കോട്ടയം: കെഎം മാണിയുടെ മരണത്തിന് പിന്നാലെ കേരള കോണ്‍ഗ്രസിന്റെ നേതൃസ്ഥാനത്തേക്ക് എത്താന്‍ ജോസ് കെ മാണി-പിജെ ജോസഫ് വിഭാഗങ്ങള്‍ നീക്കങ്ങള്‍ ശക്തമാക്കുകയാണ്. ജോസ് കെ മാണിയെ ചെയര്‍മാന്‍ ആക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസിലെ ഒരു വിഭാഗം ജില്ല പ്രസിഡന്റുമാര്‍ സിഎഫ് തോമസിനെ കണ്ടു. എന്നാല്‍ കേരളാ കോണ്‍ഗ്രസില്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നത് ജില്ല പ്രസിഡന്റുമാരല്ലെന്നായിരുന്നു പിജെ ജോസഫിന്റെ മറുപടി.
പാര്‍ട്ടി നേതൃത്വം എല്ലാം തീരുമാനിക്കുമെന്നും സിഎഫ് തോമസ് ചെയര്‍മാനാകുന്നതിനെ സ്വാഗതം ചെയ്യുന്നതായും പിജെ ജോസഫ് പറഞ്ഞു. മാണി വിഭാഗത്തിലെ 10 ജില്ലാ പ്രസിഡന്റുമാരില്‍ 9 പേരാണ് സി എഫ് തോമസിനെ കണ്ടത്. ജോസ് കെ മാണിയെ ചെയര്‍മാനും സിഎഫ് തോമസിനെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവുമാക്കണെന്നുമായിരുന്നു ഇവര്‍ ആവശ്യപ്പെട്ടത്.
അതേസമയം, ജോസ് കെ മാണി ചെയര്‍മാനാകണം എന്ന ആവശ്യം പാര്‍ട്ടിയില്‍ ഉയര്‍ന്നിട്ടില്ലെന്നും ഒരു വിഭാഗത്തിന് മാത്രം എല്ലാ സ്ഥാനങ്ങളും നല്‍കണമെന്ന് ആവശ്യപ്പെടുമെന്ന് കരുതുന്നില്ലെന്നും പിജെ ജോസഫ് പറഞ്ഞു. പ്രതിച്ഛായയില്‍ വന്ന ലേഖനത്തേയും പിജെ ജോസഫ് തള്ളി.
”പ്രതിച്ഛായയിലെ ലേഖനത്തില്‍ വന്ന കാര്യങ്ങള്‍ തെറ്റാണ്. കെഎം മാണിക്കൊപ്പം താനും രാജിവെയ്ക്കണമെന്ന തീരുമാനം പാര്‍ട്ടിയിലുണ്ടായിരുന്നില്ലെന്നും പിജെ ജോസഫ് പറഞ്ഞു. അതേസമയം ചെയര്‍മാനെ തീരുമാനിക്കുന്നത് പാര്‍ട്ടി നേതൃത്വമാണെന്നും തീരുമാനം ഉടനെയുണ്ടാകുമെന്നുമായിരുന്നു ജോസ് കെ മാണിയുടെ പ്രതികരണം.