കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ചോരയും നീരും വിതച്ച് ഊട്ടി വളർത്തിയ തിരുവിതാംകൂറിലെ മണ്ണാണ് ആലപ്പുഴയുടേത്.  ഇപ്പോൾ ജനാധ്യപത്യ ഭരണസംവിധാനത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടികൾ നേതൃത്വം നൽകുന്ന സർക്കാരിനെ പ്രതിസന്ധിയിലാക്കിയതും  ഈ മണ്ണിൽ മുളച്ച അഴിമതിയാരോപണം.

കുട്ടനാട്ടിലെ കായൽ കയ്യേറ്റങ്ങളുടെ ചരിത്രം തുടങ്ങുന്നത് ജോസഫ് മുരിക്കൻ എന്ന ക്രൈസ്തവ പ്രമാണിയായുമായി ബന്ധപ്പെട്ടാണ്. മുരിക്കന്‍ എന്ന മുരിക്കന്‍ ഔത, മുരിക്കും മൂട്ടില്‍ ഔത്തമന്‍ അഥവാ ജോസഫ് മുരിക്കന്‍ എന്ന പേരുകളിൽ അറിയിപ്പെട്ടിരുന്ന അദ്ദേഹമാണ് തിരുവിതാംകൂറിന്രെ ഭാഗമായ കുട്ടനാട്ടിലെ ഈ കായലുകൾ നികത്തി നിലമാക്കിയത്. പിന്നീട് തിരുവിതാംകൂറിന്രെയും കേരളത്തിന്രെയും ചരിത്രത്തിൽ മുരിക്കനും മാർത്താണ്ഡം കായലും ഇടം പിടിച്ചു. ഭൂപരിഷ്ക്കരണ മുദ്രാവാക്യവും കൃഷിഭൂമി കർഷകത്തൊഴിലാളിക്ക് ലഭിക്കാൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം സമരം നടത്തി വളരുമ്പോൾ ഈ മണ്ണും അതിനൊപ്പം തുടിച്ചു. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഇവിടെ തഴച്ചു വളർന്ന കാലം.
കായൽ കരയും നിലവും കായലുമെല്ലായ ആ ചരിത്രത്തെ കുറിച്ച് പ്രമുഖ പത്രപ്രവർത്തകനായ ടി ജെ എസ് ജോർജ് “ഘോഷയാത്ര” എന്ന തന്രെ പുസ്തകത്തിൽ പറയുന്നത് ഇങ്ങനെയാണ് :

“കുട്ടനാട്ടില്‍ നീണ്ടുനിവര്‍ന്നു കിടന്ന പച്ചപ്പരവതാനികള്‍ മുരിക്കന്‍ നിര്‍മിതമായിരുന്നു. മുരിക്കന്‍ എന്നാല്‍ മുരിക്കന്‍ ഔത. അഥവാ, മുരിക്കും മൂട്ടില്‍ ഔത്തമന്‍. അഥവാ ജോസഫ് മുരിക്കന്‍ എന്ന കര്‍ഷകന്‍. സിറിയന്‍ കത്തോലിക്കാ വിശ്വാസി. കഠിനാധ്വാനി, ഒറ്റയാന്‍ പ്രസ്ഥാനം. പരന്നുപരന്നു കടല്‍പോലെ ചക്രവാളം തൊട്ടുകിടന്ന വേമ്പനാട്ടു കായലിന്റെ ഓളങ്ങളില്‍ മുങ്ങിയും പൊങ്ങിയും വളര്‍ന്ന ഔതക്ക് ഒരുനാള്‍ ഒരു വെളിപാടുണ്ടായി. ഈ വെള്ളത്തിനടിയില്‍ മണ്ണല്ലേ. മണ്ണു കൃഷിക്കുള്ളതല്ലേ. കായലില്‍ നെല്ലു വിളയിക്കരുതോ. പാവം ഔതക്ക് പിരാന്തിളകിയെന്നു നാട്ടുകാര്‍ പറഞ്ഞു വിലപിച്ചു. ഔത വിട്ടില്ല. അഭ്യസ്ഥവിദ്യരുടെ സഹായത്തോടെ കായലിന്റെ സ്വഭാവം പഠിച്ചു. പലയിടത്തും ആഴമില്ലാത്ത ഭാഗങ്ങള്‍ ഉണ്ടെന്നു മനസിലായി. ചില സ്ഥലങ്ങളില്‍ കുറ്റി നാട്ടി. ചേറു കൊണ്ട് വരമ്പ് കുത്തിപ്പൊക്കി വെള്ളം പമ്പു ചെയ്തു കളഞ്ഞു. അടിയിലുണ്ടായിരുന്ന മണ്ണ് ഉപയോഗയോഗ്യമാക്കി. അതോടെ ഔതക്കു ശരിക്കും ഭ്രാന്തിളകി. ആയിരക്കണക്കിനു തൊഴിലാളികളെ വിളിച്ചുകൂട്ടി മൂന്നു ഭീമന്‍ കായലുകള്‍ കുത്തിയെടുത്തു. മൂന്നിനും ചരിത്രത്തിന്റെ ധ്വനിയുള്ള പേരുകള്‍ നല്‍കി: ചിത്തിര (900 ഏക്കര്‍), മാര്‍ത്താണ്ഡം (652 ഏക്കര്‍), റാണി (600 ഏക്കര്‍).”

