെ കാണിച്ചുവെങ്കിലും അവര്‍ വളരെ മോശമായാണ് എന്നോട് പെരുമാറിയത്. ഇപ്പോഴത്തെ കാലത്ത് ഒരു സ്ത്രീക്ക്, അതും ഒരു മാധ്യമപ്രവര്‍ത്തകയ്ക്ക് ഇത്തരത്തിലുള്ള പെരുമാറ്റങ്ങള്‍ നേരിടേണ്ടി വരുന്നു എന്നത് കഷ്ടമാണ്.” ഗോപിക ഇന്ത്യന്‍ എക്‌സ്പ്രസ്സ് മലയാളത്തോട് പറഞ്ഞു. പ്രശ്നം നടന്നുകൊണ്ടിരിക്കുമ്പോള്‍ തന്നെ പൊലീസ് സ്ഥലത്ത്  എത്തിച്ചേര്‍ന്നതിനാല്‍ മാത്രമാണ് തങ്ങള്‍ക്ക് മര്‍ദ്ദനം ഏല്‍ക്കാതിരുന്നത് എന്നും മാധ്യമപ്രവര്‍ത്തകര്‍ ഭയക്കുന്നു.

ഇന്നലെ വടയമ്പാടിക്കടുത്ത് ചൂണ്ടിക്കവലയില്‍ നടന്ന ദലിത് കണ്‍വെന്‍ഷന്‍ റിപ്പോര്‍ട്ട് ചെയുകയായിരുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ സംഘപരിവാര്‍ അക്രമം അഴിച്ചുവിട്ടിരുന്നു. ഇന്ത്യൻ എക്സ്‌പ്രസ്സ് മലയാളത്തിന്റെ ജീവൻ, മീഡിയാ വണ്ണിലെ ശ്രീജിത്ത്, സൗത്ത് ലൈവിലെ അലക്സ്, തേജസ്സിലെ ഫൊട്ടോഗ്രാഫർ ഷിയാമി എന്നിവരെ കൈയ്യേറ്റം ചെയ്യുകയും ക്യാമറയും ഫോണും നശിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. പൊലീസ് അക്രമികളെ പിന്തുണച്ച് നിസ്സംഗത പാലിക്കുകയായിരുന്നു എന്ന പരാതിയും ഉയര്‍ന്നിരുന്നു. പൊലീസിനോട് മാധ്യമ പ്രവർത്തകരാണ് എന്ന് പറഞ്ഞുവെങ്കിലും പൊലീസ് അക്രമികളെ പിന്തുണയ്ക്കുന്ന സമീപനമാണ് സ്വീകരിച്ചത്.

ഇന്നലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ നടന്ന അക്രമത്തിനെതിരെ പ്രതിഷേധവുമായി പത്രപ്രവര്‍ത്തക യൂണിയനും മുന്നോട്ടുവന്നിരുന്നു. അക്രമികളെ നിയമത്തിനു മുന്നില്‍ കൊണ്ടു വരാനും മാതൃകാപരമായ ശിക്ഷ ഉറപ്പാക്കാനും സര്‍ക്കാരും ജില്ലാ ഭരണകൂടവും അടിയന്തിരമായി ഇടപെടണം എന്നാവശ്യപ്പെട്ട യൂണിയന്‍ അക്രമി സംഘത്തെ നിയന്ത്രിക്കാതെ കാഴ്ചക്കാരായി നിന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണം എന്നും ആവശ്യപ്പെടുകയുണ്ടായി.

അതിനിടയില്‍ വടയമ്പാടി സമരവുമായി അറസ്റ്റില്‍ കഴിയുകയായിരുന്ന ജോയ് പാവേലിന് ജാമ്യം ലഭിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.