കോട്ടയം: യുഡിഎഫിന്റെ സ്ഥാപനം മുതലുള്ള നാല് പതിറ്റാണ്ട് നീണ്ട ബന്ധം ഒരു തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിലെ സ്ഥാനത്തിനുവേണ്ടി മുറിച്ചു കളഞ്ഞെന്ന വൈകാരിക പ്രതികരണവുമായി ജോസ് കെ.മാണി. കേരള കോണ്‍ഗ്രസ് എമ്മിലെ ജോസ് കെ.മാണി പക്ഷത്തെ തിങ്കളാഴ്ച യുഡിഎഫില്‍ നിന്നും പുറത്താക്കിയിരുന്നു.
പാര്‍ട്ടി സ്ഥാപകനായ കെ.എം.മാണി രാഷ്ട്രീയ അഭയം നല്‍കിയ പി.ജെ.ജോസഫ് തന്റെ വീടും പാര്‍ട്ടി ഓഫീസും ലോക്‌സഭയും നിയമസഭയും ജില്ലാ പഞ്ചായത്തും ഹൈജാക്ക് ചെയ്യാന്‍ ശ്രമിച്ചതിനെ തടയാന്‍ ശ്രമിച്ചതിനെ തുടര്‍ന്നുള്ള സംഭവ വികാസങ്ങളിലാണ് നിലവിലെ സാഹചര്യത്തിലേക്ക് നയിച്ചതെന്ന് ജോസ് കെ.മാണി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഹൈജാക്ക് ചെയ്യാനുള്ള ശ്രമം അംഗീകരിക്കാതെ വന്നപ്പോള്‍ താന്‍ ധിക്കാരിയും അഹങ്കാരിയുമായി മാറിയെന്ന് ജോസ് കെ.മാണി കേരള കോണ്‍ഗ്രസ് സ്റ്റിയറിങ് കമ്മിറ്റിക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.
Read Also: അവരുടെ വിധി അവർ തീരുമാനിക്കും; ജോസ് വിഭാഗത്തിന്റെ വെന്റിലേറ്റർ ആകാൻ എൽഡിഎഫില്ലെന്ന് കാനം
38 വര്‍ഷം യുഡിഎഫിനെ പടുത്തുയര്‍ത്താനുള്ള ശക്തിയുടെ സ്രോതസ്സായിരുന്നു കെ.എം.മാണിയെന്നും അദ്ദേഹത്തേയും അദ്ദേഹത്തിന്റെ പ്രസ്ഥാനത്തേയുമാണ് മുന്നണി പുറത്താക്കിയതെന്നും ജോസ് പറഞ്ഞു. ഒരു തദ്ദേശ പദവിക്കുവേണ്ടി മാത്രം മാണി സാറുമായുള്ള ഹൃദയ ബന്ധം യുഡിഎഫ് മുറിച്ചുമാറ്റിയെന്നും മുന്നണിയുടെ നേതൃത്വത്തില്‍ നിന്നും ഇത്തരമൊരു നടപടി ഒരിക്കലും പ്രതീക്ഷിച്ചില്ലെന്ന് പ്രവര്‍ത്തകര്‍ അറിയിച്ചുവെന്നും ജോസ് പറഞ്ഞു.