“ആ നിലങ്ങള്‍ കൃഷിക്ക് അനുയോജ്യമാക്കി എടുക്കാന്‍ എല്ലു നുറുങ്ങി പണിയേണ്ടി വന്നു. ഒടുവില്‍ കൊയ്‌തെടുത്തപ്പോള്‍ നൂറുമേനി. ആണ്ടിലേഴു മാസവും വെള്ളത്തിനടിയിലായിരുന്ന നിലങ്ങള്‍ ബാക്കി മാസങ്ങളില്‍ ഖനികളായി മാറി. കുട്ടനാട് ഐതിഹ്യമായി. പക്ഷേ, ഐതിഹ്യം പൊലിഞ്ഞുപോയി.” ഈ ഐതിഹ്യം പൊലിഞ്ഞതിന് കാരണം ഭൂപരിഷ്ക്കരണമാണെന്നും ടി ജെ എസ് ആ ലേഖനത്തിൽ കുറ്റപ്പെടുത്തുന്നുണ്ട്.

പക്ഷേ, ചരിത്രത്തിന് മറ്റൊരു വശം കൂടിയുണ്ട്. അതിതാണ്. കേരളത്തിൽ ഭൂപരിഷ്ക്കരണം വഴി മുട്ടി നിൽക്കുമ്പോൾ, മിച്ചഭൂമി ഇല്ലായെന്ന് സർക്കാർ പറയുമ്പോൾ മിച്ചഭൂമി ഉണ്ടെന്ന് കാണിച്ച് സമരരംഗത്ത് ഇറങ്ങിയത് എ കെ. ഗോപാലൻ എന്ന എ കെ ജിയാണ്.  സി പിഎമ്മിന്രെ നേതാവ് എന്നതിനേക്കാൾ കേരളത്തിന്രെ നേതാവായി മാറിയ എ കെ ജിയുടെ നേതൃത്വത്തിലുളള സമരം അധികാര കേന്ദ്രങ്ങളെ പിടിച്ചു കുലുക്കി. ഇതിനൊപ്പം ജന്മിവിരുദ്ധസമരങ്ങൾ ദേശീയതലത്തിൽ ശക്തമാക്കിയ  തീവ്ര ഇടതുപക്ഷം  കേരളത്തിലും വേരൂന്നാൻ ശ്രമിക്കുന്നുണ്ടായിരുന്നു. ഈ സമയത്ത്  എ കെ. ജിയുടെ നേതൃത്വത്തിൽ നടന്ന മിച്ച ഭൂമി സമരത്തെ തുടർന്നാണ് സർക്കാരിന് ഈ ഭൂമി ഏറ്റെടുക്കേണ്ടിവന്നത്.

ഐക്യകേരളത്തിലെ ആദ്യ മന്ത്രിസഭ ഇ എം എസ് മുഖ്യമന്ത്രിയായി കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകരിച്ചപ്പോൾ തന്നെ ഭൂപരിഷ്ക്കരണ നിയമത്തിന്രെ നടപടികൾ ആരംഭിച്ചിരുന്നു. എ കെ ജി മിച്ചഭൂമി വിഷയം ഉന്നയിച്ച് സമരം ശക്തമാക്കിയപ്പോൾ സർക്കാർ ഭൂമി ഏറ്റെടുക്കാൻ തുടങ്ങി.  1972ൽ സി. അച്യുതമേനോൻ മുഖ്യമന്ത്രിയായിരിക്കെയാണ് ഈ ഭൂമി പിടിച്ചെടുത്തത്. മുരിക്കൻ കുടുംബത്തിൽ നിന്നും ഈ ഭൂമി  എറ്റെടുക്കുന്നത് കേരള നിയമസഭ പാസ്സാക്കിയ ഭൂപരിഷ്ക്കരണ നിയമത്തിന്രെ പിൻബലത്തിലായിരുന്നു. മാര്‍ത്താണ്ഡം കായലും ചിത്തിരക്കായലും റാണിക്കായലും മുരിക്കനും കുടുംബവും സ്വകാര്യമായി അനുഭവിച്ചുകൊണ്ടിരുന്നത് സർക്കാരിന്രെ കൈവശമായി. അത് വിതരണം ചെയ്യാനും തിരുമാനിച്ചു.  ഇങ്ങനെ സർക്കാർ പിടിച്ചെടുത്തതിൽ പെടുന്ന മാര്‍ത്താണ്ഡം  കായലാണ് ഇപ്പോൾ തോമസ് ചാണ്ടി എന്ന മറ്റൊരു പ്രമാണി നികത്തിയെന്ന് ആരോപണം ഉയർന്നതും കലക്ടറുടെ റിപ്പോർട്ട് സാധൂകരിച്ചതും. നാല് ദശകംമുന്നോട്ട് നടന്ന ഒരു പ്രദേശം എത്രപെട്ടാനാണ്  അതിലേറെ പിന്നാക്കം പോയത് എന്ന് അത്ഭുതപ്പെടുത്തുന്ന വസ്തുകൾ. കായൽ മാത്രമല്ല,  ഇതിഹാസ സമാനമായ ചരിത്രത്തെ കൂടി നികത്തുകയാണ് ഇവിടെ നടന്നുവെന്ന് പറയുന്ന വസ്തുതകൾ.

