തിരുവനന്തപുരം: വാഹനാപകടത്തിൽ കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ എസ്.വി.പ്രദീപിനെ ഇടിച്ചിട്ട് നിർത്താതെ പോയതായി സംശയിക്കുന്ന ലോറി കണ്ടെത്തി. തിരുവനന്തപുരം നഗരത്തിന് സമീപത്തെ ഈഞ്ചയ്ക്കലിൽനിന്നാണ് ലോറി പിടികൂടിയത്. ലോറി ഡ്രൈവർ ജോയിയെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
മരണത്തിലെ ദുരൂഹത നീക്കണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് ലോറി കണ്ടെത്തിയത്.സംഭവത്തിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും കേന്ദ്രമന്ത്രി വി.മുരളീധരനും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും കേരള പത്രപ്രവർത്തക യൂണിയൻ അടക്കമുളള സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.
പ്രദീപിന് സാമൂഹികമാധ്യമങ്ങളിലൂടെ ഭീഷണി ഉണ്ടായിരുന്നതായും, തന്റെ ഫോണ്‍ ഒരിക്കല്‍ ഹാക്ക് ചെയ്തുവെന്ന് പ്രദീപ് പറഞ്ഞിരുന്നതായും അമ്മയും സഹോദരിയും പറഞ്ഞിരുന്നു.
Read More: മാധ്യമപ്രവർത്തകൻ എസ്.വി പ്രദീപ് വാഹനപകടത്തിൽ മരിച്ചു
അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പ്രദീപിനെ ഇടിച്ചത് ടിപ്പർ ലോറിയാണെന്നും ലോറിയുടെ പിൻഭാഗം ശരീരത്തിലൂടെ കയറുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. ലോറിയുടെ മധ്യഭാഗം ഇടിച്ച് പ്രദീപ് റോഡിൽ വീഴുകയായിരുന്നു എന്നുമാണ് പൊലീസ് കണ്ടെത്തിയത്. തുടർന്ന് വാഹനത്തിന്റെ പിൻചക്രങ്ങൾ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നെന്നും പൊലീസ് പറയുന്നു.
തിങ്കളാഴ്ച വൈകിട്ട് നേമം കാരയ്ക്കാമണ്ഡപം ജംഗ്ഷന് സമീപം ഉണ്ടായ അപകടത്തിലാണ് എസ്.വി.പ്രദീപ് മരിച്ചത്. വൈകിട്ട് മൂന്നരയോടെയാണ് സംഭവം. അപകടശേഷം ഇടിച്ച വാഹനം നിര്‍ത്താതെ പോവുകയായിരുന്നു. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം നാളെ ബന്ധുക്കൾക്കു വിട്ടുനൽകും.
അപകടശേഷം നെയ്യാറ്റിന്‍കര ഭാഗത്തേക്ക് പോയ വാഹനം ഇതുവരെ കണ്ടെത്താനായിട്ടില്ല. വാഹനം കണ്ടെത്താന്‍ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് തേടുന്നുണ്ട്. ഫോര്‍ട്ട് എ.സിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.
ജയ്ഹിന്ദ്, കൈരളി ടിവി, മനോരമ ന്യൂസ്, ന്യൂസ് 18 കേരളം, മംഗളം ടിവി, കലാകൌമുദി തുടങ്ങി വിവിധ പ്രമുഖ മാധ്യമ സ്ഥാപനങ്ങളിലും ഓൺലൈൻ മാധ്യമങ്ങളിലും എസ്.വി പ്രദീപ് പ്രവർത്തിച്ചിട്ടുണ്ട്.