മാണിയുടെ മരണത്തിനുശേഷം പി.ജെ.ജോസഫ് പാര്‍ട്ടിയെ ഹൈജാക്ക് ചെയ്യാന്‍ ശ്രമിക്കുകയും കേരള കോണ്‍ഗ്രസ് എമ്മിനെ ജെ ആക്കാനും ശ്രമിച്ചുവെന്നും അതില്‍ നിന്നും പാര്‍ട്ടിയെ സംരക്ഷിക്കാന്‍ ശ്രമിച്ചതാണോ തന്റെ തെറ്റെന്നും ജോസ് ചോദിച്ചു. കെ.എം.മാണി പടുത്തുയര്‍ത്തിയ പ്രസ്ഥാനത്തെ സംരക്ഷിക്കണം എന്നതാണ് ആഗ്രഹം. അതിനപ്പുറത്തേക്ക് മറ്റൊരു പ്രശ്‌നവും ജോസഫുമായില്ലെന്നും ജോസ് പറഞ്ഞു. പാലാ ഉപതിരഞ്ഞെടുപ്പിന് ശേഷം ജോസഫ് വിഭാഗം നിരന്തരം വ്യക്തിഹത്യ നടത്തുകയാണെന്നും നുണ പറഞ്ഞ് തങ്ങളെ കരിവാരി തേക്കുകയാണെന്നും ജോസ് പറഞ്ഞു.
മാണിസാറിനെ മറന്നുകൊണ്ടുള്ള തീരുമാനമാണ് യുഡിഎഫ് കൈക്കൊണ്ടതെന്ന് ജോസ് കെ.മാണി ഫെയ്സ്ബുക്കില്‍ കുറിച്ചു. കേവലം ഒരു ഘടകകക്ഷി എന്നതിനുമപ്പുറം നീണ്ട 38 വര്‍ഷം യുഡിഎഫിന്റെ ശക്തി സ്രോതസ്സായിരുന്നു കെ.എം.മാണിയുടെ രാഷ്ട്രീയം. കര്‍ഷകപെന്‍ഷന്‍ മുതല്‍ കാരുണ്യ വരെയുള്ള പദ്ധതികളിലൂടെ യുഡിഎഫ് സര്‍ക്കാരുകള്‍ക്ക് ജനകീയ മുഖം നല്‍കിയത് കേരളാ കോണ്‍ഗ്രസ്സാണ്. എല്ലാ പ്രതിസന്ധികളിലും യുഡിഎഫിന് കരുത്തുപകര്‍ന്ന ഹൃദയബന്ധമാണ് കേവലമൊരു ലോക്കല്‍ ബോഡി പദവിയുടെ പേരില്‍ മുറിച്ചുകളഞ്ഞത്. സാധാരണ യുഡിഎഫ് പ്രവര്‍ത്തകരുടെ ഹൃദയവികാരത്തെപ്പോലും മുറിവേല്‍പ്പിക്കുന്നതാണ് കേരള കോണ്‍ഗ്രസ്സിനെ പുറത്താക്കിയ തീരുമാനം. എല്ലാവരെയും ഒരുമിച്ചുകൊണ്ടുപോവുക എന്ന ധര്‍മ്മം യുഡിഎഫ് നേതൃത്വം മറന്നുപോയി എന്നു തെളിയിക്കുന്നതാണ് ഈ തീരുമാനം. ഒരു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തിനുമപ്പുറം ഇതൊരു രാഷ്ട്രീയ നിതീയുടെ പ്രശ്നമാണ്. ധാരണ പാലിച്ചില്ല എന്ന ന്യായം പറഞ്ഞാണ് ഈ പുറത്താക്കല്‍. രണ്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മില്‍ പരസ്പര സമ്മതത്തോടെയുണ്ടാകുന്നതാണ് ധാരണ. ഇത്തരമൊരു ധാരണ ഒരിക്കലും ഉണ്ടായിട്ടില്ലെന്ന് ഞങ്ങള്‍ ആവര്‍ത്തിച്ച് പറഞ്ഞിട്ടുണ്ട്. ഇല്ലാത്ത ഒരു ധാരണ ഏകപക്ഷീയമായി അടിച്ചേല്‍പ്പിക്കാനുള്ള നീക്കമാണ് ഇവിടെ നടന്നത്.