കമ്മ്യൂണിസ്റ്റുകാരായ സാമൂഹികവും സാമ്പത്തികവുമായി പിന്നാക്കം നിൽക്കുന്ന കർഷകത്തൊഴിലാളികൾക്കെതിരെ  വിമോചന സമരക്കാലത്ത് സമരത്തിന്രെ നേതൃത്വം വഹിച്ചവർ ” തമ്പ്രാൻ എന്ന് വിളിപ്പിക്കും പാളയിൽ കഞ്ഞിക്കുടിപ്പിക്കും” എന്ന് മുദ്രാവാക്യം വിളിച്ചിരുന്നു. ആ മുദ്രാവാക്യത്തെ പിന്തുണച്ചവരുടെ കൂട്ടത്തിലായിരുന്നു മുരിക്കനും കുട്ടരുമടങ്ങുന്നവർ. എന്നാൽ അതിന് ശേഷം പതിമൂന്ന് വർഷം തികയുമ്പോഴേയ്ക്ക് ആ ഭൂമി ഉൾപ്പടെയുളള മിച്ചഭൂമി വിഷയത്തിൽ കേരളത്തിൽ പുതിയ മുദ്രാവാക്യം മുഴങ്ങി.

“ചിത്തിരക്കായലില്‍ ചിറകറ്റുവീഴുന്ന, പട്ടിണിപ്പാവങ്ങള്‍ ഞങ്ങള്‍”, “മാര്‍ത്താണ്ഡം കായലിന്‍ കൈതവരമ്പത്തു നാട്ടിയ കൊടി, ഞങ്ങള്‍ മാറ്റുകയില്ലൊരുനാളും എന്നായിരുന്നു കവിത പോലെ ആ കാലം ആലപ്പുഴ ഏറ്റുപാടിയ  ആ മുദ്രാവാക്യം. മിച്ചഭൂമി സമര കാലത്ത്   പുന്നപ്ര, വയലാറിന്രെ പോരാട്ടവീര്യം വീണ്ടും ഉയിർത്തെഴുന്നേൽക്കുകയായിരുന്നു. അത് കമ്മ്യൂണിസ്റ്റ് കേന്ദ്രങ്ങളിൽ മാത്രമായിരുന്നില്ല. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം പ്രത്യേകിച്ച് സി പി എമ്മിനെ   ആലപ്പുഴയിൽ ആഴത്തിൽ വേരോടിച്ചതായിരുന്നു ഈ സമരം. കേരളത്തിലെ മറ്റിടങ്ങളിലേതിനേക്കാൾ കായലും കയറും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ പ്രത്യേകിച്ച് സിപിഎമ്മിന് ജനഹൃദയങ്ങളിലേയ്ക്കുളള വഴിയായതിവിടെയാണ്.

