ദയാപുരം: രാഷ്ട്രീയത്തിന്റെയും സാങ്കേതികതയുടെയും സാമൂഹ്യ ജീവിതത്തിന്റെയും സകലമേഖലകളിലും പങ്കാളിത്വവും അവകാശങ്ങളും ഉണ്ടാവേണ്ടവരാണ് സ്‍ത്രീകളെന്നും അടുക്കള, സ്ത്രീപ്രശ്നങ്ങൾ, സൗന്ദര്യവർധക വസ്തുക്കൾ എന്നീ നിശ്ചിതമേഖലകളിലേക്ക് ഒതുക്കുന്ന പ്രവണത അവസാനിപ്പിക്കപ്പെടണമെന്നും പ്രമുഖ പത്രപ്രവർത്തകയായ നേഹ ദീക്ഷിത് അഭിപ്രായപ്പെട്ടു. “സ്ത്രീകളും കേരളത്തിന്റെ പുനർനിർമാണവും” എന്ന വിഷയത്തിൽ നടന്ന ദയാപുരം കോളേജ് എജ്യൂക്കേഷണൽ കോൺക്ലേവിന്റെ മൂന്നാം പതിപ്പിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവർ.

സ്ത്രീകൾക്ക് ആണുങ്ങളിൽ നിന്ന് വ്യത്യസ്തമായ അനുഭവങ്ങളും അതിൽ നിന്നുണ്ടായ സൂക്ഷ്മമായ ജീവിതബോധവുമുണ്ട്. അവർക്കാണ് അയൽപക്കങ്ങളെ കൂടുതൽ അറിയുക. ഈ അറിവ് പ്രളയദുരിതാശ്വാസത്തിൽ വളരെ ഗുണപ്രദമാവുന്നതാണെങ്കിലും അതിന് സർക്കാരോ ഏജൻസികളോ തയ്യാറാവുന്നില്ല. ഇത് പുനർനിർമാണത്തിൽ വലിയ അപാകതകളുണ്ടാക്കുന്നുവെന്ന ചരിത്ര വസ്തുത മറക്കരുത്- നേഹ പറഞ്ഞു.

സ്ത്രീകൾ വാർത്തകൾ കാണുന്നില്ലെന്നും അതിനാൽ അവരുടെ പ്രശ്നങ്ങളെ രാഷ്ട്രീയ പ്രശ്നങ്ങളായി കാണേണ്ടതില്ലെന്നും വിചാരിക്കുന്ന കോർപറേറ്റ് മീഡിയയും സ്ത്രീ പ്രാതിനിധ്യം തീരെക്കുറവുള്ള നിയമനിർമാണ സഭകളും സ്വന്തം സമുദായത്തിലെ സ്ത്രീകളെ അടക്കി ഭരിക്കുന്ന സമുദായനേതൃത്വവും സ്ത്രീകളെ ചില പട്ടികകളിൽ മാത്രമാണ് കാണുന്നത്. ഇവരുടെ ലോകബോധം മാറുന്നവരെ “ഞങ്ങൾക്ക് പോര” എന്ന് പറഞ്ഞു കൊണ്ടിരിക്കണം സ്ത്രീകൾ- നേഹ കൂട്ടിച്ചേർത്തു.

ആശ ആച്ചി ജോസഫ് (അക്കാഡമീഷൻ, ഫിലിം മേക്കർ), സ്നേഹകോശി (എൻഡിടിവി), പ്രമീള ഗോവിന്ദ് (ടിവി ജേർണ്ണലിസ്റ്റ്), ഖദീജ നർഗീസ് (കമ്മ്യൂണിറ്റി വർക്കർ), ഭവിത എ.പി (ഓൺലൈൻ ജേർണ്ണലിസ്റ്റ്), ഡോ. വർഷ വിദ്യാധരൻ (കോഴിക്കോട് മെഡി. കോളേജ്), വിശാഖ ജോർജ്ജ് (പീപ്പിൾസ് ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യ ബാംഗ്ലൂർ), സ്വാതി ശേഷാദ്രി (ഇക്വേഷൻസ് ടൂറിസം ബാംഗ്ലൂർ), നൂർജഹാൻ. കെ (റിസർച്ചർ, ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസ് മുംബൈ), നികിൽഷ. കെ (ലാന്റ് സ്കോപ് ആർക്കിടെക്റ്റ്) എന്നിവർ വിവിധ വിഷയങ്ങളിൽ സംസാരിച്ചു.

കേരളത്തിന്റെ പുനർനിർമ്മിതിക്ക് നമ്മുടെ സാമൂഹികമൂല്യങ്ങള്‍ മാറേണ്ടതുണ്ടെന്നും അതിന് സ്ത്രീനേതൃത്വവും സ്ത്രീകളുടേതായ പുതിയ ആലോചനകളും സുപ്രധാനമാണെന്നുമുള്ള കാഴ്ചപ്പാടോടെ സ്ത്രീകളെ മാത്രം പ്രഭാഷകരായി പങ്കെടുപ്പിക്കുന്ന കോൺക്ലേവിന്റെ രണ്ടാം ദിവസത്തെ മുഖ്യപ്രഭാഷക വിധു വിൻസെന്റ് ആയിരിക്കും.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