കോട്ടയം: കേരള കോൺഗ്രസ് (എം) വിഭാഗീയത കൂടുതൽ രൂക്ഷമാകുന്നു. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ജോസ് വിഭാഗം രാജിവച്ചില്ലെങ്കിൽ അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് പി.ജെ.ജോസഫ് പറഞ്ഞു. രാജിവയ്‌ക്കില്ലെന്ന് തീർത്തുപറഞ്ഞ സാഹചര്യത്തിൽ അടിയന്തരമായി അവിശ്വാസപ്രമേയം കൊണ്ടുവരാനാണ് തീരുമാനമെന്ന് ജോസഫ് ചങ്ങനാശേരിയിൽ പറഞ്ഞു. കോൺഗ്രസും കേരള കോൺഗ്രസും ചേർന്നാണ് അവിശ്വാസപ്രമേയം കൊണ്ടുവരിക. ഉടൻ തന്നെ അതുണ്ടാകുമെന്നും ജോസഫ് വ്യക്തമാക്കി. അവിശ്വാസപ്രമേയം വെെകിപ്പിക്കരുതെന്നാണ് തന്റെ നിലപാടെന്നും ജോസഫ് കൂട്ടിച്ചേർത്തു.

Read Also: കേരളത്തിലെ കോവിഡ് രോഗികളുടെ എണ്ണം 4,000 കടന്നു; ഇന്നുമാത്രം 195 പേർക്ക് പോസിറ്റീവ്

അതേസമയം, ജോസ് വിഭാഗവും ജോസഫ് വിഭാഗവും പരസ്യ വിമർശനങ്ങളുമായി രംഗത്തെത്തിയതോടെ മുന്നണിക്കുള്ളിൽ പൊട്ടിത്തെറിക്കുള്ള സാധ്യതകളാണ് ഉയരുന്നത്. കോട്ടയം ജില്ലാ പ്രസിഡന്റ് സ്ഥാനം രാജിവയ്‌ക്കാൻ ജോസ് വിഭാഗത്തോട് യുഡിഎഫ് ആവശ്യപ്പെട്ടിരുന്നു. മുൻ ധാരണ പ്രകാരം ജോസ് വിഭാഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവയ്‌ക്കണമെന്നും അതിനുശേഷമാകാം മറ്റു ചർച്ചകളെന്നുമാണ് യുഡിഎഫ് നിലപാട്. എന്നാൽ, ഇത് അംഗീകരിക്കാൻ ജോസ് വിഭാഗം തയ്യാറല്ല.

Read Also: കോവിഡ്-19 ഭേദമായാലും കാത്തിരിക്കുന്നത് ദീര്‍ഘകാല ആരോഗ്യ പ്രശ്‌നങ്ങള്‍

പ്രസിഡന്റ് സ്ഥാനം രാജിവയ്‌ക്കണമെന്ന് ആവശ്യപ്പെടുന്നത് ശരിയല്ല. പി.ജെ.ജോസഫ് അണികളുടെ മനോവീര്യം കെടുത്തുകയാണെന്നും ജോസ് കെ.മാണി നേരത്തെ പറഞ്ഞിരുന്നു. പ്രസിഡന്റ് സ്ഥാനം രാജിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് കത്തുനൽകിയിട്ടുണ്ട്. ഇതിനുശേഷമാണ് ജോസ് കെ.മാണിയുടെ പ്രതികരണം. എട്ട് മാസം ജോസ് കെ.മാണി വിഭാഗത്തിനും ആറ് മാസം ജോസഫ് വിഭാഗത്തിനുമായാണ് നേരത്തെ ധാരണയുണ്ടാക്കിയത്. ധാരണ പ്രകാരമുള്ള കാര്യങ്ങൾ പാലിക്കാൻ ജോസ് കെ.മാണി വിഭാഗം ബാധ്യസ്ഥരാണെന്ന് യുഡിഎഫ് നൽകിയ കത്തിൽ പറയുന്നു. നീതി ലഭിച്ചില്ലെങ്കിൽ മുന്നണിയിൽ നിന്നു വിട്ടുനിൽക്കുന്ന കാര്യം ആലോചിക്കുമെന്നും ജോസഫ് നേരത്തെ പറഞ്ഞിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.