കൊച്ചി: മാധ്യമ പ്രവർത്തകനും പ്രസാധകനുമായ പോളി കെ.അയ്യമ്പളളി (54) നിര്യാതനായി. സിപിഎമ്മിന്റെ നേതാവും കേരളത്തിലെ മുൻ നിയമസഭാ സ്‌പീക്കറും ഇ.കെ.നായനാർ മുഖ്യമന്ത്രിയായിരിക്കെ പൊളിറ്റിക്കൽ സെക്രട്ടറിയുമായിരുന്ന എ.പി.കുര്യന്റെ മകനാണ് പോളി.

മാധ്യമ പ്രവർത്തനത്തിൽ നിന്നും പ്രസാധക രംഗത്തേയ്‌ക്ക് എത്തിയ പോളി മലയാള പ്രസാധക/വിപണന രംഗത്ത് വേറിട്ട വഴി വെട്ടിത്തെളിച്ചു. പരിഭാഷകളും പഠനപുസ്‌തകങ്ങളും രണ്ടാംവിൽപ്പന പുസ്‌തകങ്ങളുമൊക്കെയായി പ്രസാധക/വിപണന രംഗത്ത് പോളിയുടെ പ്രസാധക ശാലയായിരുന്ന പെൻബുക്‌സ് 90 കളുടെ അവസാനത്തോടെ മലയാളത്തിലെ ശ്രദ്ധേയമായ പ്രസാധക ശാലയായി മാറിയിരുന്നു.

ഇംഗ്ലീഷ് സംസാരിക്കാൻ ഒരു ഫോർമുല, റിവേഴ്സ് ഡിക്ഷണറി, കംപ്യൂട്ടർ പഠിക്കാനൊരു ഫോർമുല, തുടങ്ങി നിരവധി പുസ്‌തകങ്ങളിലൂടെയാണ് പെൻ ബുക്‌സ് ഏറെ ശ്രദ്ധ പിടിച്ചു പറ്റിയത്.

ചെറുകഥയ്‌ക്ക്​ മലയാള മനോരമയുടെ യുവ പുരസ്കാരം ലഭിച്ചിട്ടുണ്ട്​. കവിയുമായിരുന്നു. കാലടി ശ്രീശങ്കര കോളേജ്​, യുസി കോളേജ്​ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. മംഗളത്തിൽ പത്രാധിപ സമിതി അംഗമായിരുന്നു.

ആരോഗ്യകാരണങ്ങളാൽ കഴിഞ്ഞ കുറച്ച് കാലമായി പൊതുരംഗത്ത് സജീവമായിരുന്നില്ല പോളി. ഷിബിയാണ് ഭാര്യ. മകൾ: സാറ. സഹോദരങ്ങൾ: ജോബ് കുര്യൻ, വിജു കുര്യൻ

നാളെ ഉച്ചയ്‌ക്ക് ശേഷം, ആലുവ വെളിയത്തുനാടുളള വീട്ടിൽ സംസ്കാര ചടങ്ങുകൾ ആരംഭിക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.