ഈ മാർത്താണ്ഡം കായലാണ് ഇന്ന് സി പി എമ്മിനെയും സി പി ഐയെയും പ്രതിസന്ധിയിലാക്കിയത്. ഒരു കാലത്ത് ഇരുപാർട്ടികളും വേരുപിടിപ്പിച്ച പ്രദേശം അവർ തന്നെ നേതൃത്വം കൊടുക്കുന്ന സർക്കിരന്രെ കടയ്ക്കൽ കത്തിവെയ്ക്കുന്ന നിലയിലേയ്ക്ക് എത്തിച്ചത്. സർക്കാർ ജനങ്ങൾക്ക് നൽകിയ ഭൂമി അവരിൽ നിന്നും വാങ്ങി  നീർത്തട, നെൽവയൽ സംരക്ഷണ നിയമം ലംഘിച്ച് നികത്തിയെന്നാണ് തോമസ് ചാണ്ടിക്കെതിരെ ജില്ലാ കലക്ടർ കണ്ടെത്തിയത്. ഈ കണ്ടെത്തലിനെ തുടർന്ന് തോമസ് ചാണ്ടിക്കെതിരെ നടപടി വേണമെന്ന് ആവശ്യമുയർന്നു.  കലക്ടറുടെ റിപ്പോർട്ടിനെതിരെ കോടതിയിൽ എത്തിയ തോമസ് ചാണ്ടിക്കെതിരെ ഹൈക്കോടതിയിൽ നിന്നും കടുത്ത പരാമർശങ്ങളുയർന്നു. ഇതേ തുടർന്ന് സൃഷ്ടിക്കപ്പെട്ട പ്രതിസന്ധിക്ക് പരിഹാരമായത് തോമസ് ചാണ്ടിയുടെ രാജിയോടെയാണ്.

കേരളത്തിന്രെ ചരിത്രം തിരുത്തിയെഴുതാൻ ശ്രമിച്ച ഭൂപരിഷ്ക്കരണബിൽ അതിന്രെ പരിമിതികളോടെ ഒത്തുതീർപ്പുകൾക്ക് വഴങ്ങി നിയമമാകുന്നത് 1972 ലാണ്. അതേ വർഷം തന്നെ മുരിക്കൻ ഔത എന്ന ജോസഫ് മുരിക്കൻ മരിച്ചുചരിത്രമെഴുതുന്ന രീതിയിൽ ചില സൂചകങ്ങളെന്ന പോലെ ആ മരണവും ആ നിയമവും അങ്ങനെ അടയാളപ്പെട്ടു.

കായൽ മണ്ണിട്ട് മുടിയ കയ്യേറ്റത്തിന് കേരളത്തിൽ സവിശേഷമായ ചരിത്രമാണ് ഈ കായലുകൾ രേഖപ്പെടുത്തുന്നത്. ഏഴു മാസം വെളളവും പിന്നെ കൃഷിയും അങ്ങനെ  കുട്ടനാടിനെ ഐതിഹ്യമാക്കിയ ചരിത്രം ടി ജെ എസ്സിനെ പോലുളളവർ ഓർമ്മിക്കുന്ന ഒരു ചരിത്രം.   ചൂഷണവും പ്രതിരോധവും തൊഴിലാളി സമരങ്ങളും ഭൂമിക്കായുളള പോരാട്ടങ്ങളും എല്ലാം  ചേർന്ന ജനാധിപത്യവകാശങ്ങൾക്കായി  നീരൊഴുക്കായിടം എന്ന്  ഇതിഹാസമായ ചരിത്രം മറ്റൊന്ന്.

ജനാധിപത്യങ്ങളുടെയും സമരത്തിന്രെയും   ചരിത്രത്തെ നിസ്തേജമാക്കാനുളള ശ്രമമാണ് ഇപ്പോൾ ഇല്ലാതായിട്ടുളളത്.  ആരോപണവിധേയനായ മന്ത്രി സർക്കാരിനെതിരെ കോടതിയിൽ പോകുന്നതു പോലുളള നടപടികൾ കേരളത്തെ അത്ഭുതപ്പെടുത്തുന്നു. എങ്ങനെയും മന്ത്രിസ്ഥാനത്ത്  തുടരാനുളള ശ്രമങ്ങളിൽ  സർക്കാരിനെ നിറംകെടുത്തിയ ശേഷം  രാജിവെയ്ക്കേണ്ടിവന്ന   തോമസ് ചാണ്ടിക്ക് മുന്നിൽ ആ ചരിത്രമുണ്ടാകാം.  പിണറായി വിജയൻ എന്ന  മുഖ്യമന്ത്രിയോട് രണ്ടാമത്തെ വലിയ ഘടകകക്ഷിയായ സി പി ഐയ്ക്ക് ഏറ്റുമുട്ടി വിജയിക്കാനുളള വഴിയൊരുക്കിയതും ആ ചരിത്രമായിരിക്കാം.   ചരിത്രം  അത്  മറന്നുപോകുന്നവരെ അവർ പോലുമറിയാതെ അനുഭവങ്ങളിലൂടെ ആ പാഠങ്ങൾ പഠിപ്പിക്കുമെന്ന നിരീക്ഷണം മാര്‍ത്താണ്ഡം കായൽ നികത്തലും തോമസ് ചാണ്ടിയും ഒക്കെ ഒരിക്കൽ കൂടി സാധൂകരിക്കുകയാണോ?

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.