Read Also: അൺലോക്ക് 2: കൂടുതൽ വിമാനങ്ങളും ട്രെയിനുകളും, സ്കൂളുകളും കോളേജുകളും ജൂലൈ 31 വരെ തുറക്കില്ല
ധാരണകള്‍ ലംഘിക്കുന്നവര്‍ക്ക് യുഡിഎഫില്‍ തുടരാന്‍ അര്‍ഹതയില്ല എങ്കില്‍ ജോസഫ് വിഭാഗത്തെ ഒരായിരം തവണ യുഡിഎഫില്‍ നിന്നും പുറത്താക്കേണ്ടതാണ്. പാലാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനെ പുറകില്‍ നിന്ന് കുത്തിയ ജോസഫ് വിഭാഗം നേതാക്കന്മാരുടെ പ്രസ്താവനകളും പ്രവര്‍ത്തനങ്ങളും അക്കമിട്ട് പറഞ്ഞ് ഞങ്ങള്‍ യുഡിഎഫിന് പരാതി നല്‍കിയിരുന്നു. തുടര്‍ച്ചയായി ആവശ്യപ്പെട്ടിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ല. പാലാ തിരഞ്ഞെടുപ്പ് സംബന്ധിച്ച് പി.ജെ.ജോസഫ് ഇപ്പോഴും പെരും നുണ ആവര്‍ത്തിക്കുകയാണ്. Selective justice in justice എന്ന് പറയാറുണ്ട്. തങ്ങളുടെ സൗകര്യം അനുസരിച്ച് മാത്രം ധാരണകളെയും കരാറുകളെയും ഓര്‍ത്തെടുക്കുകയും മറ്റുള്ളത് മറക്കുകയും ചെയ്യുന്ന Selective Dementia ആണ് ചിലര്‍ക്ക്. ഈ തീരുമാനം രാഷ്ട്രീയ അനീതിയാണ്. ഒരു കാര്യം വ്യക്തമായി പറയാം, കെ.എം.മാണി സാര്‍ പടുത്തുയര്‍ത്തിയ കേരള കോണ്‍ഗ്രസ്സിന്റെ ആത്മാഭിമാനത്തെ ആരുടേയും മുന്നില്‍ അടിയറവ് വയ്ക്കില്ല.
പിറന്നു വീണകാലം മുതല്‍ കേരള കോണ്‍ഗ്രസ്സിനെ തകര്‍ക്കാന്‍ ഒളിഞ്ഞും തെളിഞ്ഞുമുള്ള ശ്രമങ്ങള്‍ പലരും പലപ്പോഴും നടത്തിയിട്ടുണ്ട്. അത്തരം എല്ലാ ശ്രമങ്ങളെയും അതിജീവിച്ച ചരിത്രമാണ് ഈ പാര്‍ട്ടിക്കുള്ളത്. കെ.എം.മാണി സാറിന്റെ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ച് ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച് പൊരുതി മുന്നേറും.
കെ.എം മാണി സാര്‍ കഠിനാധ്വാനത്തിലൂടെ പടുത്തുയര്‍ത്തിയ പ്രസ്ഥാനത്തെ ഹൈജാക്ക് ചെയ്യാനാണ് പി.ജെ ശ്രമിച്ചത്. അതിനുവേണ്ടി ഉയര്‍ത്തിയ ആവശ്യങ്ങളെല്ലാം അനാവശ്യങ്ങളായിരുന്നു. അത്തരം അനാവശ്യങ്ങളെ ചെറുത്തുതോല്‍പ്പിച്ചതാണ് എന്നോടുള്ള പകയുടെ അടിസ്ഥാന കാരണം. മാണിസാറിന്റെ പ്രസ്ഥാനത്തെ അപഹരിക്കാനാണ് പി.ജെ ശ്രമിച്ചത്. അതിനെ ചെറുക്കുക എന്ന രാഷ്ട്രീയ ഉത്തരവാദിത്വം നിറവേറ്റിയതുകൊണ്ടാണ് നീചമായ വേട്ടയാടലും, വ്യക്തിഹത്യയുമാണ് ഉണ്ടായതെന്നും അദ്ദേഹം എഴുതി.