തിരുവനന്തപുരം: മുന്‍ ഗതാഗത മന്ത്രി എകെ ശശീന്ദ്രനെ കുടുക്കിയത് ഫോൺ കെണി വെച്ചാണെന്ന വിവാദ ചാനലിന്റെ വെളിപ്പെടുത്തലോടെ ചാനലില്‍ പട തുടരുന്നു. ചാനലിലെ ഡെപ്യൂട്ടി ന്യൂസ് എഡിറ്ററായ എംഎം രാഗേഷാണ് പുതിയതായി ചാനലിനെതിരെയും സിഇഒ ആര്‍ അജിത്കുമാറിനെതിരെയും രംഗത്ത് വന്നത്. നേരത്തെ രണ്ട് പേർ ചാനൽ സ്വീകരിച്ച നിലപാടിനെതിരെ  പ്രത്യക്ഷത്തിൽ രംഗത്ത് വന്നിരുന്നു. ജേണലിസത്തിലെ അധാർമ്മിക നിലപാടിനോട് വിയോജിച്ച് തങ്ങൾ ജോലി രാജിവെയ്ക്കുകയാണെന്നും അവർ പറഞ്ഞിരുന്നു. മൂന്നാമത്തെയാളാണ് ഈ ഫെയ്‌സ്ബുക്ക് പോസ്റ്റ് എഴുതിയത്. രണ്ടുപേർ രാജിവെയ്ക്കുന്ന സമയത്തും ചാനൽ തങ്ങളുടെ ഭാഗമാണ് ശരി എന്ന നിലപാടിലായിരുന്നു. എന്നാൽ വ്യാഴാഴ്ച രാത്രിയോടെയാണ് ചാനൽ മേധാവി ആർ. അജിത് കുമാർ ചാനലിന് തെറ്റുപറ്റി എന്ന് പരസ്യമായി ഖേദം പ്രകടപ്പിച്ചത്. ഇതിന് ശേഷമാണ് രാഗേഷിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വരുന്നത്.

“തെമ്മാടിത്തരമാണോ ചെയ്തതെന്ന് നൂറ് വട്ടം ചോദിച്ചിട്ടും എല്ലാം ശരിയാണെന്നായിരുന്നു നിങ്ങള്‍ പറഞ്ഞതെന്നും” രാഗേഷ് ഫെയ്സ്ബുക്കില്‍ കുറിച്ചു. “അപ്പോൾ അല്ല എന്നായിരുന്നു മറുപടി.  നിങ്ങളിൽ (സീനിയർ എഡിറ്ററെ പേരെടുത്ത് പറഞ്ഞ് അഭിസംബോധന ചെയ്താണ് ഇത്)  ഒരു വിശ്വാസമുണ്ടായിരുന്നു. നിങ്ങളും പറഞത് എല്ലാം ശരിയാണ് എന്ന തരത്തിലാണ്. ഓരോ ഘട്ടത്തിലും ചോദിച്ചു കൊണ്ടേയിരുന്നു. എന്താണ് സത്യമെന്ന്. അപ്പോഴും എല്ലാം ശരിയാണെന്ന് പറഞ്ഞു. ജോലിയില്ലാത്ത ഒന്നര വർഷം അനുഭവിച്ച മാനസിക സംഘർഷത്തിനുമപ്പുറം നാല് ദിവസം അനുഭവിച്ചപ്പോഴും നിങ്ങൾക്കൊപ്പം നിന്നത് വിശ്വാസം കൊണ്ടാണ്. ഇതാണ് നമ്മുടെ പരാജയം മാധ്യമ മുതലാളിയുടെ തെമ്മാടിത്തരത്തിന് കുഴലൂതുമ്പോൾ കൂടെയുള്ളവനെ നമ്മൾ കല്ലെറിയും. സുഹൃത്തെ നമ്മൾ എന്നാണ് തൊഴിൽ സ്ഥാപനത്തിനുമപ്പുറം മനസ്സറിഞ്ഞ് സ്നേഹിക്കുന്നവരാവുക. സഹ പ്രവർത്തകരെ ഇതാരുടേയും വിജയമല്ല. നമ്മുടെ പരാജയ”മാണെന്നും രാഗേഷ് കുറിക്കുന്നു.

ഈ പരാജയമുള്ളിടത്തോളം നമ്മൾ എന്നും തോറ്റു കൊണ്ടേയിരിക്കും. നാളെ താരമാകാമെന്ന് കരുതി ഈ രംഗത്തേക്ക് വരുന്നവരോട്. കണ്ണുനീരും കയ്പും രുചിച്ച്. യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കാതെ നിങ്ങൾക്കവിടെ എത്താനാവില്ല. എങ്ങിനെയും വാർത്ത എടുക്കണമെന്ന് ചാനലിന്റെ ക്യാംപിൽ ആദ്യ ദിനം പറഞ്ഞപ്പോൾ അതല്ല ജേണലിസമെന്ന് ആ ക്യാംപിൽ ശബ്ദമുയർത്തിയ ഒരേ ഒരാൾ ഞാനാണെന്നും രാഗേഷ് എഴുതുന്നു.

ബോംബുണ്ടാക്കലാണ് ജേണലിസം എന്ന് പറഞ്ഞവരാണ് ഇതിന്  മുൻകൈയ്യെടുത്തത്.  ജേണലിസ്റ്റിന് ഫ്രോഡാകാ. ഫ്രോഡിന് ഒരിക്കലും ജേണലിസ്റ്റാകാനാവില്ലെന്നും മറ്റൊരു സീനിയർ മാധ്യമപ്രവർത്തകനെ അഭിസംബോധന ചെയ്ത്    രാഗേഷ് പറയുന്നു. സിഇഒ ലാഭം കിട്ടുന്ന കച്ചവട..പണിയാണ് നിങ്ങൾക്കത് തുടരാം. എന്റെ ഒരു മാസത്തെ ശമ്പളം ബാക്കിയുണ്ട് .പാപത്തിന്റെ പങ്ക് തനിയ്ക്ക് വേണ്ടെന്നും രാഗേഷ് പറയുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