തിരുവനന്തപുരം: ഹൈക്കോടതിക്ക് മുന്നില്‍ അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മില്‍ നടന്ന സംഘര്‍ഷത്തെ കുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ച കമ്മീഷന് ഇതുവരെ ചെലവായത് 1,84,76,933 രൂപയെന്ന് മുഖ്യമന്ത്രി. ഇത്രയും ഭീമമായ തുക ചെലവഴിച്ചതായി മുഖ്യമന്ത്രി നിയമസഭയിലാണ് അറിയിച്ചത്. കെ.സി.ജോസഫ് എംഎല്‍എയാണ് ഇക്കാര്യങ്ങള്‍ ചോദിച്ചത്.

ഹൈക്കോടതിക്ക് മുന്നില്‍ അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മില്‍ നടന്ന സംഘര്‍ഷത്തെ കുറിച്ച് അന്വേഷിക്കാന്‍ ജസ്റ്റിസ് മുഹമ്മദ് കമ്മീഷനെയാണ് നിയോഗിച്ചത്. ഈ കമ്മീഷനെ എന്നാണ് നിയോഗിച്ചതെന്നും എത്ര തവണ കമ്മീഷന്റെ കാലാവധി നീട്ടിയെന്നും കെ.സി.ജോസഫ് എംഎല്‍എ ചോദിച്ചു. അതിനു മുഖ്യമന്ത്രി മറുപടി നല്‍കിയത് ഇങ്ങനെ: “2016 നവംബര്‍ എട്ടാം തീയതി 686/2016 വിജ്ഞാപന പ്രകാരം നിയമിച്ച ജസ്റ്റിസ് പി.എ.മുഹമ്മദ് കമ്മീഷന്റെ കാലാവധി അഞ്ച് തവണയായി 30 മാസം വരെ ദീര്‍ഘിപ്പിച്ച് നല്‍കിയിട്ടുണ്ട്. കമ്മീഷന്റെ ദീര്‍ഘിപ്പിച്ച കാലാവധി 13-11-2019 ല്‍ അവസാനിക്കും.”

തുടര്‍ന്നാണ് കമ്മീഷന് വേണ്ടി എത്ര തുക ചെലവഴിച്ചു എന്ന ചോദ്യം ഉന്നയിച്ചത്. കമ്മീഷന്റെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു കോടി എണ്‍പത്തിനാല് ലക്ഷത്തി എഴുപത്താറായിരത്തി തൊള്ളായിരത്തി മുപ്പത്തിമൂന്ന് രൂപ ചെലവഴിച്ചതായി മുഖ്യമന്ത്രി മറുപടി നല്‍കി.

ചോദ്യോത്തരവേളയില്‍ കെ.സി.ജോസഫിന്റെ ചോദ്യത്തിന് രേഖാമൂലം സമര്‍പ്പിച്ച മറുപടിയിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യം വ്യക്തമാക്കിയത്. എന്തിനാണ് ഇത്രയും ഭീമമായ തുക ചെലവായതെന്ന് മറുപടിയില്‍ പറയുന്നില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.