കൊച്ചി: മാധ്യമ പ്രവർത്തകൻ എസ്.വി.പ്രദീപിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ ഹൈക്കോടതിയെ സമീപിച്ചു. മാതാവ് വസന്തകുമാരിയാണ് ഹർജി ഫയൽ ചെയ്തത്. അപകട മരണത്തിൽ ദുരൂഹത ഉണ്ടെന്നും മകന് ഭീഷണി ഉണ്ടായിരുന്നെന്നും ഹർജിയിൽ പറയുന്നു. പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്നും വിശദമായ അന്വേഷണം വേണമെന്നുമാണ് ഹർജിയിലെ ആവശ്യം.
Read More: 3361 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 5606 പേർക്ക് രോഗമുക്തി
പ്രദീപിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നിൽ കുടുബം ഏകദിന ഉപവാസം നടത്തിയിരുന്നു. പ്രദീപിന്റെ കൊലപാതികളെ രക്ഷിക്കാൻ പൊലീസ് ശ്രമിക്കുകയാണെന്ന് അമ്മ ആരോപിച്ചു. നിരവധി ഭീഷണികള്‍ നേരിട്ടിരുന്ന പ്രദീപിനെ കൊലപ്പെടുത്തിയതാണെന്നാണ് കുടുംബത്തിന്റെയും ആക്ഷൻ കൗൺസിലിന്റെയും ആരോപണം.
ഏറെ വിവാദങ്ങൾ സൃഷ്ടിച്ച പ്രദീപിന്റെ അപകട മരണം നടന്നിട്ട് ഒരു മാസം കഴിഞ്ഞിട്ടും അപകടം എങ്ങനെ നടന്നുവെന്നതിനെ പറ്റി വ്യക്തത വന്നിട്ടില്ല. ഓഫീസിൽ നിന്ന് വീട്ടിലേക്ക് സ്കൂട്ടറിൽ പോകുന്നതിനിടെയാണ് ടിപ്പർ ലോറിയിടിച്ച് പ്രദീപ് മരിക്കുന്നത്. ഡിസംബർ 14ന് വൈകുന്നേരം കാരയ്ക്കാപമണ്ഡപത്തിലായിരുന്നു അപകടം. സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
കേസിൽ ടിപ്പർ ലോറി ഡ്രൈവറർ ജോയിയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. വട്ടിയൂർക്കാവ് മൈലമൂടിൽ ക്രഷറിൽ നിന്നും ലോറി വെള്ളായണി വരെ എത്തുന്ന ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു. ഈ ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. ഡ്രൈവർക്കോ ലോറി ഉടമയ്ക്കോ ഗൂഢാലോചനയൊന്നും ഉണ്ടായിരുന്നില്ലെന്ന് പൊലീസ് പറയുന്നു.